ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് രോഗത്തെ നേരിടുന്നതിൽ ജനങ്ങൾ മാതൃകയാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസ് വ്യാപനം തടയാൻ ഒരേയൊരു ഉപാധി. കരുതലുണ്ടെങ്കിൽ രോഗത്തെ അകറ്റാം. ഒരുപാടുപേർ രോഗമുക്തി നേടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലെ ജനങ്ങളോടു വിഡിയോ കോൺഫറൻസ് വഴി സംസാരിക്കവെയാണു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ ഭീഷണിയുടെ സമയത്ത് ജനങ്ങൾ ആവശ്യമുള്ളതു ശ്രദ്ധിക്കുന്നില്ല. ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുകയാണു വേണ്ടത്. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. കോവിഡ്-19 രോഗത്തിന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. യോഗ ചെയ്തതുകൊണ്ടോ, വ്യായാമം ചെയ്തതുകൊണ്ടോ കൊറോണ ആരെയും ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് നവരാത്രിയുടെ ആദ്യ ദിനമാണ്. ഇപ്പോൾ നിങ്ങൾ ചടങ്ങുകളിലായിരിക്കും. എന്നിട്ടും ഈ പരിപാടിയിൽ പങ്കെടുക്കുന്നു. അതിന് എനിക്ക് നന്ദിയുണ്ട്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ശക്തി പകരാൻ ഞാൻ ശൈലപുത്രി ദേവിയോടു പ്രാർഥിക്കുകയാണ്. വാരാണസിയിലെ എംപി എന്ന നിലയില്‍ ഞാൻ ഇപ്പോൾ നിങ്ങളോടൊപ്പം ഉണ്ടാകേണ്ടതാണ്. എന്നാൽ ഡൽഹിയിൽ നടക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് അറിയാമെന്നു കരുതുന്നു. സഹപ്രവർത്തകരിൽനിന്നു വാരാണസിയിലെ കാര്യങ്ങൾ കൃത്യമായി അറിയുന്നുണ്ട്.

കൊറോണയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഡോക്ടർമാർ, നഴ്സ് എന്നിവരോടു സഹകരിക്കാത്ത ആൾക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിനാണു ആഭ്യന്തര മന്ത്രാലയത്തിനും പൊലീസ് മേധാവിമാർക്കും നൽകിയിരിക്കുന്ന നിർദേശം. 18 ദിവസം കൊണ്ടാണു മഹാഭാരത യുദ്ധം ജയിച്ചത്. കൊറോണയ്ക്കെതിരായ രാജ്യത്തിന്റെ യുദ്ധം 21 ദിവസം നീണ്ടതാണ്. 21 ദിവസത്തിൽ യുദ്ധം ജയിക്കണമെന്നാണു നമ്മുടെ ലക്ഷ്യം. കൊറോണയ്ക്കെതിരായ വിവരങ്ങൾ കൈമാറുന്നതിനായി 9013151515 എന്ന വാട്സാപ് നമ്പർ തയാറാക്കിയിട്ടുണ്ട്. ഈ നമ്പരിൽ ഇംഗ്ലിഷിലോ, ഹിന്ദിയിലോ നമസ്തേ എന്ന സന്ദേശം അയച്ചാൽ ഉടൻ മറുപടി ലഭിക്കും.

വാട്സാപുമായി സഹകരിച്ചു സർക്കാർ ഒരു ഹെൽപ് ഡെസ്കും തയാറാക്കിയിട്ടുണ്ട്. കാബുളിൽ ബുധനാഴ്ച ഗുരുദ്വാര ആക്രമിക്കപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തിൽ ബാധിക്കപ്പെട്ടവർക്കു പ്രധാനമന്ത്രി പിന്തുണ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ 21 ദിവസത്തേക്കു രാജ്യം ലോക്ക് ഡൗണാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രി വാരാണസിയിലെ ജനങ്ങളോടു വിഡിയോ കോൺഫറൻസ് വഴി സംസാരിച്ചത്.

English Summary: PM Modi’s interaction with citizens of Varanasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com