sections
MORE

കർണാടകയിൽ രോഗബാധിതർ 51; ‘ക്വാറന്റീൻ‌ വീടുകള്‍’ പരസ്യമാക്കി സർക്കാർ

corona-health
SHARE

ബെംഗളൂരു∙ കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 51 ആയി ഉയർന്നു. 10 പേർക്കു കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ബെംഗളൂരുവിൽ മാത്രം ചികിത്സയിലുള്ള കോവിഡ് ബാധിതർ 32. കലബുറഗി-3, കുടക്-1, ചിക്കബെല്ലാപുര-3, മൈസൂരു- 2, ധാർവാഡ്-1, ദക്ഷിണ കന്നഡ-5, ഉത്തര കന്നഡ-2, ദാവനഗെരെ-1, ഉഡുപ്പി-1 എന്നിങ്ങനെയാണു മറ്റു കണക്കുകൾ.

ദാവനഗെരെ എംപിയുടെ ‌മകൾക്കും രോഗം

ദാവനഗെരെയിൽ നിന്നുള്ള ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായി ജി.എം. സിദ്ധേശ്വരയുടെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. യുഎസിലെ ഫ്രഞ്ച് ഗയാനയിൽ നിന്നു ന്യൂയോർക്ക്, ഡൽഹി വഴി 20ന് ബെംഗളൂരുവിലെത്തുകയായിരുന്നു. ചിത്രദുർഗ സ്വദേശിനിയായ ഇവർക്കൊപ്പമുണ്ടായിരുന്ന 2 മക്കളുടെ സ്രവ പരിശോധനാ റിപ്പോർട്ട് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ചിത്രദുർഗ കലക്ടർ വിനോദപ്രിയ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരിൽ 2 ബാലികമാരും

∙ നേരത്തേ രോഗം സ്ഥിരീകരിച്ച ബെംഗളൂരു സ്വദേശിയുടെ മക്കളായ 7,9 വയസ് പ്രായമുള്ള ബാലികമാർക്കു രോഗം സ്ഥിരീകരിച്ചു. 

∙ ബെംഗളൂരു സ്വദേശികളായ ദമ്പതികൾ (63, 59 വയസുപ്രായം) ബ്രസീലിൽ നിന്ന് 19ന് ബെംഗളൂരുവിലെത്തി.

∙ ബെംഗളൂരു സ്വദേശികളായ 26 വയസുള്ള 2 യുവാക്കൾ. ഇവർ സ്പെയിനിൽ നിന്നു ദുബായ് വഴി 14നാണ് ബെംഗളൂരുവിൽ എത്തിയത്. 

∙ ബെംഗളൂരു സ്വദേശികളായ ദമ്പതികൾ.  ഇവർ ഏതൻസ്, ലണ്ടൻ വഴി 18ന് ബെംഗളൂരുവിലെത്തി. 

∙ഉഡുപ്പി സ്വദേശി യുവാവ് (34). ദൂബായിൽ നിന്ന് 18ന് മംഗളൂരുവിലെത്തി. 

മരണകാരണം സ്ഥിരീകരിച്ചില്ല

∙ കോവിഡ് സംശയമുള്ള ആന്ധ്രപ്രദേശ് ഹിന്ദ്പൂരിൽ നിന്നുള്ള 75 വയസുകാരി ബെംഗളൂരു ബൗറിങ് ആശുപത്രിയിൽ മരിച്ചു. സൗദി തീർഥാടനം കഴിഞ്ഞെത്തിയ ഇവർ ചിക്കബെല്ലാപുര ഗൗരിബിദന്നൂരിൽ കോവിഡ് ബാധിതനായ ബന്ധുവിന്റെ വീടു സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്നു നിരീക്ഷണത്തിലായി. കടുത്ത പ്രമേഹരോഗിയായ ഇവരെ നെഞ്ചുവേദനയെ തുടർന്നു ചിക്കബെല്ലാപുര ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് ചൊവ്വാഴ്ച ബെംഗളൂരുവിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിലും തുടർന്ന് ബൗറിങ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഇവരുടെ മരണ കാരണം ആരോഗ്യ വകുപ്പ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

നിരീക്ഷണ വീടുകളുടെ വിവരം പുറത്തുവിട്ടു

∙ ബെംഗളൂരുവിലെ വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ട 14000 വീടുകളുടെ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് കർണാടക സർക്കാർ. വ്യക്തിപരമായ വിവരങ്ങൾ പരസ്യപ്പെടുത്തിയ നടപടി സ്വകാര്യതയുടെ ലംഘനമെന്ന് ആരോപിച്ച് ഇവരിൽ ചിലർ രംഗത്ത്. ക്വാറന്റീൻ ചെയ്ത വീടുകളുടെ വിലാസം, വീട്ടുകാർ വിദേശത്തു നിന്നെത്തിയ ദിവസം തുടങ്ങിയവയാണ് സർക്കാർ പരസ്യപ്പെടുത്തിയത്. ഈ വീട്ടുകാർ പുറത്തിറങ്ങി രോഗവ്യാപനത്തിന് ഇടയാക്കരുതെന്ന ലക്ഷ്യത്തോടെ മനപൂർവം പുറത്തുവിട്ടതാണെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നു. ഇതിനെ സ്വഗതം ചെയ്തും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഏറെ.

അടച്ചൂപൂട്ടലിൽ മങ്ങി ഉഗാദി

നിരത്തുകളും വാണിജ്യയിടങ്ങളും ഒഴിഞ്ഞു കിടക്കുന്ന ബെംഗളൂരുവിൽ നിറം മങ്ങി കന്നഡ പുതുവർഷ പിറവിയായ ഉഗാദി. കർണാടകയ്ക്കു പുറമെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഉഗാദി വലിയ ആഘോഷദിനമാണ്. രാജ്യമൊട്ടുക്ക് അടച്ചുപൂട്ടിയതോടെ, അവശ്യസാധനങ്ങൾ വാങ്ങാനല്ലാതെ ആരും പുറത്തിറങ്ങിയിരുന്നില്ല. ചട്ടം ലംഘിച്ച് റോഡിൽ ഇറങ്ങിയവരെ പൊലീസ് തടഞ്ഞു പിന്തിരിപ്പിച്ചു.

English Summary: Covid 19 cases at Karnataka

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA