ADVERTISEMENT

വാഷിങ്ടന്‍∙ മഹാമാരിയായി പടര്‍ന്നുപിടിക്കുന്ന കോവിഡ്-19 ചെറുക്കാന്‍ നിര്‍ണായകമായ ചികിത്സാ സമ്പ്രദായം പരീക്ഷിക്കാന്‍ ഒരുങ്ങി അമേരിക്കന്‍ ഡോക്ടര്‍മാര്‍. രോഗം ഭേദമായ ആളുകളില്‍നിന്നുള്ള രക്തം ശേഖരിച്ച് രോഗബാധിതര്‍ക്കു നല്‍കാനുള്ള ഒരുക്കത്തിലാണ് യുഎസ് ആശുപത്രികള്‍. ഇതിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ (എഫ്ഡിഎ)നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണിവര്‍. ഉടന്‍ തന്നെ അനുമതി നല്‍കുമെന്നാണു സൂചന. രോഗവിമുക്തി നേടിയവരില്‍നിന്നുള്ള പ്ലാസ്മ നല്‍കാന്‍ എഫ്ഡിഎ അനുമതി നല്‍കിയിട്ടുണ്ട്. ഇതുപയോഗിച്ച് കോവിഡ് രോഗികള്‍ക്കു ചികിത്സ ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. 

ആധുനിക വാക്‌സിനുകള്‍ കണ്ടെത്തുന്നതിനു മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന കണ്‍വാലസെന്റ് പ്ലാസ്മ എന്ന സമ്പ്രദായമാണിത്. 1918ല്‍ ഫ്ലു പടര്‍ന്നുപിടിച്ചപ്പോള്‍ ചികിത്സയ്ക്കായി ഇതുപയോഗിച്ചിരുന്നു. 2002ല്‍ സാര്‍സ് വൈറസിനെതിരെ ചൈന ഈ രീതി ഫലപ്രദമായി ഉപയോഗിച്ചിരുന്നു. 

കോവിഡ് രോഗികളെ ചികിത്സിക്കാനായി ഏതു രീതി അവലംബിക്കാനും അനുമതി തേടാന്‍ ഡോക്ടര്‍മാരെ അനുവദിക്കുന്ന അടിയന്തര പ്രോട്ടോക്കോളിന് എഫ്ഡിഎ അംഗീകാരം നല്‍കിയിരുന്നു. രോഗവിമുക്തി നേടിയവരില്‍നിന്നുള്ള രക്തം ശേഖരിച്ച് രോഗികള്‍ക്ക് മരുന്നായും രോഗം ബാധിക്കാന്‍ ഇടയുള്ളവര്‍ക്ക് വാക്‌സിന്റെ രൂപത്തില്‍ താല്‍ക്കാലിക സംരക്ഷണം നല്‍കാനും ഉപയോഗിക്കാനാണ് യുഎസ് ഡോക്ടര്‍മാര്‍ ഒരുങ്ങുന്നത്. ഇതു ഫലപ്രദമാകുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നാല്‍ പരമ്പരാഗത അറിവുകളും തെളിവുകളും ധൈര്യം പകരുന്നതാണെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഡോ. അര്‍ട്ടുറോ കസെഡെവല്‍ പറഞ്ഞു.

ഒരാള്‍ക്ക് ഒരു വൈറസ് ബാധയുണ്ടായാല്‍ ശരീരം സ്വാഭാവികമായി അതിനെ ചെറുക്കാന്‍ പ്രത്യേക സ്വഭാവമുള്ള പ്രോട്ടീനുകളും ആന്റിബോഡികളും ഉല്‍പാദിപ്പിക്കും. ഇയാള്‍ക്കു രോഗം ഭേദപ്പെട്ടാല്‍ ആ ആന്റിബോഡികള്‍ അയാളുടെ രക്തത്തില്‍ ഏറെ നാള്‍ ഉണ്ടാകും, പ്രത്യേകിച്ച് പ്ലാസ്മയില്‍. ഇത്തരത്തില്‍ ആന്റിബോഡി നിറഞ്ഞ രക്തം രോഗിക്കു നല്‍കുമ്പോള്‍ അവരുടെ ശരീരം വൈറസിനെ ചെറുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ അത് ഉത്തേജിപ്പിക്കുമെന്നാണു കരുതുന്നത്. എഫ്ഡിഎ അംഗീകാരം നല്‍കുന്നതോടെ ആന്റിബോഡി നിറഞ്ഞ പ്ലാസ്മ നിലവില്‍ ഹൈ റിസ്‌കില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്കും രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്കും നല്‍കി പരീക്ഷിക്കും. 

1918ല്‍ ഫ്ലു പടര്‍ന്നപ്പോള്‍ മരണനിരക്ക് കുറയ്ക്കാന്‍ ഈ ചികിത്സാ രീതി ഉപകരിച്ചതായി മെഡിക്കല്‍ ലേഖനങ്ങളില്‍ പറയുന്നു. 1935-ല്‍ അഞ്ചാംപനിക്കെതിരെയും ഈ രീതി ഫലപ്രദമായിരുന്നു. 2002ല്‍ സാര്‍സിനെതിരെയും 2014ല്‍ എബോളയ്‌ക്കെതിരെയും ഈ രീതി ഉപയോഗിച്ചിട്ടുണ്ട്.

English Summary: FDA to allow plasma from coronavirus survivors to be used to treat critically ill patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com