ADVERTISEMENT

ലക്നൗ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനുള്ളിൽ വിവിധ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പൊലീസ് പലതരം ശിക്ഷകൾക്ക് വിധേയമാക്കുന്ന വിഡിയോകളാണ് പുറത്തുവരുന്നത്. കർഫ്യൂ ലംഘനം, ലോക്ഡൗൺ ഭേദിച്ച് പുറത്തിറങ്ങി നടക്കുക എന്നിങ്ങനെ കോവി‍ഡിന്റെ വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങൾ പാലിക്കാത്തവരാണ് പൊലീസിന്റെ വിചിത്ര ശിക്ഷകൾക്ക് വിധേയരാകുന്നത്. 

അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റും ചർച്ചയാകുന്നത്. പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ബുഡൗൻ നഗരത്തിലാണ് സംഭവം. ഒരു കൂട്ടം ചെറുപ്പക്കാരെ നഗരത്തിലെ പ്രധാന റോഡിൽ കൂടി തവളച്ചാട്ടം ചാടിക്കുകയാണ് പൊലീസുകാർ. തോളിൽ ഭാരം നിറച്ച ബാഗുകളും തൂക്കിയാണ് ശിക്ഷയ്ക്ക് വിധേയരാകുന്നത്. 

ഇതരസംസ്ഥാനത്ത് നിന്നു ജോലിക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം. വീടുകളിലേക്ക് മടങ്ങിപോകാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലാവുകയായിരുന്നു. ഇവരുടെ അഭ്യർഥനകൾ ഒന്നും ചെവിക്കൊള്ളാത്ത പൊലീസ് കൊടും ചൂടത്ത് നിരത്തിലൂടെ ചാടിച്ച് അപമാനിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

എന്നാൽ ഇതു തന്റെ അറിവോടെയല്ലെന്നും അന്വേഷിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ബൗഡാനിലെ പൊലീസ് മേധാവി അറിയിച്ചു. ‘ വിഡിയോയിൽ കാണുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരു വർഷം മാത്രം പ്രവർത്തിപരിചയമുള്ള ആളാണ്. മുതിർന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിലും അവർ മറ്റു പ്രദേശങ്ങളുടെ ചുമതലയിലായിരുന്നു. വളരെ നാണക്കേട് സൃഷ്ടിക്കുന്ന കാര്യമാണ് നടന്നത്. അതിൽ ഖേദം പ്രകടിപ്പിക്കുന്നു. അന്വേഷിച്ച് കൃത്യമായ നടപടി സ്വീകരിക്കും.’ – അദ്ദേഹം പറഞ്ഞു.

കോവി‍ഡ് ഭീതി പടർന്നതോടെ ഇതരസംസ്ഥാന തൊഴിലാളികളോട്, പ്രത്യേകിച്ച് ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരോട് നാടുകളിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ പ്രതിസന്ധിയിലാണ്. പൊതു ഗതാഗതം നിർത്തലാക്കിയതിനാൽ ആയിരത്തോളം കിലോമീറ്റർ നടന്ന് വീടുകളിൽ എത്താൻ ഇവർ നിർബന്ധിതരായിരിക്കുകയാണ്. ഇന്ത്യയിലുടനീളം ഇത്തരത്തിൽ ഹൃദയഭേദകമായ നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് പ്രത്യക്ഷപ്പെടുന്നത്. 

English Summary : "Ashamed": UP Officer On Cops 'Punishing' Men On Roads During Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com