ADVERTISEMENT

തിരുവനന്തപുരം∙നാടിന്റെ ആരോഗ്യ സുരക്ഷയ്ക്കായി സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്മാർ തെരുവിലുള്ളതെന്നും സർക്കാർ നിർദേശങ്ങൾ അനുസരിക്കാൻ ജനങ്ങൾ തയാറാകണമെന്നും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു. സ്വന്തം സുരക്ഷയ്ക്കു വീട്ടിൽ ഇരിക്കാൻ പൊലീസ് അഭ്യർത്ഥിക്കുമ്പോൾ പൊലീസ്‌ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ചിലർ തയാറാകുന്ന സാഹചര്യത്തിലാണു സമൂഹമാധ്യമത്തിലൂടെ ജനറൽ സെക്രട്ടറി അഭ്യർഥന നടത്തിയത്.

സി.ആർ.ബിജുവിന്റെ സമൂഹ മാധ്യമത്തിലെ കുറിപ്പ്:

പ്രബുദ്ധ കേരളമേ.. ദയവായി അനുസരിക്കൂ.. 

ഇന്ന് പൊലീസ് കൈകാര്യം ചെയ്യുന്നത് ഒരു ക്രമസമാധാന പ്രശ്നമല്ല. ഒരു മഹാമാരിയുടെ വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകർ ആത്മാർഥമായി രംഗത്തുണ്ട്. ഈ രംഗത്ത് പ്രൊഫഷണൽ പരിശീലനം ലഭിച്ച അവർക്കൊപ്പം പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും സംസ്ഥാന പൊലീസും ഒപ്പമുണ്ട്. ആധുനിക സുരക്ഷാ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടെങ്കിൽ, അതൊന്നും ഇല്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്.

ഒരാളും നാളിതുവരെ അനുഭവിക്കാത്ത ഒരു ഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നത്. ലോകത്തെന്നപോലെ നമ്മുടെ രാജ്യവും നിരവധി യുദ്ധമുഖങ്ങളെ നേരിട്ടിട്ടുണ്ട്. ധീരരായി രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയാറായി യുദ്ധമുഖത്തെത്തിയ വീരജവാന്മാരുടെ ജ്വലിക്കുന്ന ഓർമകൾ ഇന്നും നമുക്ക് അഭിമാനം നൽകുന്നുണ്ട്. എന്നാൽ, നമ്മുടെ നാടിനെ തകർക്കാൻ ഇറങ്ങിയ ഒരു വൈറസിനെ നേരിടുന്ന വേറിട്ട ഒരു യുദ്ധമുഖമാണ്  ഇന്ന് നമ്മുടെ മുന്നിൽ ഉള്ളത്. ഇവിടെ ശത്രുവിനെ നമുക്കു കാണാനാകില്ല. അവൻ നാമറിയാതെ നമ്മുടെ ഉള്ളിലേക്കു കടക്കാൻ ശ്രമിക്കുന്നു. ഇത് തടയാൻ കേരളം ഉണർന്നു പ്രവർത്തിക്കുന്നു. കേരളം രാജ്യത്തിനും ഒരു പടി മുന്നേ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും, മറ്റു മന്ത്രിമാരും എല്ലാം മുന്നിൽനിന്ന് ഇതിനെ നേരിടാനുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.

ആരും പുറത്ത് ഇറങ്ങരുതെന്നു മുഖ്യമന്ത്രി തന്നെ നിരന്തരം അഭ്യർത്ഥിക്കുന്നു. ഈ നാടിന്റെ സുരക്ഷയ്ക്ക്, നാട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിന്, നമുക്കു വേണ്ടിയാണ് ഇങ്ങനെ ഒരു നടപടി സ്വീകരിക്കേണ്ടിവന്നത്. ഇതും അനുസരിപ്പിക്കേണ്ട ഗതികേടിലാണ് പൊലീസ്. ഈ നാടിന്റെ ആരോഗ്യ സുരക്ഷയ്ക്കായി സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്മാർ തെരുവിലുള്ളത്. അനാവശ്യ യാത്രകൾ തടഞ്ഞു സ്വന്തം സുരക്ഷയ്ക്കു വീട്ടിൽ ഇരിക്കാൻ അഭ്യർത്ഥിക്കുമ്പോൾ അത് അനുസരിക്കുന്നില്ല എന്ന് മാത്രമല്ല, പൊലീസ്‌ ഉദ്യോഗസ്ഥരെ ആക്രമിക്കാനും ചിലർ തയാറാകുന്നു. ഇന്നലെ എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടത് ഇതാണ്. അനാവശ്യ യാത്രയ്ക്ക് ഇറങ്ങിയ രണ്ട് സഹോദരന്മാരോട് വീട്ടിലേക്കു തിരിച്ചു പോകാൻ അഭ്യർത്ഥിച്ച പൊലീസ് ഉദ്യോഗസ്ഥന്മാരെ കയ്യേറ്റം ചെയ്തു.

അതിനുമുൻപ് കോഴിക്കോട് ജില്ലയിലെ പയ്യോളി സ്റ്റേഷനിൽ ഉണ്ടായതു മറ്റൊന്നാണ്. വിദേശത്തു നിന്നും എത്തി വീട്ടിൽ നിരീക്ഷണം നിർദേശിച്ചിരുന്ന ഒരു യുവാവ്, ആരോഗ്യ വകുപ്പിന്റെ നിർദേശം ലംഘിച്ചു സുഹൃത്തുക്കളുമൊത്ത് ഒരു ബാറിൽ മദ്യപിക്കാനെത്തി. അവിടെ തമ്മിൽ തല്ലുണ്ടായി. പൊലീസ് സ്റ്റേഷനിലേക്കു പരാതി വന്നു. പൊലീസ് സ്ഥലത്തെത്തി  ഇവരേയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് വന്നു. മദ്യാസക്തിയിൽ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ചു. സ്റ്റേഷനിലെ ഫർണിച്ചറുകളും സാധനങ്ങളും തകർത്തു. ആ കേസിലും ഇവർ പ്രതികളായി. അതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് വിദേശത്തുനിന്ന് എത്തിയ ഇയാൾ ആരോഗ്യ വകുപ്പ് നിർദേശം ലംഘിച്ചയാളാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞത്. 

തുടർന്ന് റിമാൻഡ് ചെയ്ത ഇവരെ സബ് ജയിലിൽ എടുത്തില്ല. ഇവരേയും കൊണ്ട് കണ്ണൂർ സെൻട്രൽ ജയിലിലേക്കു പൊലീസ് ഉദ്യോഗസ്ഥർ പോയെങ്കിലും അവിടേയും എടുത്തില്ല. കാരണം കൊറോണ നിരീക്ഷണത്തിലുള്ളയാളെ ഇത്രയേറെ പ്രതികൾ കിടക്കുന്ന ജയിലിൽ പാർപ്പിക്കാൻ കഴിയില്ല. മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. ഇവർക്ക് സർവയലൻസ് ഡ്യൂട്ടിയിൽ പൊലീസുകാരുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ നിരീക്ഷണത്തിൽ ആയി. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഇനിയുമുണ്ട്.

ഇതു സൂചിപ്പിക്കുന്നത്, സ്വന്തം സുരക്ഷയ്ക്കും സാമൂഹ്യ സുരക്ഷയ്ക്കുമായി സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ ലംഘിച്ചു പുറത്ത് ഇറങ്ങുന്ന ചിലർ ഉണ്ടാക്കുന്ന  സാമൂഹിക പ്രശ്നങ്ങളാണ്. അതിൽ പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്. സർക്കാർ നിർദേശങ്ങൾ  ലംഘിക്കുന്നവരെ തടയാൻ മാർച്ച് മാസത്തിലെ ഈ പൊരി വെയിലത്തും തെരുവിലുള്ളത് കേരളത്തിന്റെ സ്വന്തം പൊലീസ് മാത്രമാണ്. അവർക്കു നേരെയും ഈ വൈറസ് ആക്രമണം ഉണ്ടാകാം. അദൃശ്യനായ ഈ ശത്രു പൊലീസ് ഉദ്യോഗസ്ഥരിലേക്കും കടന്നേക്കാം.  എന്നാലും ഈ നാടിനുവേണ്ടി ഈ ദൗത്യം നിറവേറ്റാൻ ഞങ്ങൾ തെരുവിലുണ്ടാകും. ഞങ്ങളാലാകുന്ന മുൻകരുതലുകളോടെ.  ജനതയാകെ സർക്കാർ നിർദേശങ്ങൾ അനുസരിക്കുന്നവരാകുക. അങ്ങനെയെങ്കിൽ മാത്രമേ ഈ മഹാവ്യാധിയെ നമുക്കു തടഞ്ഞു നിർത്താനാകൂ. അതുകൊണ്ട് തന്നെ ഒരിക്കൽ കൂടി അഭ്യർത്ഥിക്കട്ടെ, സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com