ADVERTISEMENT

ലണ്ടൻ∙ നൂറു കണക്കിനു പേർ മരിക്കുകയും ആയിരങ്ങൾക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്ത ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളെ പോലെ സമ്പൂർണ അടച്ചുപൂട്ടൽ നടപ്പാക്കുകയാണെന്ന് ഏറെ വൈകിയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനൊപ്പം കടുത്ത നിയന്ത്രണം പാലിച്ചില്ലെങ്കിൽ ആഴ്ചകൾക്കകം ബ്രിട്ടൻ മറ്റൊരു ഇറ്റലിയാകുമെന്നു അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. എന്നാൽ ഇറ്റലിയിൽ നിന്ന് പോലും വിമർശനം നേരിടുന്ന സ്ഥിതിയാണ് പിന്നീട് ബോറിസിനുണ്ടായത്.

രാജ്യത്തെ 6.6 കോടി ജനം വീട്ടിൽ കഴിയണമെന്ന നിർദേശം നേരത്തെ നടപ്പിലാക്കിയിരുന്നെങ്കിൽ മരണസംഖ്യ പിടിച്ചു നിർത്താൻ കഴിയുമായിരുന്നുവെന്നും സമർദ്ദങ്ങൾക്കു കീഴ്പ്പെട്ട ഒരാളുടെ ശരീര ഭാഷയാണ് ബോറിസ് ജോൺസനെന്നുമാണ് ചില രാജ്യാന്തര മാധ്യമങ്ങൾ വിമർശനം ഉയർത്തിയത്.

സർക്കാർ നടപടികളെയും മെല്ലെപ്പോക്കിനെയും ചോദ്യം ചെയ്ത് രാഷ്ട്രീയ നിരീക്ഷകരും വിമർശകരും രംഗത്തെത്തുകയും ചെയ്തു. ബ്രക്സിറ്റ് വിഷയത്തിൽ ബോറിസ് ജോൺസൻ പുലർത്തിയ വിവാദപരമായ, വൈകിയെടുത്ത നിലപാടുകളോടാണ് അദ്ദേഹത്തിന്റെ കോവിഡ് പ്രതിരോധ പ്രഖ്യാപനങ്ങളും താര്യതമ്യം ചെയ്യപ്പെടുന്നത്. ഫലപ്രദമായ നടപടി കൈക്കൊള്ളാതെ രാജ്യത്തെ ജനത്തോട് മരണം വരിക്കാനാണ് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടതെന്നാണ് മറ്റൊരു വിമർശനം. കൊറോണ വൈറസിനെക്കാൾ അപകടകാരിയാണ് അയാൾ – ബോറിസിനെതിരെ ഗ്രീസിലെ ഹെത്‌നോസ് (ദ് നേഷൻ) ദിനപത്രം അച്ചുനിരത്തിയത് ഇങ്ങനെ.

british-park-uk
തെക്കൻ ലണ്ടനിലെ പാർക്കിൽ വ്യായമത്തിൽ ഏർപ്പെടുന്നവർ. മാർച്ച് 23 ന് പകർത്തിയ ചിത്രം

തുടർച്ചയായ രണ്ടാം ദിവസം മരണനിരക്കിൽ വൻകുതിപ്പ് ഉണ്ടായതിനു ശേഷമാണ് കരുതൽ നടപടി പ്രഖ്യാപിക്കാൻ ബ്രിട്ടിഷ് സർക്കാർ തയാറായതെന്നാണ് ബോറിസ് ജോൺസനെ ഉന്നമിട്ട് സിംഗപ്പൂർ ദേശീയ വികസനമന്ത്രി ലോറൻസ് വോങ് വിമർശിച്ചത്. സ്വിറ്റ്സര്‍ലന്‍ഡും യുകെയും കൊറോണ വൈറസ് വ്യാപനം തടയാൻ സാധ്യമായത് ചെയ്തില്ലെന്നും വോങ് കുറ്റപ്പെടുത്തി.

ബോറിസ് ജോൺസന്റെ വ്യക്തതയില്ലാത്ത, ആശയക്കുഴപ്പം നിറഞ്ഞ പ്രസ്താവനകൾ ജനത്തെ പരിഭ്രാന്തിയിൽ ആക്കിയെന്നും കൃത്യമായ സമയം ഉചിതമായ തീരുമാനം എടുക്കുന്നതിൽ ബോറിസ് പരാജയപ്പെട്ടെന്നും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനിലെ വൈറസ് വ്യാപനത്തിന്‍റെ യഥാർത്ഥ വലുപ്പം സർക്കാർ മറച്ചു വയ്ക്കുകയാണെന്ന ആക്ഷേപവും ഇതിനിടെ ഉയർന്നു. ഓരോ മരണത്തോടൊപ്പവും ആയിരക്കണക്കിനു പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മാരകമായ വൈറസിന്റെ വ്യാപന കേന്ദ്രമായി ബാറുകൾ മാറാമെന്ന മുന്നറിയിപ്പ് പുറത്തു വന്നപ്പോൾ ജനത്തോട് ബാറുകളിൽ നിന്നും പബ്ബുകളിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് സർക്കാർ അഭ്യർഥിച്ചത്. ജനത്തോട് ഇങ്ങനെ അഭ്യർത്ഥിക്കുന്നതിനു പകരമായി പബ്ബുകൾ പൂട്ടാനുള്ള ആർജ്ജവമാണ് ബോറിസ് ജോൺസൺ കാണിക്കേണ്ടിയിരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. തുറന്ന പബ്ബുകള്‍ ബ്രിട്ടന്‍റെ ആരോഗ്യനില തകർത്തെന്ന് പിന്നാലെ സർക്കാർ തന്നെ സമ്മതിച്ചതോടെ കാര്യങ്ങൾ കൈവിട്ടു.

കോവിഡ്–19 മായി ഫ്രാൻസ് ‘യുദ്ധ’ത്തിലാണെന്ന് പലതവണ പ്രഖ്യാപിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ബോറിസ് ജോൺസനെ പരോക്ഷമായി വിമർശിച്ചിരുന്നു. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിലും യുകെയുമായി പങ്കിടുന്ന അതിർത്തികൾ അടച്ചിടുമെന്ന ഇമ്മാനുവൽ മക്രോയുടെ പ്രഖ്യാപനമാണ് ബോറിസ് ജോൺസനു ക്ഷീണമായത്.

covid-19-test-rep

കൊറോണ വൈറസ് ബാധ രൂക്ഷമായി ബാധിച്ച ഇറ്റലിയിലെ ഇടങ്ങളിലൊന്നായ ബെർഗാമോയിലെ മേയർ ജോർജിയോ ഗോറി ബ്രിട്ടനിൽ പഠിക്കുന്ന തന്റെ പെൺമക്കളെ ഇറ്റലിയിലേക്കു തിരിച്ചു വിളിക്കുകയാണെന്ന് പ്രഖ്യാപിച്ചത് ഇതിനിടെ രാജ്യാന്തര മാധ്യമങ്ങൾ വൻ വാർത്തയാക്കി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ യുകെയേക്കാൾ സുരക്ഷിതമാണ് ഇറ്റലിയെന്നും ബോറിസ് ജോൺസന്റെ പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്നുമായിരുന്നു ജോർജിയോ ഗോറിയുടെ പ്രതികരണം. എന്താണ് ചെയ്യേണ്ടതെന്നു ഇപ്പോഴും യുകെ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. നടപടികൾ എടുത്തുവരുമ്പോഴേക്കും കാര്യങ്ങൾ നിയന്ത്രണാതീതമാകും. – ജോർജിയോ ഗോറി പറഞ്ഞു.

രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഇറ്റലിയുടേതിന് സമാനമായ സ്ഥിതിയിലേക്കാണ് ബ്രിട്ടനും പോകുന്നത്. ബ്രിട്ടനിൽ ആരോഗ്യ അടിയന്തരാവസ്ഥയും ലോക്‌ഡൗണും പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിനും മരണനിരക്കിനും കുറവില്ല. ഇത് വരെയുള്ള കണക്കുകൾ പ്രകാരം 465 പേരാണ് യുകെയിൽ കോവിഡ് രോഗബാധയിൽ മരിച്ചത്. കൊറോണ വൈറസ് സ്ഥിരീകരിച്ച കേസുകൾ 9,529 ആയി ഉയരുകയും ചെയ്തു.

English Summary: 'Confused, dangerous, flippant': rest of world pans PM's handling of coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com