sections
MORE

ശ്വാസം പിടിച്ച് മുംബൈ ചേരികൾ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 4 പേർക്ക്

mumbai-slum-area-corona
ഇങ്ങനെ ചിലർ ഇവിടെ... പന്‍വേലിലെ ചേരിമേഖലയില്‍ മുഖാവരണമോ മാസ്കോ ധരിക്കാതെ കുട്ടികളോടെ‍ാപ്പം നടന്നുപോകുന്ന സ്ത്രീകള്‍, ചിത്രം വിഷ്ണു വി.നായർ∙ മനോരമ
SHARE

മുംബൈ ∙ കോവിഡ് ബാധ മുംബൈയിലെ ചേരികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ലക്ഷക്കണക്കിനു പേർ വസിക്കുന്ന ഒട്ടേറെ ചേരികളാണു നഗരത്തിലുള്ളത്. തകരപ്പാട്ടകൾ നിരത്തിവച്ചിരിക്കുന്നതുപോലെ കഷ്ടിച്ചു കഴിഞ്ഞുകൂടാവുന്ന കുടിലുകളിൽ കോവിഡ് കാലത്ത് ജനം വെന്തുരുകയാണ്. സാമൂഹിക അകലത്തിന്റെ നിർദേശങ്ങളും ചിത്രങ്ങളും നഗരത്തിലുടനീളം കാണാമെങ്കിലും ആ അകലമെന്നാൽ ചേരിയിലെ ഒരു ചെറിയ കുടിലാണ്. അതാണ് ഇൗ മേഖലയിൽ രോഗം പടർന്നാലുളള വെല്ലുവിളിയും.

ഒരാളുടെ നിശ്വാസം മറ്റൊരാളുടെ ശ്വാസത്തിനോടു ചേർന്നുനിൽക്കുന്നു. ചുമച്ചാലും തുമ്മിയാലും മറ്റൊരാളിലേക്ക് അണുക്കൾ എത്തുന്ന സാഹചര്യം. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ തുടർച്ചയായ അറിയിപ്പുകളും നിർദേശങ്ങളും ചേരിമേഖലകളിൽ ഉടനീളം സർക്കാർ നൽകുന്നുണ്ട്. എന്നാൽ, ഒരു ചെറിയ വീടിന്റെ ഒരു മുറിയുടെ മാത്രം വലിപ്പമുള്ള കുടിലുകളിൽ അഞ്ചും ആറും പേർ തിങ്ങിഞെരുങ്ങി കഴിയുന്ന എത്രയോ കുടുംബങ്ങൾ.

മുംബൈയിലെ വിവിധ ചേരികളിലും ചാളുകളിലുമായി ഇതുവരെ 4 പേർക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പരേലിലെ ചാൾ, കലീനയിലെ ജംപ്ലിപാഡ ചേരി എന്നിവിടങ്ങളിൽ ഒരോരുത്തർക്കും ഘാട്കോപ്പറിലെ ചേരിയിൽ രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ടു പേർ മുതിർന്ന പൗരൻമാരും മറ്റു രണ്ടു പേർ 25നും 40നും മധ്യേ പ്രായമുളളവരുമാണ്.

കലീനയിലെ ചേരിയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ഇറ്റലിയിൽ നിന്നെത്തിയ യുവാവിനാണ്. വെയിറ്ററായി ജോലി ചെയ്തിരുന്ന ഇദ്ദേഹം തിരിച്ചെത്തിയ ശേഷം  പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നെന്നും പിന്നീട് രോഗലക്ഷണങ്ങൾ കൂടുതലായി പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആയിരത്തോളം കുടിലുകളാണ് ഇൗ ചേരിയിലുള്ളത്. അവരെല്ലാം ആ കുടുംബത്തെ ചീത്തവിളിക്കുകയാണ്. പലരും വിഡിയോയിലൂടെ പ്രതിഷേധിക്കുന്നു.

എന്നാൽ, സർക്കാർ നിർദേശങ്ങളെല്ലാം പാലിച്ചാണ് യുവാവ് കഴിഞ്ഞിരുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ചേരിയിലെ ആളുകളുടെ വിദ്യാഭ്യാസപരിമിതകളാണ് രൂക്ഷമായ പ്രതികരണങ്ങൾക്കു കാരണം. ചേരികളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ യാത്ര, ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയാണ് സർക്കാർ ഉദ്യോഗസ്ഥർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആളുകളെ സർക്കാർ നിർദേശപ്രകാരം അടക്കിയൊതുക്കി ഇരുത്തുകയും പ്രയാസം.

English Summary: Coronavirus Spreads To Mumbai Slums; 4 Patients From Different Slums And Chawls Test Positive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA