ADVERTISEMENT

കോഴിക്കോട് ∙ നാടു മുഴുവൻ കോവിഡ്–19 പ്രതിരോധത്തിൽ മുഴുകിയിരിക്കുമ്പോൾ കോഴിക്കോട് കലക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ ഹുസൂർ ശിരസ്തദാർ എറണാകുളത്തെ വീട്ടിലേക്കു സ്ഥലം വിട്ടു. ലോക്ഡൗൺ ചട്ടപ്രകാരം ഓരോ ഉദ്യോഗസ്ഥനും എവിടെയാണോ ജോലി ചെയ്യുന്നത് അവിടം വിട്ടു പോകാൻ പാടില്ല. അതു പാലിക്കാതെ സർക്കാർ വാഹനവും ഡ്രൈവറെയും ഉപയോഗിച്ചാണ് ഹുസൂർ ശിരസ്തദാർ സ്ഥലം വിട്ടത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണു കലക്ടർ എസ്. സാംബശിവ റാവു പ്രതികരിച്ചത്. കാര്യം അന്വേഷിച്ചു നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനായി സർക്കാർ ഉദ്യോഗസ്ഥർ രാപകൽ ജോലി ചെയ്യുമ്പോഴാണ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ സ്വന്തം വീട്ടിലേക്കു പോയത്. പല ജില്ലാ അതിർത്തികൾ കടന്നുള്ള യാത്ര സുഗമമാക്കാൻ അദ്ദേഹം സർക്കാർ വാഹനം ഉപയോഗിച്ചു. വിവിധ വകുപ്പുകളുടെ വാഹനവും ഡ്രൈവർമാരെയും കലക്ട്രേറ്റിൽ പ്രതിരോധ പ്രവർത്തനത്തിനായി കൊണ്ടിട്ടിരിക്കുകായാണ്. ഈ സാഹചര്യത്തിലാണു ലോക്ഡൗൺ ചട്ടം മറികടന്നു വീട്ടിൽ പോകാനായി ഉദ്യോഗസ്ഥൻ സർക്കാർ വാഹനം ഉപയോഗിച്ചത്.

മറ്റു ജില്ലക്കാർ‌ പലരും കോഴിക്കോട് കുടുങ്ങിക്കിടക്കുന്നുണ്ട്. അവർക്കു സ്വന്തം വീട്ടിലേക്കു പോകാൻ അധികൃതരെ സമീപിച്ചപ്പോൾ സംവിധാനം ഇല്ലെന്നും ലോക്ഡൗൺ കഴിയും വരെ ഇപ്പോഴുള്ളിടത്തു താമസിക്കാനുമാണ് ഉപദേശം ലഭിച്ചത്. പക്ഷേ കലക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ കലക്ടർ പോലും അറിയാതെ സർക്കാർ വാഹനത്തിൽ ജില്ല കടന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.

English Summary : Kozhikode Collectrate top official leaves district amid covid preventive duty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com