ADVERTISEMENT

അഡിസ് അബാബ ∙ ‘ആ കുട്ടികൾക്ക് എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല, ഏത് അജ്ഞാത ശക്തികളാണ് അവരെ തടവിൽ പാർപ്പിച്ചതെന്നു പറയാൻ എന്റെ കയ്യിൽ തെളിവുകളില്ല’– വംശീയ കലാപം രൂക്ഷമായ വടക്കൻ ഇത്യോപ്യയിലെ അംഹാര പ്രവിശ്യയിൽനിന്നു ഭീകരർ തട്ടിക്കൊണ്ടു പോയ 17 വിദ്യാർഥികളെക്കുറിച്ച് മറുപടി പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വരമിടറി. എറിട്രിയയുമായുള്ള പതിറ്റാണ്ടുകൾ നീണ്ട അതിർത്തി സംഘർഷം അവസാനിപ്പിച്ച, സമാധാന നൊബേലിൽ മുത്തമിട്ട ഇത്യോപ്യയിലെ ഏക്കാലത്തെയും കരുത്തനായ യുവപ്രധാനമന്ത്രി അബി അഹമദ് അലി പോലും നിശബ്ദനായ നിമിഷം.

ഡിസംബർ നാലിന് ഒറോമിയ മേഖലയിലെ ഡെംബിഡോലോയിൽ നിന്ന് 18 വിദ്യാർഥികളെയാണു സായുധ‌സംഘം ബന്ദികളാക്കിയത്. അസ്മിര ഷുമിയെ എന്ന പെൺകുട്ടി ഭീകരരിൽ നിന്നു രക്ഷപ്പെട്ടതോടെയാണു കൊടുംക്രൂരത പുറംലോകം അറിഞ്ഞത്. 17 പേരിൽ 13 പേർ സ്ത്രീകളാണ്. ഭീകരർ ഈ പെൺകുട്ടികളെ ആവർത്തിച്ച് ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണു പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ആറ് വിദ്യാർഥികളുടെ മാറിടം മുറിച്ചു മാറ്റിയതായും വാർത്തകളുണ്ട്. വിദ്യാർഥികളെ നിർബന്ധിച്ച് പാചകം അടക്കമുള്ള ജോലികൾ ചെയ്യിപ്പിക്കുന്നു, ക്രൂരമായ മർദനത്തിന് ഇരയാക്കുന്നു. റിപ്പോർട്ടുകൾ സർക്കാർ സ്ഥിരീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

‘ഞങ്ങളുടെ കരച്ചിൽ നിൽക്കുന്നില്ല. ഭക്ഷണം തൊണ്ടയിൽനിന്ന് ഇറങ്ങുന്നില്ല. കരഞ്ഞുകരഞ്ഞു കണ്ണീർ വറ്റിയിരിക്കുന്നു. ഓരോ നിമിഷവും അവളെ പറ്റി തന്നെയാണു ഞങ്ങളുടെ ചിന്ത. എന്തൊരു മിടുക്കിയിയായിരുന്നു അവൾ. ഒരുപാടു ത്യാഗങ്ങൾ സഹിച്ചാണു പൊന്നുമോളെ ഞാൻ വളർത്തിയെടുത്തത്. ജീവനോടെ ഉണ്ടോയെന്നു പോലും അറിയാതെ 104 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു’– മാരെ അബിബേ എന്ന അമ്മ ഉച്ചത്തിൽ നിലവിളിക്കുകയാണ്. ഒന്നാം വർഷ സാമ്പത്തിക ബിരുദ വിദ്യാർഥി ബിലയനേഷ് മെക്കോനെന്റെ തിരോധാനം ആ കുടുംബത്തെ അത്രയധികം ഉലച്ചിരിക്കുന്നു.

ഡെംബിഡോലോയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള വിജനമായ പ്രദേശത്ത് വാഹനങ്ങൾ കുറെകെയിട്ടാണു ഭീകരർ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം തടഞ്ഞത്. ഞങ്ങൾക്കു നിങ്ങളുമായി യാതൊരു തരത്തിലുള്ള വിരോധവും ഇല്ല. ഞങ്ങളുടെ സമരം സർക്കാരുമായിട്ടാണ്– ഭീകരരിലൊരാൾ ആവർത്തിച്ചു പറഞ്ഞതായി സംഘത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട വിദ്യാർഥിനി അസ്മിര ഷുമിയെ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷ വിഭാഗങ്ങളായ ഒറോമോ, അംഹാര വംശജർ തമ്മിലുള്ള വംശീയ കലാപം ഏറ്റവും രൂക്ഷമായ മേഖലയാണ് അംഹാര പ്രവിശ്യ. ഒറോമോ തീവ്രവാദികളാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയതെന്നു രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഇത്യോപ്യ ഭരണകൂടം ആ വിവരം സ്ഥിരീകരിച്ചില്ല.

അഫാൻ ഒറോമോ ഭാഷയിലാണു ഭീകരർ സംസാരിച്ചിരുന്നതെന്നു അസ്മിര ഷുമിയെ പറയുന്നു. സർക്കാരുമായി വിലപേശാൻ ഞങ്ങളെ ആയുധമാക്കരുതെന്ന് അവരുടെ കാലിൽ പിടിച്ച് യാചിച്ചിട്ടും രക്ഷയുണ്ടായില്ല. അവരുടെ ഒളിസങ്കേതത്തിലേക്കു കിലോമീറ്ററുകളോളം നടത്തിയാണു കൊണ്ടു പോയത്. പലരും അവശരായി തളർന്നു വീണു. ഒളിസങ്കേതത്തിലേക്കുള്ള വഴിമധ്യേ വിദ്യാർഥികൾ വീണതോടെ വനമധ്യത്തിൽ തമ്പടിക്കാൻ ഭീകരർ തീരുമാനിച്ചതാണ് അസ്മിരയ്ക്കു തുണയായത്. ഞൊടിയിടയ്ക്കുള്ളിൽ നഗരത്തെ ലക്ഷ്യമാക്കി ഓടുകയായിരുന്നു അവൾ. ഭീകരർ തനിക്കു പുറകെയുണ്ടോയെന്നു പോലും അവൾ ശ്രദ്ധിച്ചില്ല, അതിജീവനമായിരുന്നു ലക്ഷ്യം.

വനത്തിൽ കുടുങ്ങി പട്ടിണി കിടന്നു മരിക്കേണ്ടി വരുമോയെന്നു ഭയപ്പെട്ടു. വന്യമൃഗങ്ങൾക്കു ഇരയാകുമോ എന്നു പോലും ശങ്കിച്ചു. പ്രായമായ ഒരു മനുഷ്യനെ കണ്ടുമുട്ടിയതാണു രക്ഷയായത്. നഗരത്തെയും വനത്തെയും ബന്ധിപ്പിക്കുന്ന പാതയോരത്ത് അഭയമൊരുക്കിയത് അയാളായിരുന്നു. കുറച്ചധികം നേരത്തെ ശ്രമങ്ങൾക്കു ശേഷം ലഭിച്ച ഒരു വാഹനത്തിൽ അവളെ കയറ്റിവിട്ടു. തട്ടിക്കൊണ്ടു പോയതിന്റെ മൂന്നാംനാൾ വരെ മകൻ തന്നെ ഫോണിൽ വിളിച്ചിരുന്നതായി ഹബെറ്റെ ഡഗ്ന്യൂ എന്ന വിദ്യാർഥിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. തട്ടിക്കൊണ്ടു പോയവരുടെ ഫോണിൽ നിന്നാകാം അവൻ വിളിച്ചത്.‌

നിർഭൗഗ്യവശാൽ ആ ഫോൺ നമ്പർ പിന്തുടരാൻ പൊലീസിനു കഴിഞ്ഞുമില്ല. അവനു വേണ്ടി ചെരുവിരൽ അനക്കാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന ദുഃഖമാണ് ബാക്കി. അവനു മുൻപേ ഞാൻ മരിക്കണമെന്ന ചിന്ത മാത്രമേ ഇപ്പോൾ എനിക്കുള്ളൂ, ഡഗ്ന്യൂവിന്റെ പിതാവ് ഗ്രിമ ഹബെറ്റ പറയുന്നു. ഇത്യോപ്യൻ സർക്കാർ വിദ്യാർഥികളുടെ മാതാപിതാക്കളെ നേരിൽ കണ്ടു അവരെ ഉടൻ തന്നെ രക്ഷപ്പെടുത്തുമെന്നു വാക്കു നൽകിയെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കുട്ടികളെ തട്ടിക്കൊണ്ടു പോയശേഷം ഒരു മാസമെടുത്തു ആ വിവരം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തന്നെ. സർക്കാരുമായുള്ള പോരാട്ടത്തിൽ എന്തിനു വിദ്യാർഥികളെ കരുവാക്കണമെന്നാണു ബന്ധുക്കൾ ഉയർത്തുന്ന ചോദ്യം.

pm-abiy-ahmed
പ്രധാനമന്ത്രി അബി അഹമദ് അലി

വംശീയ കലാപങ്ങളാണു കുട്ടികളുടെ തിരോധാനത്തിനു പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് അംഹാര പ്രവിശ്യയിലാണ് ഒറോമോ, അംഹാര വംശജരർ തമ്മിലുള്ള വംശീയ സംഘർഷം രൂക്ഷം. വംശീയ കലാപത്തിൽ സർക്കാർ അംഹാര വംശജരുടെ കൂടെയാണെന്ന പരാതി ഒറോമോ വംശജർ കാലങ്ങളായി ഉയർത്തുന്നതാണ്. ഇത്യോപ്യയിൽ നിലനിൽക്കുന്ന 80 ഓളം വംശീയ വിഭാഗത്തിൽ ഏറ്റവും പ്രപല വിഭാഗമാണ് ഒറോമോ. ഇത്യോപ്യയുടെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഇവരാണ്. ജാൽ മാരോ എന്ന പേരിൽ അറിയപ്പെടുന്ന കൊടുംകുറ്റവാളി കുമ്സ ഡിറിബ നേതൃത്വം നൽകുന്ന ഒറോമോ വിമതരാണ് വിദ്യാർഥികളുടെ തിരോധാനത്തിനു പിന്നിലെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

കുപ്രസിദ്ധമായ ഒറോമോ തീവ്രവാദ ഗ്രൂപ്പായ ഷീനെ, ഒറോമോ ലിബ്രേഷൻ ഫ്രണ്ട് തുടങ്ങിയവയുടെ പേരുകളും പ്രതിപക്ഷ കക്ഷികൾ ഉയർത്തുണ്ടെങ്കിലും സർക്കാർ മൗനം പാലിക്കുകയാണ്. ഇത്യോപ്യൻ സർക്കാരിന്റെ മൗനത്തിനെതിരെ വൻപ്രക്ഷോഭമാണ് രാജ്യമെമ്പാടും നടക്കുന്നത്. #BringBackOurStudents, #BringBackOurGirls എന്ന ഹാഷ്ഗാടിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറയുന്നു. ഐക്യരാഷ്ട്ര ഏജൻസികൾ, രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ എന്നിവർ വിഷയത്തിൽ ഇടപെടണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.

ഭീകരർ തട്ടിക്കൊണ്ടു പോയ കുട്ടികളുടെ എണ്ണത്തിൽ പോലും സർക്കാരിന് അവ്യക്തതയുണ്ടെന്നാണ് ആരോപണം. ജനുവരി ആറിന് ഇത്യോപ്യയിൽ ക്രിസ്മസ് ദിനത്തിന്റെ തലേന്നാണ് അംഹാരയിലെ പ്രാദേശിക ഭരണകൂടം വിഷയത്തെ കുറിച്ച് ഔദ്യോഗികമായി സംസാരിക്കാൻ തയാറായത്. 18 കുട്ടികളെ തട്ടിക്കൊണ്ടു പോയതായി പ്രാദേശിക ഭരണകൂടം സമ്മതിച്ചതിന്റെ അഞ്ചാംനാൾ പ്രധാനന്ത്രിയുടെ ഓഫിസ് തട്ടിക്കൊണ്ടു പോയത് 21 വിദ്യാർഥികളെയാണെന്നും 6 പേരെ ഒഴിച്ച് ബാക്കിയുള്ളവരെ മോചിപ്പിച്ചുവെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞത് ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്തു.

English Summary: Kidnapping of students sparks anti-government protests in Ethiopia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com