ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വ്യാപനം തടയാൻ രാജ്യമാകെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ കാലയളവിൽ ‌വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്ക് ഡൗൺ വേളയിൽ ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും ക്ഷാമമുണ്ടാകും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതു പരിശോധിക്കണമെന്നു സംസ്ഥാന സർക്കാരുകൾക്കു കേന്ദ്രം നിർദേശം നൽകി.

സ്വാസ്ഥ്യവും സമാധാനവും നിലനിർത്താനാവശ്യമായ നടപടികളെടുക്കാൻ ചീഫ് സെക്രട്ടറിമാരോടും സംസ്ഥാന പൊലീസ് മേധാവിമാരോടും നിർദേശിച്ചു. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കു ക്ഷാമമില്ലെന്നു ജനങ്ങളെ അറിയിക്കണം. കിംവദന്തി പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണം. 2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് (ലോക്ക് ഡൗൺ) അനുസരിച്ചാണ് വിജ്ഞാപനമെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോക്ക് ഡൗൺ സമയത്ത് യാത്ര അനുവദിക്കുന്ന സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ മുതിർന്ന ഒരാൾ മാത്രമേ പാടുള്ളൂവെന്നു കേരള സർക്കാർ ഉത്തരവിറക്കി. മരുന്നും മറ്റ് അവശ്യ സാധനങ്ങളും വാങ്ങാനുള്ള യാത്രയ്ക്കു മാത്രമേ ഇവ ഉപയോഗിക്കാവൂ. ഓട്ടോ, ടാക്സി (ഓൺലൈൻ ടാക്സി ഉൾപ്പെടെ) എന്നിവ അടിയന്തര ആശുപത്രി സേവനങ്ങൾക്കു മാത്രമേ അനുവദിക്കൂ. അവശ്യവസ്തുക്കൾ വാങ്ങാൻ തൊട്ടടുത്ത കടയിൽ പോകാം; ദൂരത്തേക്കു പോകരുത്.

ലോകം മുഴുവൻ തീ പടരുന്നതു പോലെയാണു മഹാമാരി പടർന്നതെന്നും സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദേശങ്ങൾ അനുസരിച്ചും ജനം വീട്ടിലിരിക്കണമെന്നുമാണു ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രധാനമന്ത്രി തൊട്ട് ഗ്രാമത്തിലെ സാധാരണക്കാരൻ വരെ രക്ഷപ്പെടണമെങ്കിൽ നിയന്ത്രണത്തിന്റെ ലക്ഷ്മണ രേഖ ലംഘിക്കാതിരിക്കണം. വൈറസിന്റെ സംക്രമണ ശൃംഖല പൊട്ടിക്കണം. ദരിദ്രർക്കും ഇത് ബുദ്ധിമുട്ടിന്റെ സമയമാണ്. അതു പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കുന്നുണ്ട്.

ജീവൻ രക്ഷിക്കാൻ എന്താണോ ചെയ്യേണ്ടത് അതിനാണു പ്രാധാന്യം കൊടുക്കേണ്ടത്. ആരോഗ്യ സംരക്ഷണം മാത്രമായിരിക്കണം മുഖ്യ പരിഗണനയെന്നു സംസ്ഥാന സർക്കാരോടുകളോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ സമയത്ത് അറിഞ്ഞോ അറിയാതെയോ അഭ്യൂഹങ്ങളും പടരുന്നുണ്ട്. ഒരുതരത്തിലുള്ള അന്ധവിശ്വാസങ്ങളും അഭ്യൂഹങ്ങളും ഉൾക്കൊള്ളരുത്. സർക്കാരുകളും മെഡിക്കൽ രംഗത്തുളളവരും തരുന്ന നിർദേശങ്ങൾ മാത്രം പാലിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

English Summary: MHA Asks States to Check Rumours About Shortage of Food, Essential Commodities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com