ADVERTISEMENT

തിരുവനന്തപുരം∙കോവിഡ് ബാധയെത്തുടർന്ന് രാജ്യം അടച്ചിട്ടതോടെ വളര്‍ത്തുമൃഗങ്ങൾക്കുള്ള ഭക്ഷണത്തിന് ക്ഷാമം നേരിട്ടു തുടങ്ങി. കാലിത്തീറ്റയും കോഴിത്തീറ്റയും പലയിടത്തും ലഭിക്കാത്ത സാഹചര്യമാണ്. തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കാലിത്തീറ്റയും കോഴിത്തീറ്റയും വൈക്കോലും വരുന്നത്.

അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് മിക്ക ഫാമുകളിലേക്കും പുല്ല് എത്തിക്കുന്നത്. ലോറികളുടെ വരവ് നിലച്ചതോടെ മിക്ക ഫാമുകളിലേക്കും പച്ചപ്പുല്ല് എത്തുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നു ഫാം ഉടമകള്‍ ആവശ്യപ്പെട്ടു. 

സംസ്ഥാന അതിർത്തികൾ അടച്ചതോടെ ഇവയുടെ വരവ് നിലച്ചു. അവശ്യ സർവീസുകളുടെ ഗണത്തിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റുള്ള സംസ്ഥാനങ്ങളിലെ വണ്ടികൾ കേരളത്തിലേക്കു ലോഡുമായി വരാൻ തയാറാകുന്നില്ല. 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നതാണ് ഇവരുടെ പിൻമാറ്റത്തിനു കാരണം.

തമിഴ്നാട്ടിൽനിന്ന് കാലിത്തീറ്റയും കോഴിത്തീറ്റയും കൊണ്ടുവരുന്നതിന് സർക്കാർ ഇടപെടൽ ആരംഭിച്ചെന്ന് മൃഗസംരക്ഷണ മന്ത്രിയുടെ ഓഫിസ് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽനിന്ന്  വണ്ടികൾ വരാൻ തയാറാകാത്ത സാഹചര്യമുണ്ട്. ഇവിടെനിന്നും ആരും അങ്ങോട്ട് പോകാൻ തയാറല്ല. സർക്കാർ നിയന്ത്രണത്തിലുള്ള വണ്ടികൾ അയച്ച് തീറ്റ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പലയിടത്തും വയ്ക്കോൽ കിട്ടാത്ത സാഹചര്യമുണ്ട്. കൊയ്ത്തു കഴിയുന്ന പാടങ്ങളിൽ വയ്ക്കോലുണ്ടെങ്കിലും ലോഡ് കൊണ്ടുവരാൻ മിക്കവരും തയാറാകുന്നില്ല. വയ്ക്കോലും കാലിത്തീറ്റയും കൊണ്ടുവരാൻ വണ്ടികൾക്ക് പ്രത്യേക സ്റ്റിക്കറുകൾ ജില്ലാ ഓഫിസുകളിൽനിന്ന് നൽകുന്നുണ്ടെന്ന് മൃഗസംരക്ഷണ ഡയറക്ടർ പറഞ്ഞു. ജില്ലകളിൽ വയ്ക്കോൽ ക്ഷാമമുണ്ടെങ്കിൽ പരിഹരിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. അവരുമായി ചേർന്ന് പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നും ഡയറക്ടർ അറിയിച്ചു.

നൂറോളം പശുക്കളുണ്ടെന്നും ഇവയ്ക്ക് എങ്ങനെ തീറ്റ കൊടുക്കാനാവുമെന്നുമുള്ള ആശങ്കയിലാണെന്നു സിനിമാ നിര്‍മാതാവും ഫാം ഉടമയുമായ ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.  ഈ മിണ്ടാപ്രാണികള്‍ക്കും ഭക്ഷണം വേണം. അവറ്റകള്‍ക്കും കരുതല്‍ നല്‍കണം. നേരത്തെ കമ്പത്തു നിന്നാണ് തീറ്റ കൊണ്ടുവന്നിരുന്നത്. ചെക്‌പോസ്റ്റുകള്‍ അടച്ചതോടെ അത് പ്രായോഗികമല്ല. കുട്ടനാട്ടില്‍ കൊയ്ത്തു തുടങ്ങിയിട്ടും കറ്റ കയറ്റിവിടാന്‍ പറ്റാത്ത സാഹചര്യമാണെന്നാണ് കേള്‍ക്കുന്നത്. ഈ വിഷയം ശ്രദ്ധയില്‍പെട്ടാല്‍ മുഖ്യമന്ത്രി അടിയന്തരനടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും ടോമിച്ചന്‍ പറഞ്ഞു. 

English Summary: Want to feed pet animals during lockdown, people in Kerala feel difficulty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com