sections
MORE

വിപ്ലവ വാർഷികവും തിരഞ്ഞെടുപ്പും; കൊറോണ തകർത്ത ഇറാന്റെ മുൻഗണനകൾ

uae-iran-help3
SHARE

നിരന്തര സമ്പർക്കമുള്ള രാജ്യമായ ചൈനയിൽ പകർച്ചവ്യാധി പടരുമ്പോഴും അതിലെ ദുരന്തസൂചനയും വ്യാപ്തിയും മനസ്സിലാക്കാതെ പോയതിന്റെ പരിണിത ഫലവുമായാണ് ഇന്ന് ഇറാൻ ലോകത്തെ നോക്കുന്നത്. നിരന്തരമായ നിഷേധങ്ങൾ, മനപ്പൂർവം കാണാതെ പോയ സൂചനകൾ, തിരിച്ചറിഞ്ഞിട്ടും വ്യാപ്തി മനസ്സിലാക്കാനാകാതെ പോയത്... ഇന്നത്തെ ഇറാന്റെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിക്കാം. ആവശ്യമായ മുൻകരുതലുകളെടുക്കാതെ ആരോപണങ്ങൾ യുഎസിനു മേൽ ചാർത്തി കൊറോണ വൈറസ് വ്യാപനത്തെ തള്ളിക്കളയുകയായിരുന്നു ഇറാൻ ഇതുവരെ ചെയ്തിരുന്നത്. 

ക്വാറന്റീൻ ശിലായുഗത്തിലെ കാര്യം

കൊറോണ വൈറസിനെ നേരിടാനുള്ള ഇറാന്റെ സംഘത്തിന്റെ തലവൻ ഇറാജ് ഹരിർച്ചി ഫെബ്രുവരിയിലെ ഒരു ദിവസം മാധ്യമങ്ങൾക്കു മുൻപിലെത്തി. കടുത്ത ചുമ, നല്ല പോലെ വിയർക്കുന്നുമുണ്ട്. കൊറോണ പ്രതിരോധ നടപടികളെക്കുറിച്ചു ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോട് ആത്മവിശ്വാസത്തോടെ പറഞ്ഞു - ക്വാറന്റീൻ എന്നത് ശിലായുഗത്തിലെ കാര്യമാണ്. രാജ്യത്തിനു നേർക്ക് ഒരു ആപത്തുമില്ല! പിറ്റേന്ന് ഹരിർച്ചിയും ക്വാറന്റീനിലേക്കു പോയി.

ഇറാനിൽ എന്താണ് സംഭവിക്കുന്നതെന്നതിന്റെ ചെറിയൊരു സൂചനയാണ് ഹരിർച്ചിയുടെ അവസ്ഥ. മധ്യപൂർവ ദേശത്തുനിന്നു വരുന്ന 10 കോവിഡ്-19 കേസുകളിൽ 9 എണ്ണവും ഇറാനിലേതാണ്. ഇതുവരെ 27,017ൽ പരം ആളുകൾക്ക് രോഗബാധയുണ്ടായിട്ടുണ്ട്. 2077 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ചവർ ഭൂരിഭാഗവും രക്ഷപ്പെടുന്നുണ്ടെങ്കിലും വൈറസിന്റെ വ്യാപനം വളരെ ഗുരുതരമായ അവസ്ഥയിലാണ്. ഇനിയും രാജ്യത്ത് പലയിടങ്ങളിലെയും രോഗബാധ പുറത്തുവന്നിട്ടില്ലെന്നാണ് സൂചന. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഔദ്യോഗിക മാധ്യമങ്ങളിൽ വരുന്നതുമാത്രമാണ് ഇപ്പോൾ വിശ്വസിക്കാനാകുക.

മധ്യപൂർവദേശത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉള്ള സ്ഥലമാണ് ഇറാൻ. എന്നാൽ ഇന്ന് ആശുപത്രികളിൽ നിന്നുതിരിയാനുള്ള സ്ഥലം പോലും ലഭിക്കുന്നില്ല. 172 ദശലക്ഷം മാസ്കുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നു. മാത്രമല്ല, കൊറോണയെ നേരിടാൻ രാജ്യാന്തര നാണയ നിധിയിൽനിന്ന് 500 ബില്യൻ യുഎസ് ഡോളറാണ് വായ്പയായി ഇറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 1962നു ശേഷം ആദ്യമായാണ് ഇത്രയും വലിയ തുക ഇറാൻ വായ്പയായി വാങ്ങുന്നത്. എത്രവലിയ തകർച്ചയാണ് ഇറാന് കൊറോണ വൈറസ് നൽകിയിരിക്കുന്നതെന്ന് ഇതിൽനിന്നു വ്യക്തം.

1979 ലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ 41-ാം വാർഷികത്തിന്റെ സമയത്താണ് വൈറസ് വ്യാപനം സംഭവിച്ചത്. വിപ്ലവത്തെ സ്മരിച്ചുള്ള യോഗങ്ങളും പ്രകടനങ്ങളും യഥേഷ്ടം നടന്നു. ആദ്യം ഉണ്ടായ വൈറസ് ബാധയെ മൂടിവയ്ക്കാൻ ശ്രമിച്ചതും വിനയായി. ജനങ്ങൾ കൂട്ടംകൂടുന്നതു തടയാനായില്ല. തൊട്ടുപിന്നാലെ പാർലമെന്റ് തിരഞ്ഞെടുപ്പും നടന്നു. വൈറസിന് വ്യാപിക്കാൻ ഇതിലും അനുകൂലമായൊരു അന്തരീക്ഷം ലഭിക്കാനില്ലായിരുന്നു. ഖാസിം സുലൈമാനിയുടെ വധവും അതിനു നൽകിയ തിരിച്ചടികളും വോട്ടാക്കി മാറ്റാനുള്ള സർക്കാരിന്റെ തത്രപ്പാടിനിടയിൽ വൈറസ് ബാധ ശ്രദ്ധിച്ചില്ലെന്നതാണ് സത്യം.

പേഷ്യന്റ് സീറോ ആര് ?

രാജ്യത്ത് കൊറോണ വൈറസ് ആദ്യമായി എത്തിച്ചത് ആരാണെന്നതിൽ വ്യക്തതയില്ല. പക്ഷേ, ഗോം, (Qom) പ്രവിശ്യയിലാണ് ആദ്യമായി രോഗം ബാധിച്ചത്. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 125 കിലോമീറ്റർ അകലെയാണ് ഗോം. ഷിയ മതപുരോഹിതന്മാർക്ക് ശക്തമായ അടിത്തറയുള്ള മേഖല. വ്യാപാര വ്യവസായ സമൂഹമുള്ളതിനാൽ ഒരുപക്ഷേ, ചൈനയിൽനിന്ന് ഇറാനിലെത്തിയ വ്യവസായിയിൽനിന്നാകാം രോഗമെത്തിയതെന്ന അനുമാനത്തിലാണ് അധികൃതർ. മാത്രമല്ല, ഗോമിലെ സെമിനാരികളിൽ നിരവധി ചൈനീസ് വിദ്യാർഥികൾ പഠിക്കുന്നുമുണ്ട്. മേഖലയിൽ ചൈനീസ് കമ്പനി സ്ഥാപിച്ച 2.7 ബില്യൻ യുഎസ് ഡോളറിന്റെ ഹൈസ്പീഡ് ട്രെയിൻ റൂട്ടുമുണ്ട്. 

കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്നു മനസ്സിലാക്കിയ ചൈന ജനുവരിയിൽത്തന്നെ വൈറസ് ബാധയുണ്ടായ പ്രദേശങ്ങൾ ലോക്ക്ഡൗൺ ചെയ്തിരുന്നു. എന്നാൽ അതിർത്തിക്കപ്പുറത്തെ പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള നടപടികളെടുക്കാൻ ഇറാൻ അപ്പോഴും ശ്രമിച്ചില്ല. ഇരു രാജ്യങ്ങൾക്കുമിടയിൽ ജനങ്ങളുടെ യാത്രകൾ തുടർന്നുകൊണ്ടേയിരുന്നു.

ഇറാനിലെ ആദ്യ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തത് ഫെബ്രുവരി 19നാണ്. ഗോമിലെ രണ്ടുപേരുടെ മരണമായിരുന്നു അത്. ഫെബ്രുവരി ആദ്യംതന്നെ ഇരുവർക്കും രോഗം പിടിപെട്ടിരിക്കണം. ഫെബ്രുവരി 21ലെ തിരഞ്ഞെടുപ്പ് മുൻനിശ്ചയപ്രകാരം നടന്നു. എന്നാൽ പങ്കാളിത്തം കുറവായിരുന്നു. 

ഗോമിൽ ഷിയ വിഭാഗക്കാരുടെ വിശുദ്ധ സ്ഥലമായി കണക്കാക്കുന്ന ഫാത്തിമ മസുമെ പീഠത്തിൽ 24 മണിക്കൂറും ആളുകൾ എത്തിയിരുന്നു. ആഴ്ചയിൽ ഏഴു ദിവസവും അവിടെ നല്ല തിരക്കാണ്. തീർഥാടകർ പീഠത്തിൽ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുക പതിവാണ്. മറ്റു രാജ്യങ്ങളിൽ ഇത്തരം തീർഥാടക കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ് ഒരു നിയന്ത്രണവുമില്ലാതെ ഗോമിലെ പീഠത്തിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയത്. 

വൈറസ് ബാധിച്ചയാൾ അവിടെയെത്തിയിട്ടുണ്ടെങ്കിൽ എത്രയോ ആയിരം ജനങ്ങളിലേക്കാണ് അവിടെനിന്ന് രോഗം പടർന്നിരിക്കുകയെന്ന് വാഷിങ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നിയർ- ഈസ്റ്റ് പോളിസിയിലെ അനലിസ്റ്റും ഗോമിൽ പരിശീലനം ലഭിച്ച ഷിയ തിയോളജിസ്റ്റുമായ മെഹ്ദി ഖലാജി അഭിപ്രായപ്പെട്ടു. സ്ഥിതി ഗുരുതരമായപ്പോൾ പ്രദേശം സാനിറ്റൈസ് ചെയ്തു. എന്നാൽ അപ്പോഴേക്കും വൈറസ് പടർന്നിരുന്നു.

വൈറസ്ബാധയുടെ തുടക്കത്തിലുണ്ടായ നിഷേധിക്കലുകളുടെ ശക്തി ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞുവരുന്ന കാഴ്ചയാണ് പിന്നീട് ഇറാൻ കണ്ടത്. ഫ്ലൂ ആണെന്നു കരുതി ലഘുവായി ചിന്തിച്ചതാണ് പിന്നീട് കൊറോണ വൈറസ് പടരാൻ കാരണമായതെന്ന് ആരോഗ്യ ഉപമന്ത്രി റെസ്സ മാലെക്സാദഹ് പിന്നീട് സമ്മതിച്ചിരുന്നു. യുഎസിന്റെ ഉപരോധങ്ങൾ മൂലം തളർന്നുപോയ ഇറാന് ഒടുവിൽ ഐഎംഎഫിനു മുന്നിൽ വായ്പ ചോദിക്കേണ്ട അവസ്ഥയുമെത്തി.

Content Highlight: Coronavirus in Iran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA