ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിൽ മരുന്നുലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര തീരുമാനം. നിലവിൽ വാക്സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയാണു കോവിഡ്. മലേറിയ ഒഴിവാക്കാനും ചികിത്സിക്കാനും ഉപയോഗിച്ചിരുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന ‘അദ്ഭുതമരുന്ന്’ കോവിഡിനും ഫലപ്രദമാണെന്നു കഴിഞ്ഞദിവസം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് അറിയിച്ചിരുന്നു.

വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ബുധനാഴ്ചയാണു ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റുമതി നിരോധിച്ച് വിജ്ഞാപനമിറക്കിയത്. ഹൈഡ്രോക്സി ക്ലോറോക്വിനു രോഗം ഭേദമാക്കാൻ ശേഷിയുണ്ടെന്ന പ്രതീക്ഷ നേരത്തേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ചിരുന്നു. ഐസിഎംആർ ഇക്കാര്യം ശരിവച്ചതോടെ പലരാജ്യങ്ങളിലും മരുന്നിന്റെ ആവശ്യവും കയറ്റുമതിയും കൂടി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മരുന്നിന് രാജ്യത്തിനകത്ത് ആവശ്യം കൂടുമെന്നതു കണക്കിലെടുത്താണു തീരുമാനം.

കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്നവർ, വീട്ടിൽ ക്വാറന്റീൻ ചെയ്യപ്പെട്ട രോഗികളുമായി ഇടപഴകിയവർ എന്നിവർക്കാണു മരുന്നു നൽകുക. ഐസിഎംആർ നിയോഗിച്ച കർമസമിതി, വൈറസ് ബാധയ്ക്ക് ഏറെ സാധ്യതയുള്ള വിഭാഗമെന്ന ഗണപ്പെടുത്തിൽപ്പെടുത്തിയാണ് ഇവരെ ശുപാർശ ചെയ്തത്. സാർസ് രോഗത്തിനെതിരെ ഉപയോഗിച്ചു ഫലം ചെയ്തതിന്റെ മുന്നനുഭവവും നിലവിലെ ലബോറട്ടറി പഠനങ്ങൾ നൽകിയ ആത്മവിശ്വാസവുമാണു മരുന്നിനു പച്ചക്കൊടി കാട്ടാൻ ഐസിഎംആറിനെ പ്രേരിപ്പിച്ചത്.

കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരാണെങ്കിൽ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം വീതം, ശേഷം ആഴ്ചയിൽ ഒരു തവണ 400 മില്ലിഗ്രാം വീതം തുടർച്ചയായി ഏഴാഴ്ചകളിൽ. വീട്ടിൽ ക്വാറന്റീനിലുള്ള കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകുന്നവരാണെങ്കിൽ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം, ശേഷം, ആഴ്ചയിൽ ഒരുതവണ 400 മില്ലിഗ്രാം വീതം തുടർച്ചയായ മൂന്നാഴ്ചകളിൽ (ഉച്ചഭക്ഷണത്തോടൊപ്പം) ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കാമെന്നായിരുന്നു ഐസിഎംആർ വ്യക്തമാക്കിയത്.

English Summary: Coronavirus Outbreak: India Bans Export of Anti-Malarial Wonder Drug Hydroxychloroquine as Demand Soars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com