sections
MORE

‘ഇങ്ങിനെയൊക്കെ ചെയ്യാമോ, നമ്മള് നാളേം കാണണ്ടേ?’; ജനമൈത്രി മാറ്റിവച്ച് പൊലീസ്

police-lockdown
SHARE

കൊച്ചി ∙ ‘സാധാരണ പാർട്ടിക്കാരല്ലേ ഹർത്താൽ നടത്തുന്നേ, ഇത് ഞങ്ങളൊന്നു നടത്തി നോക്കട്ടെ’ – ആളുകൾ വീട്ടിലിരിക്കാൻ മടിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ പകുതി തമാശയായി ഒരു അസിസ്റ്റന്റ് കമ്മിഷണറുടെ മറുപടി. ‘രാവിലെ അഞ്ചരയായപ്പോൾ ഇറങ്ങിയതാണ്, ഞങ്ങൾക്കു വേണ്ടി മാത്രമല്ലല്ലോ എല്ലാവരോടും അകത്തിരിക്കാൻ പറഞ്ഞിട്ടുള്ളത്’ – ഒരു എസ്ഐയുടെ ആത്മരോഷം. ശരിയാണ്, രാവിലെ മുതൽ റോഡിലിറങ്ങിയ പൊലീസുകാർക്കൊന്നു ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാത്തത്ര തിരക്കാണ്. ആളുകളോടു പറഞ്ഞാൽ മനസ്സിലാകാത്തതിന്റെ വിഷമത്തിലാണ് പൊലീസും. അത്യാവശ്യം ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിനും മറ്റും ഇറങ്ങുന്നവരെ പൊലീസ് ഇതുവരെയും വിലക്കിയിട്ടില്ല. പക്ഷേ അനാവശ്യമായി ചുറ്റിക്കറങ്ങുന്നവരോട് കർശന നിലപാടാണ്. 

തിരുവനന്തപുരത്ത് രാവിലെ മ്യൂസിയത്തിനടുത്തു് നടക്കാനിറങ്ങി പൊലീസിനു മുന്നിൽ ചെന്നു പെട്ടത് ഒരു വിഐപി. ‘സർ, നിങ്ങൾ മാതൃകയാകേണ്ടവർ ഇങ്ങനെ..’. ‘നീ പോയി നിന്റെ പിണറായിയോട് പറ, അപ്പോൾ മനസ്സിലാകും ഞാനാരാണെന്ന്’... ഈ അഹങ്കാരത്തിനൊക്കെ ആരാണു വില കൊടുക്കേണ്ടി വരികയെന്ന് അവർ ചിന്തിച്ചിട്ടുണ്ടാകുമോ? അല്ലെങ്കിലും ഇത്തരക്കാരോടു പൊലീസ് എന്തു ചെയ്യാൻ; തൊപ്പി തെറിക്കാതിരിക്കാൻ കൂടുതൽ പറയാതെ പിൻമാറുകയല്ലാതെ.. ഗ്രാമപ്രദേശങ്ങളിലാണ് ഏറ്റവും വലിയ പ്രതിസന്ധി. ആളുകൾ കൂട്ടംകൂടരുതെന്നും ഇറങ്ങി നടക്കരുതെന്നും പറഞ്ഞാൽ അംഗീകരിക്കാൻ  വലിയ പ്രയാസം. ഇത്തരക്കാരെ മര്യാദ പഠിപ്പിക്കാൻ പൊലീസിന് എത്തിപ്പെടുന്നതിനും സാധ്യമല്ല.

‘കണ്ടു പഠിക്കാത്തവർ കൊണ്ടു പഠിക്കും’ എന്നു പറഞ്ഞ് വിട്ടുകൊടുക്കൽ സാധ്യമല്ല, കൊണ്ടിട്ടു പഠിക്കാൻ ഇവിടെ നമ്മളൊക്കെ ബാക്കി വേണ്ടേ? എന്നു ചോദിച്ചതും ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പൊലീസ് ഓടിച്ചിട്ടു തല്ലുന്ന വിഡിയോകൾ വൈറലാണ്. കേരളത്തിൽ നിന്നുള്ള വിഡിയോകളുമുണ്ട്. അകത്തിരിക്കാൻ കർശന നിർദേശമുള്ള കാസർകോടാണ് പൊലീസ് കൂടുതൽ അടിച്ച് അനുസരിപ്പിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. മറ്റു ജില്ലകളിൽ സംസ്ഥാന സർക്കാർ നിലപാട് അത്ര കടുപ്പിച്ചിട്ടില്ലാത്തതിനാൽ പൊലീസിനു കുറച്ചു മയമുണ്ട്. അനുസരിക്കാത്തവരോടുള്ള ജനമൈത്രിയൊക്കെ എന്തായാലും കുറച്ചു നാളത്തേക്കു പൊലീസ് മാറ്റിവച്ചിരിക്കുകയാണ്. വണ്ടി പിടിച്ചെടുക്കുന്നതും കേസെടുക്കുന്നതുമാണ് ഇന്നു മുതൽ പൊലീസ് സ്വീകരിച്ചിട്ടുള്ള നടപടികൾ.

എറണാകുളം ജില്ലയിൽ ഉച്ചവരെ ഏകദേശം 30 കേസുകളെടുത്തിട്ടുണ്ടെന്നാണ് വിവരം. വീടു വിട്ടു പുറത്തിറങ്ങുന്നവർക്ക് ഇതായിരിക്കും ഫലം എന്നു കാണിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി ഓഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ‘മര്യാദയ്ക്ക് വീട്ടിലിരിക്കാഞ്ഞല്ലേ, രണ്ടെണ്ണം കിട്ടട്ടെ’ എന്ന നിലപാടും നാട്ടുകാർക്കുള്ളതിനാൽ കണ്ടു നിൽക്കുന്നവരോ തല്ലു കൊള്ളുന്നവരോ പോലും ചോദ്യം ചെയ്യാത്ത സാഹചര്യമാണ് കണ്ണൂരും കാസർകോട്ടും. വാട്സാപ്പുകളിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശങ്ങളിലും ഇത് വ്യക്തമാണ്; ‘തല്ല് കൊള്ളണ്ടെങ്കിൽ വീട്ടിക്കുത്തിയിരി’ എന്ന്. റോഡിലിറങ്ങി നടക്കുന്നവരെ കൊണ്ട് ഏത്തമിടീക്കുന്ന പൊലീസിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

അതേസമയം, പൊലീസ് കേസെടുക്കുകയോ വണ്ടി പിടിച്ചെടുക്കുന്നത് ഉൾപ്പടെയുള്ള ഉള്ള നടപടികൾ സ്വീകരിക്കാതെയോ വടി കൊണ്ടും അല്ലാതെയും ഇങ്ങനെ തല്ലുന്നത് എവിടുത്തെ നിയമമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഇതുപോലെ തല്ലുന്നതും തല്ലുന്ന വിഡിയോ കണ്ട് ആസ്വദിക്കുന്നതും മനോരോഗമാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്. ജനമൈത്രി ആയി മാറിക്കൊണ്ടിരുന്ന പൊലീസ് ഇനി കൊറോണക്കാലം കഴിഞ്ഞാലും തല്ലും തെറിവിളിയും തുടരുമെന്ന ഭയം പങ്കുവയ്ക്കുന്നവരുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ജനങ്ങൾ പുറത്തിറങ്ങി നടക്കുന്നത് തുടർന്നാൽ കർശന നടപടിക്കു തന്നെയാണ് സർക്കാർ നീക്കം. ഒന്നിലധികം തവണ അനാവശ്യമായി പുറത്തിറങ്ങുന്നത് വ്യക്തമായാൽ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികളുണ്ടാകുമെന്നാണ് സർക്കാരിന്റെ നിലപാട്. 

English Summary: Kerala Police take stern action against those not followed Lockdown rules

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA