ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തവരുണ്ടെന്നും കൊറോണക്കാലത്തും അവർക്ക് കൃത്യമായി ഭക്ഷണം ലഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. കമ്മ്യൂണിറ്റി കിച്ചൺ ഇതിനായി ഉണ്ടാക്കും. എത്രപേർക്കാണ് ഭക്ഷണം ഈ രീതിയിൽ എത്തിക്കേണ്ടതെന്ന കണക്ക് തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കണം. പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ നമ്പർ നല്‍കും. ആ നമ്പരിൽ വിളിച്ചു പറഞ്ഞാൽ ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇതിനുള്ള പാചകക്കാരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം. വിതരണക്കാരെ അതതു സ്ഥലത്തെ പ്രായോഗികതയ്ക്ക് അനുസരിച്ചു നിയമിക്കണം. വിതരണക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഒരാളും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുത്. മുൻഗണനാ ലിസ്റ്റിൽ ഉള്ളവർക്ക് നേരത്തേ കൊടുക്കുന്ന അരി ലഭിക്കും. മുൻഗണനാ ലിസ്റ്റിൽ ഇല്ലാത്തവർക്ക് 15 കിലോ അരി നൽകും. പലവ്യജ്ഞന കിറ്റും എല്ലാവർക്കും നൽകും. ഇതു തയാറാക്കാൻ പ്രയാസമുണ്ട്. അതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഇതിനായി വ്യാപാരികളുടെ സഹകരണം തേടും. ഏതെങ്കിലും സംഘടന നിറം കാണിക്കാനുള്ള അവസരമായി ഇതിനെ കാണരുതെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ബവ്റിജസ് ഷോപ്പുകളും കള്ളുഷാപ്പുകളും അടച്ചിടും. എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികൾ കർശനമാക്കുന്നതിനുള്ള ഓർഡിനൻസാണിത്. ഇതിനു ഗവർണറുടെ അനുമതി തേടും. പൊതു ഇടങ്ങളിലെ ചടങ്ങുകൾ നിയന്ത്രിക്കുന്നതിൽ കൂടുതൽ അധികാരം സർക്കാരിനു നൽകുന്നതാണ് ഓർഡിനന്‍സെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതനുസരിച്ച് സംസ്ഥാന അതിർത്തികൾ സർക്കാരിനു അടച്ചിടാം.

പൊതു–സ്വകാര്യ ട്രാൻസ്പോർട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താം. സാമൂഹ്യ നിയന്ത്രണത്തിനു മാനദണ്ഡങ്ങൾ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആൾക്കൂട്ടം നിയന്ത്രിക്കാം, നിരോധിക്കാം. സാനിറ്റൈസറും 8 വിഭാഗം മരുന്നുകളും വാങ്ങാൻ ടെണ്ടർ വിളിക്കുന്നതിനു ഡ്രഗ്സ് ആൻറ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിനു ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com