ADVERTISEMENT

തിരുവനന്തപുരം ∙ റേഷൻ കാർഡില്ലാതെ വാടക വീട്ടിൽ കഴിയുന്നവർക്ക് റേഷൻ കടകൾ വഴി ഭക്ഷ്യധാന്യം നൽകാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആധാർ നമ്പർ പരിശോധിച്ച് ഭക്ഷ്യധാന്യം സൗജന്യമായി നൽകും. ക്ഷേമപെൻഷനുകളുടെ വിതരണവും ആരംഭിച്ചു.

2,36,000 പേരുള്ള സന്നദ്ധസേന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങും. പഞ്ചായത്തുകളിൽ 200 പേരും മുനിസിപ്പാലിറ്റിയിൽ 500 പേരും 6 കോർപ്പറേഷനുകളിൽ 750 പേരും രംഗത്തുണ്ടാകും. 22 മുതൽ 40 വയസുവരെയുള്ളവരാണ് സന്നദ്ധസേനയിൽ ഉണ്ടാകുക. സർക്കാരിന്റെ പോർട്ടൽ വഴി ഇതിനായി റജിസ്റ്റർ ചെയ്യാം. ഇവർക്ക് തിരിച്ചറിയൽ കാർഡും യാത്രാചെലവും നൽകും. 1465 യുവ വൊളന്റിയർമാരെ ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരിക്കുന്നതിനായി കണ്ടെത്തി.

ഹോൾസെയിൽകാരുടെ സാധനങ്ങൾ റീട്ടെയിൽ കടകളിൽ എത്തുന്നതിന് പ്രയാസമുണ്ടാകില്ല. നാല് മാസത്തെ കരുതൽ ശേഖരം വേണ്ടിവരും. ബേക്കറികൾ ഉൾപ്പെടെയുള്ളവ തുറക്കണം. വ്യാപാരി സമൂഹം നല്ല മുന്നൊരുക്കത്തോടെ കാര്യങ്ങൾ നീക്കുന്നു. ചില സാധനങ്ങൾക്ക് വില കയറ്റിയതായി പരാതികൾ ഉണ്ട്. അതു പരിഹരിക്കും. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഭക്ഷണസാധനങ്ങൾ കൊണ്ടുവരാൻ ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാൻ ഒരു ഉന്നത സംഘം പ്രവർത്തിക്കും.

സാധനങ്ങൾ ശേഖരിക്കാൻ കോൺവോയി അടിസ്ഥാനത്തിൽ വാഹനങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് പോകാനാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെയും ഇതര സംസ്ഥാനങ്ങളിലെ സർക്കാരിനോടും ഇതിനായി സഹായം അഭ്യർഥിക്കും. മാർച്ചിൽ കാലാവധി അവസാനിക്കുന്ന ബിഎസ്4 റജിസ്ട്രേഷൻ കാലാവധി ദീർഘിപ്പിക്കാൻ കേന്ദ്രത്തോട് അഭ്യർഥിച്ചു.

പുതിയ നോൺ ട്രാൻസ്പോര്‍ട്ട് വാഹനങ്ങൾക്ക് ഏപ്രിൽ 1 മുതൽ ഏർപ്പെടുത്തിയ നികുതി വർധന ആ തീയതിക്ക് മുൻപ് താൽക്കാലിക റജിസ്ട്രേഷൻ നടത്തിയ വാഹനങ്ങൾക്ക് ബാധകമാകില്ല. അപേക്ഷ നൽകുന്നതിൽ കാലതാമസം വരുന്നതുമൂലം ചുമത്തുന്ന കോമ്പൗണ്ടിങ് ഫീസും പിഴയും ഒഴിവാക്കും. ജിഫോറം സമർപ്പിക്കുന്നതിനുള്ള കാലാവധി ഒരുമാസം നീട്ടി. അവശ്യസാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങളെ മോട്ടർ വാഹനനിയമം അനുസരിച്ച് പെർമിറ്റ് എടുക്കുന്നതിൽനിന്ന് ഒഴിവാക്കിയാതായും മുഖ്യമന്ത്രി അറിയിച്ചു.

English Summary: CM Pinarayi Vijayan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com