ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് നിരോധനം നടപ്പാക്കുന്നതിന് നിയോഗിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗ നിർദേശങ്ങള്‍ പുറപ്പെടുവിച്ചു. വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊലീസുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. അവര്‍ക്ക് ഗ്ലൗസ്, മാസ്ക്, സാനിറ്റൈസര്‍ എന്നിവയും നല്‍കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകാന്‍ സംവിധാനമൊരുക്കണം. പൊലീസുകാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളിലോ വ്യക്തികളെയോ സ്പര്‍ശിക്കാന്‍ പാടില്ല. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ കൃത്യമായ അകലം പാലിക്കണം. 

നിയന്ത്രണങ്ങള്‍ ദീര്‍ഘനാള്‍ തുടരുന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനു വേണ്ടി ജോലി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആക്കാന്‍ നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ നിയോഗിക്കുന്നതിന് ഒരു വിഭാഗം പൊലീസുകാരെ റിസർവ് ആയി നിര്‍ത്താനും ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി. ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥനായിരിക്കും പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനുള്ള ചുമതല.

പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനു റേഞ്ച് ഡിഐജിമാരും സോണല്‍ ഐജിമാരും നടപടി സ്വീകരിക്കും. ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റന്‍റ് കമാൻഡന്‍റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ഡ്യൂട്ടിയില്‍ ഇല്ലാത്ത ബറ്റാലിയനുകളിലെ പൊലീസുകാര്‍ ബാരക്കില്‍ത്തന്നെ തുടരേണ്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, വ്യക്തിശുചിത്വം എന്നിവയെക്കുറിച്ച് എല്ലാ ദിവസവും പൊലീസുകാര്‍ക്കു നിർദേശങ്ങള്‍ നല്‍കണമെന്നും സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു.

English Summary : DGP to ensure well being of police officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com