ADVERTISEMENT

വുഹാൻ∙ അതിവേഗം പടര്‍ന്നു പിടിക്കുന്ന കൊറോണയെന്ന മഹാമാരിയെ നിയന്ത്രിക്കാനാവാതെ ലോകരാജ്യങ്ങള്‍ പകച്ചുനില്‍ക്കുമ്പോള്‍ ഏറെക്കുറെ രോഗവിമുക്തി നേടിയ ചൈന തിരിച്ചുവരവിന്റെ പാതയില്‍. ലോക്ക്ഡൗണുകള്‍ അവസാനിപ്പിച്ച് ചില ഫാക്ടറികള്‍ ഉത്പാദനം ആരംഭിക്കുകയും ചില വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കുകയും ചെയ്തുകഴിഞ്ഞു. യൂറോപ്പും അമേരിക്കയും ഇന്ത്യയും ലാറ്റിനമേരിക്കയും കൊറോണ വ്യാപനത്തിന്റെ ആശങ്കയില്‍ കഴിയുമ്പോഴാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന തരിച്ചുവരവിനു ശ്രമിക്കുന്നത്.

തൊഴിലാളികള്‍ വീണ്ടും ഫാക്ടറികളിലേക്കു മടങ്ങിത്തുടങ്ങി. ചെറിയതോതില്‍ ഉത്പാദനം ആരംഭിക്കുന്നു. കൊറോണ വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ പോലും അടുത്തു തന്നെ അടച്ചിടല്‍ അവസാനിപ്പിക്കും. സബ്‌വേ ട്രാഫിക്കില്‍ 21% വര്‍ധനവുണ്ടായി. ഓണ്‍ലൈന്‍ വ്യാപരവും മെച്ചപ്പെട്ട നിലയിലേക്കു തിരിച്ചെത്തി തുടങ്ങി. ജനുവരി അവസാനത്തോടെ രോഗം പടര്‍ന്നതിനെ തുടര്‍ന്ന് ചൈനയുടെ ഭൂരിഭാഗം മേഖലയും അടച്ചുപൂട്ടിയിരുന്നു.

ബെയ്ജിങ്ങിലെ മൃഗശാലയും വന്‍മതിലിന്റെ ചില ഭാഗങ്ങളും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. മാസ്‌ക് ധരിച്ചാണ് സന്ദര്‍ശകര്‍ എത്തുന്നത്. ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ശരീരതാപനില പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച മുതല്‍ ഹുബെ പ്രവിശ്യയില്‍ സഞ്ചാരവിലക്ക് പിന്‍വലിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വുഹാനില്‍ മാത്രം ഏപ്രില്‍ എട്ടുവരെ ലോക്ഡൗണ്‍ നീളും. തെരുവുകള്‍ വീണ്ടും സജീവമായിത്തുടങ്ങി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നത് ഏറെ ശുഭസൂചകമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 80,000ത്തില്‍ അധികം പേര്‍ക്കാണ് ചൈനയില്‍ കൊറോണ ബാധിച്ചത്. 3,281 പേര്‍ മരിച്ചു. 73,277 പേര്‍ക്ക് രോഗം ഭേദമായി.

അതേസമയം ഇറ്റിയില്‍ 63,000ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയെ അപേക്ഷിച്ച് ഇരട്ടിയാളുകള്‍ മരിച്ചു. ചൈനയില്‍ ഒരുലക്ഷത്തില്‍ ആറു പേര്‍ക്കു രോഗം ബാധിച്ചപ്പോള്‍ ഇറ്റലിയില്‍ നിരക്ക് 98 ആണ്.

English Summary: Life in China slowly returning to normal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com