sections
MORE

32 ഇടങ്ങളിൽ നിയന്ത്രണം; ലോക്ക്ഡൗൺ അനുസരിച്ചില്ലെങ്കിൽ 2 വർഷം വരെ തടവ്

INDIA-HEALTH-VIRUS
SHARE

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പല സംസ്ഥാനങ്ങളും പൂർണമോ ഭാഗികമോ ആയ നിയന്ത്രണ നടപടികളിലേക്കു നീങ്ങുന്നു. ആകെ 32 ഇടങ്ങളിലാണ് പൂർണ ലോക്ഡൗൺ. പലയിടങ്ങളിലും വാഹനഗതാഗതം അടക്കം നിരോധിച്ചു. പഞ്ചാബിൽ കർഫ്യൂ പ്രഖ്യാപിച്ചു. കേരളത്തിലേതുപോലെ ഡൽഹി, ജാർഖണ്ഡ്, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, അരുണാചൽപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ പൂർണമായി അടച്ചിടാൻ തീരുമാനിച്ചു. മധ്യപ്രദേശ്, ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ ചില ജില്ലകൾ അടച്ചു. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തേ തന്നെ പൂർണമോ ഭാഗികമോ ആയി അടച്ചുകഴിഞ്ഞു.

അതേസമയം, ലോക്ക്ഡൗൺ കർശനമായി പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്കു കർശന നിർദേശം നൽകി. കാര്യങ്ങൾ കൈവിട്ടുപോകുമെന്നു തോന്നിയാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 270, 271 വകുപ്പുകളും ദുരന്തനിവാരണ നിയമത്തിനു കീഴിലുള്ള വ്യവസ്ഥകളും അനുസരിച്ച് നടപടികൾ എടുക്കണമെന്നാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചിരിക്കുന്നത്. ആറു മാസം മുതൽ രണ്ടു വർഷം വരെ തടവും പിഴയും ആണ് ശിക്ഷ. 

നിയന്ത്രണങ്ങൾ ഇവിടെയൊക്കെ

1. ചണ്ഡിഗഢ്

2. ഡൽഹി

3. ഗോവ

4. ജമ്മു കശ്മീർ

5. നാഗാലാൻഡ്

6. രാജസ്ഥാൻ

7. ഉത്തരാഖണ്ഡ്

8. ബംഗാൾ

9. ലഡാക്ക്

10. ജാർഖണ്ഡ്

11. അരുണാചൽ പ്രദേശ്

12. ബിഹാർ

13. ത്രിപുര

14. തെലങ്കാന

15. ഛത്തിസ്ഗഢ്

16. പഞ്ചാബ്

17. ഹിമാചൽ പ്രദേശ്

18. മഹാരാഷ്ട്ര

19. ആന്ധ്ര പ്രദേശ്

20. മേഘാലയ

21. തമിഴ്നാട്

22. കേരള

23. മണിപ്പുർ

24. ഹരിയാന

25. ദാമൻ ദിയു, ദാദ്ര, നഗർ ഹവേലി

26. പുതുച്ചേരി

27. ആൻഡമാൻ നിക്കോബാർ

28. ഗുജറാത്ത്

29. കർണാടക

30. അസം

31. മിസോറം

32. സിക്കിം

മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവർ 100 കടന്നു

മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നൂറു കടന്നു. പുണെയിൽ മൂന്നുപേർക്കും സത്താറയിൽ ഒരാൾക്കുമാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 101 ആയി. എന്നാൽ സംസ്ഥാനം പൂർണ ലോക്ക്ഡൗണിലേക്കു പോയിട്ടില്ല. ഇന്ന് മുംബൈയിൽ ഒരാൾ കൂടി മരിച്ചു.

അടച്ചിട്ട് തമിഴ്നാടും പുതുച്ചേരിയും

31 വരെ തമിഴ്നാടും പുതുച്ചേരിയും അടച്ചിടും. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ പാസ്പോർട്ട് റദ്ദാക്കാൻ തമിഴ്നാടും നടപടി തുടങ്ങി. തമിഴ്നാട്ടിൽ 38 ജില്ലകളുടെ അതിർത്തികളും 86 ചെക്ക്പോസ്റ്റുകളും അടയ്ക്കും. അവശ്യകാര്യങ്ങൾക്കായി ഒരു കുടുംബത്തിലെ ഒരാൾ മാത്രമേ പുറത്തിറങ്ങാവൂ എന്നും തമിഴ്നാട് നിർദേശിച്ചു. നാലുപേരിൽ കൂടുതൽ എവിടെയും കൂട്ടം കൂടരുതെന്നും നിർദേശമുണ്ട്. 

ഡൽഹിയും അടച്ചിട്ടു

ഡൽഹി കൂടുതൽ കടുത്ത നടപടികളിലേക്കു കടക്കുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറിയിപ്പ്. വൈറസ് വ്യാപനം തടയാൻ സർക്കാർ നടപടികൾ എടുക്കുകയാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിലവിൽ 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗണിനെത്തുടർന്ന് ഷഹീൻബാഗിലെ പ്രതിഷേധക്കാരെ സ്ഥലത്തുനിന്നു നീക്കി. ഇന്നലെ ഡൽഹിയുടെ അതിർത്തികളിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. 

വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് ബാധ ഇങ്ങനെ

രാജ്യത്ത് ഇതുവരെ 15,24,266 പേരെ വിവിധ വിമാനത്താവളങ്ങളിലായി സ്ക്രീൻ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 446 പേർക്ക് രോഗമുണ്ട്. 36 പേർക്ക് രോഗം ഭേദമായി.

English Summary : India lockdown details

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA