ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ ആരമ്പാക്കം സ്വദേശി നിസാമുദ്ദീൻ, കൊല്ലം ചാത്തന്നൂർ സ്വദേശികളായ പ്രവീൺ, നിഥിൻ, ഷിബു. ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടില്ലാത്ത, നേരിയ പരിചയം പോലുമില്ലാത്ത ഇവർക്കിടയിൽ പാലമായി ഒരു പറ്റം വ്യക്തികളും സംഘടനകളും. ഇവരെല്ലാം കഥാപാത്രങ്ങളായി വരുന്ന സംഭവകഥ അവസാനിക്കുമ്പോൾ തെളിഞ്ഞുവരുന്ന ചിത്രം ഒന്നു മാത്രം- കോവിഡ് കാലത്തും തെളിഞ്ഞു നിൽക്കുന്ന മനുഷ്യ നന്മയുടെ മനോഹര ചിത്രം.

പ്രവീണിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കൊല്ലത്തു നിന്നു ടൂറിസ്റ്റ് ബസിൽ തൊഴിലാളികളെ ബംഗാളിലേക്കു കൊണ്ടുപോകുന്നിടത്തു നിന്നാണു കഥ തുടങ്ങുന്നത്. തിരിച്ചുവരുന്ന വഴിയിലാണു രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപനം. പല സംസ്ഥാനങ്ങളിലും തടസ്സങ്ങൾ പിന്നിട്ടു ഇവർ കഴിഞ്ഞ ദിവസം രാവിലെ 11നു തമിഴ്നാട്ടിലെ ആരമ്പാക്കത്തെത്തി. പൊലീസ് തടഞ്ഞു. വാഹനം ഉപേക്ഷിച്ചു നടന്നു പോകാനായിരുന്നു പൊലീസിന്റെ നിർദേശം. രണ്ടു ദിവസത്തോളമായി മതിയായ ഭക്ഷണമോ മറ്റോ ലഭിക്കാതെ അവശരായിരുന്ന ഇവർ വാട്സാപ് വഴി സഹായാഭ്യർഥന നടത്തി.

ടൂറിസ്റ്റ് വാഹനങ്ങളുടെ സംഘടനയായ കോൺട്രാക്ട് ക്യാരേജ് ഓർഗനൈസേഷൻ ഭാരവാഹികളുടെ ഇടപെടലിനെത്തുടർന്ന് ആരമ്പാക്കത്തെ എൻആർഎസ് ട്രാവൽസ് ഉടമ നിസാമുദ്ദീൻ ഇവർക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കി. കേരളത്തിൽ നിന്നുള്ളവരാണെന്നു പറയുമ്പോൾ കോവിഡ് പരത്തുന്നവരാണെന്ന രീതിയിൽ മോശം പെരുമാറ്റമാണു മറ്റു പല സ്ഥലങ്ങളിലും ഇവർക്കു ലഭിച്ചത്. എന്നാൽ, നിസാമുദ്ദീൻ വീട്ടിൽ ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യമൊരുക്കിയതായി പ്രവീണും സംഘവും പറയുന്നു.

ഇതിനിടെ, മുത്താമുതുപേട്ട കേരള സമാജം സെക്രട്ടറി സുരേന്ദ്ര ബാബു, ആവഡി കേരള സമാജം സെക്രട്ടറി ഗണേഷ് ബാബു എന്നിവർ പ്രശ്നം സിടിഎംഎ പ്രസിഡന്റ് എം.എ.സലിമിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഗുമ്മിഡിപ്പൂണ്ടിയിലെ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ക്ലെമന്റും ഇടപെട്ടു. ഇതോടെ, 12 മണിക്കൂറിനു ശേഷം രാത്രി പതിനൊന്നു മണിയോടെ ഇവർക്കു വാഹനവുമായി നാട്ടിലേക്കു പോകാനായി. ഇന്നലെ രാത്രി വൈകി നാട്ടിൽ തിരിച്ചെത്തുമ്പോൾ നന്ദി പറയാനുണ്ടായിരുന്നതു ഒരു കൂട്ടം മലയാളി സംഘടനാ പ്രവർത്തകർക്കും കോവിഡ് കാലത്തും പ്രതീക്ഷയുടെ മുഖമായി മാറിയ നിസാമുദ്ദീനും.

English Summary: Keralites stuck in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com