ADVERTISEMENT

തിരുവനന്തപുരം ∙ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ ഇടുക്കിയിൽ നിന്നുള്ള കോൺഗ്രസ് നേതാവും. കാസർകോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ ഇദ്ദേഹം സന്ദർശിച്ചിരുന്നു. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവുമൊത്തു മന്ത്രിമാരെ കണ്ടതായും നിയമസഭയിൽ എത്തിയതായും വിവരമുണ്ട്. ഇടുക്കി ജില്ലയിൽ കോവിഡ് ബാധിച്ച തദ്ദേശീയനായ ആദ്യ വ്യക്തി കൂടിയാണ് ഈ നേതാവ്. ഇതുവരെ ഇടുക്കി ജില്ലയിൽ ആകെ 3 കോവിഡ് കേസുകളാണു റിപ്പോർട്ടു ചെയ്തത്. ഒരെണ്ണം ബ്രിട്ടിഷ് പൗരനും രണ്ടാമത്തേതു ദുബായിൽനിന്നു മടങ്ങിയെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിയുമാണ്.

രോഗിയുടെ ഭർത്താവിനും കോവിഡ്

തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഫ്രാൻസിൽനിന്ന് മടങ്ങിയെത്തിയ രോഗബാധിതയായ യുവതിയുടെ ഭർത്താവും (32) മറ്റൊരാൾ 21കാരനുമാണ്. ഇതോടെ ജില്ലയിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3 ആയി. രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെൺകുട്ടിയും രണ്ടാമതു രോഗം സ്ഥിരീകരിച്ച യുവാവും അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇന്നു ലഭിച്ച 46 പരിശോധനാഫലങ്ങളിൽ 44 എണ്ണം നെഗറ്റീവാണ്. 40 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 582 പേരുടെ സാംപിളുകൾ അയച്ചതിൽ 484 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 68 പേരുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.

ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13,283 ആയി. വീടുകളിൽ 13,233 പേരും ആശുപത്രികളിൽ 50 പേരും. 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 പേരെ ഡിസ്ചാർജ് ചെയ്തു. 662 പേർ വീടുകളിലെ ക്വാറന്റീൻ പൂർത്തിയാക്കി. ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ തൃശൂർ ശക്തൻ മാർക്കറ്റിലെ പ്രവേശനം ഒരു കവാടത്തിലൂടെ മാത്രമാക്കി. മാർക്കറ്റിലെ 400 പേരെ പരിശോധനയ്ക്കു വിധേയമാക്കുകയും കൈ കഴുകാനുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറി ഡ്രൈവർമാരെയും ക്ലീനർമാരെയും സ്‌ക്രീനിങ്ങിനു വിധേയരാക്കുന്നുണ്ട്.

വയനാട്ടിൽ ആദ്യ കേസ്, മലപ്പുറത്ത് 3

വയനാട്ടില്‍ ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചത് അബുദാബിയില്‍നിന്നെത്തിയ മാനന്തവാടി കുഞ്ഞോം സ്വദേശിയായ 45കാരനാണ്. കഴിഞ്ഞ 21ന് വിദേശത്തു നിന്നെത്തിയപ്പോള്‍ത്തന്നെ സ്വയം ക്വാറന്റീന്‍ സ്വീകരിച്ചയാളാണ് ഇദ്ദേഹം. പ്രൈമറി കോണ്ടാക്ടിലുള്ളതു 3 പേര്‍ മാത്രം. മഞ്ചേരി മെഡിക്കൽ കോളജിൽ കഴിയുന്ന തിരൂർ കൽപകഞ്ചേരി സ്വദേശിക്കും തലശേരിയിലും തൃശൂരിലും ഐസലേഷനിൽ കഴിയുന്ന മലപ്പുറം സ്വദേശികൾക്കുമായി ആകെ 3 പേർക്കു മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു.

English Summary: Covid-19 cases increases in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com