ADVERTISEMENT

‘വെന്റിലേറ്ററുകളില്ല, കിടത്താൻ ബെഡുകളുമില്ല. ന്യൂയോർക്ക് നഗരത്തിലാണ് ഇതു സംഭവിക്കുന്നതെന്ന് ചിന്തിക്കാനാകുന്നില്ല. മൂന്നാം ലോക രാജ്യത്ത് സംഭവിക്കുന്നതുപോലെയാണിത്’ – നിരാശയോടെ ഇക്കാര്യങ്ങൾ പറയുന്നത് കോവിഡ്–19 ബാധിച്ച രോഗികളെ ചികിത്സിക്കുന്ന ഡോക്ടറാണ്. പേരു പുറത്തുപറയാൻ വിസമ്മതിച്ച അദ്ദേഹത്തിന്റെ വാക്കുകൾ വെളിപ്പെടുത്തുന്നത് യുഎസിലെ ഭയാനകമായ അവസ്ഥയും. അതീവ ഗുരുതര നിലയിലുള്ള രോഗികളെ കിടത്തി ചികിത്സിക്കാൻ ആവശ്യമായ വെന്റിലേറ്ററുകളോ കിടക്കകളോ ആശുപത്രികളിൽ പരിമിതമായതും യുഎസിന്റെ ആരോഗ്യ സംവിധാനത്തിന്റെ ചങ്കുലയ്ക്കുന്നുണ്ട്.

കൊറോണ വൈറസ് ബാധയുടെ ആദ്യ ആഴ്ചകളിൽ 70 വയസ്സിനു മുകളിലുള്ളവരാണ് ആശുപത്രിയിൽ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച ഈ വരുന്നവർ കുടുതലും 50 വയസ്സിനു താഴെയുള്ളവരാണ്. ജനങ്ങൾക്ക് ഈ രോഗത്തിന്റെ ഗൗരവം ഇതുവരെ മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല. രണ്ടാഴ്ച മുൻപ് വരെ ജീവിതം വളരെ വ്യത്യസ്തമായിരുന്നുവെന്നും ഈ ഡോക്ടർ കൂട്ടിച്ചേർത്തു.

ന്യൂയോർക്കിലെ ഒരു ആശുപത്രിക്കുമുന്നിൽ താൽക്കാലികമായുണ്ടാക്കിയ മോർച്ചറി.
ന്യൂയോർക്കിലെ ഒരു ആശുപത്രിക്കുമുന്നിൽ താൽക്കാലികമായുണ്ടാക്കിയ മോർച്ചറി.

യുഎസ് അടുത്ത ഇറ്റലി?

രോഗികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ആശുപത്രി സൗകര്യങ്ങൾ ഒരുക്കാനാകാത്തത് രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ വെന്റിലേറ്റർ സൗകര്യം നൽകുന്നതിൽപ്പോലും ഈ തിരഞ്ഞെടുപ്പ് ഉണ്ട്. അടിയന്തര ശുശ്രൂഷ നൽകുന്ന ഇടങ്ങൾ തീർന്നുപോകുന്ന അവസ്ഥയാണ് ഉള്ളതെന്ന് ന്യൂയോർക്ക് – പ്രിസ്ബെറ്റേറിയൻ / കൊളുംബിയ യൂണിവേഴിസിറ്റി മെഡിക്കൽ സെന്ററിലെ ഗ്ലോബൽ ഹെൽത് ഇൻ എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. ക്രെയ്ഗ് സ്പെൻസർ പറയുന്നു.

‘കഴിഞ്ഞയാഴ്ച രോഗികളെ പരിശോധിക്കുമ്പോൾ ഒന്നോ രണ്ടോ പേർക്കുമാത്രമേ കോവിഡ്–19ന്റെ ലക്ഷണങ്ങളുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഒപിയിലെത്തുന്ന എല്ലാവർക്കും കോവിഡ് രോഗ ലക്ഷണങ്ങളുണ്ട്. ഇതിൽ പലരും ഗുരുതര അവസ്ഥയിലാണ്. പലരെയും വെന്റിലേറ്ററിൽ കിടത്തേണ്ടി വന്നു. പെട്ടെന്നാണ് അവരുടെ അവസ്ഥ പ്രതീക്ഷയില്ലാത്ത സാഹചര്യത്തിലേക്കു പോകുന്നത്. കഴിഞ്ഞയാഴ്ചയിൽനിന്നു വളരെ വ്യത്യസ്തമാണ് ഈയാഴ്ച’ – സ്പെൻസർ പറഞ്ഞു.

യുഎസ് സർജൻ ജനറൽ ഡോ. ജെറോം ആഡംസ് ഉൾപ്പെടെയുള്ള പൊതുആരോഗ്യ വിദഗ്ധരും യുഎസ് അടുത്ത ഇറ്റലിയാകും എന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. ആശുപത്രികൾ അവരുടെ ശേഷി വർധിപ്പിക്കണമെന്ന് ന്യൂയോർക്ക് സംസ്ഥാന ഭരണകൂടം ആവശ്യപ്പെട്ടു. ഇതുവരെ ലോകത്ത് സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളിൽ ആറു ശതമാനം ന്യൂയോർക്കിലാണ്. യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ പകുതിയും ഇവിടെയാണ്.

നിലവിലുള്ള ആശുപത്രികളിലെ ശേഷി 1000 കിടക്കകളാക്കി ഉയർത്തണമെന്നാണ് നിർദേശം. എത്രയും പെട്ടെന്ന് അടിയന്തര ആവശ്യത്തിനുള്ള ആശുപത്രികൾ നിർമിക്കണമെന്നും ആവശ്യമുണ്ട്. വിരമിച്ചവരും മറ്റുമായി ജോലിയിൽനിന്ന് ഒഴിവായിരിക്കുന്ന എല്ലാ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പരിപാലന സംവിധാനത്തിന്റെ ഭാഗമാകണമെന്നും ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ കൗമോ ആവശ്യപ്പെട്ടു.

പകർച്ചവ്യാധി രാജ്യത്തെ മുക്കിക്കളയും

അതീവ ഗുരുതര രോഗികൾക്കുമാത്രമാണ് വെന്റിലേറ്റർ സൗകര്യം നൽകുക. ന്യൂയോർക്കിൽ 7000 വെന്റിലേറ്ററുകളാണ് ഇപ്പോഴുള്ളത്. ഇതിൽ 4000 എണ്ണം സജ്ജമായി കൈവശമുണ്ട്. രാജ്യം സ്റ്റോക് ചെയ്തു വച്ചിരിക്കുന്നവയിൽ 2000 എണ്ണം ഉടൻ തന്നെ ന്യൂയോർക്കിന് നൽകുമെന്ന് വൈറ്റ് ഹൗസും അറിയിച്ചു. എന്നാൽ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ കുറഞ്ഞത് 30,000 വെന്റിലേറ്ററുകൾ എങ്കിലും വേണമെന്ന് കൗമോ പറയുന്നു.

ലൊസാഞ്ചലസിൽ മാസ്ക് ധരിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ.
ലൊസാഞ്ചലസിൽ മാസ്ക് ധരിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ.

രാജ്യത്ത് ആകെ 16,660 വെന്റിലേറ്ററുകളാണ് സ്റ്റോക്കായി ഉണ്ടായിരുന്നത്. എന്നാൽ വൈറസ് പടർന്നു പിടിച്ചതിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് വെന്റിലേറ്ററുകൾ കൊടുക്കേണ്ടിവന്നു. ഇത്തരം പകർച്ചവ്യാധി ഏതൊരു ആരോഗ്യ സംവിധാനത്തെയും മുക്കിക്കളയുമെന്ന് യുഎസിന്റെ കൊറോണ വൈറസ് നേരിടാനുള്ള ദൗത്യ സംഘത്തിലെ വിദഗ്ധൻ ഡോ. ആന്തണി ഫൗസി പ്രതികരിച്ചു.

മാസ്കുകൾക്കും ഗൗണുകൾക്കും ക്ഷാമം

ന്യൂയോർക്കിൽ മാത്രമല്ല, രാജ്യമെങ്ങും സമാന അവസ്ഥയാണ് കാണുന്നത്. രോഗികൾ വർധിക്കുന്നതിനൊപ്പം സംരക്ഷിത കവചങ്ങളായ മാസ്കുകൾ, ഗൗണുകൾ തുടങ്ങിയവയ്ക്കും ക്ഷാമം നേരിടുന്നുണ്ട്. രോഗികളെ ചികിത്സിച്ചശേഷം വീട്ടിൽ പോകുന്ന ഇവർ സ്വന്തം കുടുംബങ്ങളെക്കൂടിയാണ് റിസ്കിലാക്കുന്നത്.

കോവിഡ് രോഗികളെ പരിചരിക്കാൻ ആരംഭിച്ചതിനു പിന്നാലെ സ്വന്തം മകളെ എടുത്തു താലോലിക്കാൻ പോലും പേടിയാണെന്ന് വിർജീനിയയിലെ നഴ്സ് പറയുന്നു. കോവിഡ് ലക്ഷണങ്ങൾ കാട്ടിയെങ്കിലും തങ്ങളെ പരിശോധിക്കാൻ പോലും അധികൃതർ തയാറായിട്ടില്ലെന്ന് ജോർജിയയിലെ ഒരു നഴ്സ് പറഞ്ഞു. അവസ്ഥ മോശമായതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐസലേഷനിലാക്കി. ഈ നഴ്സിൽനിന്ന് എത്രപേർക്ക് രോഗം പകർന്നിട്ടുണ്ടെന്നു കണ്ടെത്തുന്നതേയുള്ളൂ.

എല്ലാവരും ഭയചികിതരാണെന്ന് ന്യൂയോർക്ക് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജൂഡി ഷെറിഡാൻ – ഗോൺസാലെസ് പറഞ്ഞു. ആവശ്യമായ സംരക്ഷിതവസ്ത്രങ്ങളില്ലാത്തതാണ് രോഗം മെഡിക്കൽ രംഗത്തുള്ളവരിലേക്കു പകരാൻ കാരണം. ഒരേ മാസ്ക് ഉപയോഗിച്ച് പല രോഗികളെ ചികിത്സിക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. ‘ആരോഗ്യ പ്രവർത്തകരെയും വൈറസ് ബാധിച്ചാൽ എല്ലാം കഴിഞ്ഞു’ – ബേയർ കോളജ് ഓഫ് മെഡിസിനിനലെ നാഷനൽ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ഡീൻ ഡോ. പീറ്റർ ഹോട്ടെസ് മുന്നറിയിപ്പു നൽകുന്നു.

English Summary: Coronavirus patients start to overwhelm US hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com