ADVERTISEMENT

തിരുവനന്തപുരം∙ ഓൺലൈനിലൂടെ മദ്യം കൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഓൺലൈൻ മദ്യവ്യാപാരം സർക്കാരിനു മുന്നിലുള്ള വിഷയമല്ല. ഇപ്പോഴും അതേ നിലപാടാണ് സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മദ്യ വ്യാപാരം ആരംഭിക്കുന്നതിലെ തടസങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ‘മനോരമ ഓൺലൈൻ’ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ ഉത്തരവുണ്ടാകുന്നതുവരെ മദ്യശാലകൾക്കുള്ള നിരോധനം തുടരുമെന്ന് മന്ത്രി പറഞ്ഞു. 

മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനമെടുക്കും. കഴിയുന്നത്ര ലഹരി ഉപയോഗത്തിൽനിന്ന് ആളുകൾ പിന്തിരിയണമെന്ന് മന്ത്രി അഭ്യർഥിച്ചു. എല്ലാ ജില്ലകളിലും ഡീ അഡിക്‌ഷൻ സെൻററുകളുണ്ട്. അവിടെ ചികിൽസ സൗജന്യമാണ്. പ്രയാസമുള്ള ആളുകൾ അവിടെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു.

ഓൺലൈൻ മദ്യവിൽപ്പന പ്രായോഗികമല്ലെന്ന് ബവ്റിജസ് കോർപ്പറേഷൻ അധികൃതരും നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലൊന്നും ഓൺലൈൻ വഴി മദ്യവിൽപ്പനയില്ല. ഓൺലൈൻ വഴി മദ്യം വിൽക്കാമെന്ന തീരുമാനത്തിലേക്കു സർക്കാർ കടന്നാൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഓർഡിനൻസ് പുറത്തിറക്കേണ്ടി വരുമായിരുന്നു.1953ലെ ഫോറിൻ ലിക്വർ ആക്ടിലും 2002ലെ അബ്കാരി ഷോപ്പ് ഡിസ്പോസൽ റൂൾസിലുമാണ് ഭേദഗതികൾ വരുത്തേണ്ടിയിരുന്നത്. ഇത് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന കാര്യമല്ല.

ഓൺലൈൻ വഴി മദ്യം വിൽക്കാൻ തീരുമാനിച്ചാൽ വിതരണത്തിനും പ്രയാസമായിരിക്കുമെന്ന് ബവ്റിജസ് കോർപ്പറേഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഒരാൾക്കു വാങ്ങാൻ കഴിയുന്ന മദ്യത്തിൻറെ അളവ് നിശ്ചയിക്കേണ്ടിവരും. പ്രായപരിധി വ്യവസ്ഥ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതും പ്രയാസകരമാകും. ഓൺലൈന്‍ വഴിയുള്ള ഓർഡർ അനുസരിച്ച് മദ്യം വിതരണം ചെയ്യാനുള്ള ജീവനക്കാർ കോർപ്പറേഷനിലില്ല. 

ഇതിന് സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടിവരും. മൂന്നു ലീറ്റർ മദ്യമാണ് ഒരാൾക്ക് കൈവശം വയ്ക്കാനാകുന്നത്. വിതരണം ചെയ്യുന്ന ജീവനക്കാരനും ഈ നിയമം ബാധകമാണ്. ഇതിനെ മറികടക്കാൻ ചട്ടങ്ങളിൽ ഭേദഗതി വേണ്ടിവരും. മദ്യവുമായി വിതരണത്തിനു പോകുന്ന ജീവനക്കാർക്ക് സുരക്ഷ ഒരുക്കണം. ഓൺലൈനിൽ ബുക്ക് ചെയ്ത് വിലകൂട്ടി പുറത്ത് വിൽക്കുന്നത് തടയാൻ മാർഗങ്ങൾ കണ്ടെത്തേണ്ടി വരും. ബവ്റിജസ് കോർപ്പറേഷനിൽ കേന്ദ്രീകൃത കംപ്യൂട്ടർ സംവിധാനമില്ലാത്തതും ഓൺലൈൻ വ്യാപാരത്തിന് തടസമായി. ഇതെല്ലാം മുന്നിൽ കണ്ടാണ് ഓൺലൈൻ വ്യാപാരത്തിലേക്ക് ഇറങ്ങുന്നതിൽനിന്ന് സർക്കാർ പിൻതിരിഞ്ഞത്.

English Summary: Kerala finally shut down liquor stores, No delivery in Online 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com