ADVERTISEMENT

കൊച്ചി ∙ അൽപസമയം മുൻപ് ഒരു കാര്യവുമില്ലാതെ ബൈക്കെടുത്തു പുറത്തേയ്ക്കു പോയ കൂട്ടുകാരൻ മൊബൈൽ ഫോണിൽ വിളിച്ച് ഉപദേശിക്കുന്നു ‘എടാ കൊറോണയാണ്, പുറത്തേയ്ക്കെറങ്ങല്ല് കേട്ടാ’ എന്ന്. ഉപദേശം കേട്ട കൂട്ടുകാരന് ചിരിയടക്കാനാവുന്നില്ല, ‘ഒന്നു പോടാപ്പാ, ഞാൻ പൊറത്തെറങ്ങും’ അതിനിടെ ‘നിന്റെ ഡിപി എടുത്തിട്ടൊണ്ട് ഇങ്ങോട്ടു വാ’ എന്ന് അടുത്തു നിന്ന് പൊലീസുകാരനും. തിങ്കളാഴ്ച രാവിലെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ബേസിൽ ജോസ് എന്ന പൊലീസുകാരൻ ഫെയ‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ മണിക്കൂറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനു പേർ.

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കാണ് കങ്ങരപ്പടി സ്വദേശിയായ യുവാവ് ബൈക്കുമെടുത്ത് കറങ്ങാനിറങ്ങിയത്. ചെന്നു പെട്ടത് 144 ലംഘിച്ച് കറങ്ങിനടക്കുന്നവരെ പരിശോധിക്കാനിറങ്ങിയ പൊലീസ് സംഘത്തിന്റെ മുന്നിൽ. അഞ്ചു മണി വരെ മാത്രമേ കടകളുള്ളൂ എന്നതിനാൽ ആറരയ്ക്ക് പുറത്തിറങ്ങണ്ട ഒരു കാര്യവുമില്ല. ചോദിച്ചപ്പോൾ മറുപടി, കേബിൾ കടയിലേയ്ക്കാണത്രെ.

‘കൊച്ചു പയ്യൻ, തല്ലിയോടിച്ചാലൊന്നും ഈ പ്രായക്കാർ നന്നാവില്ലല്ലോ, കേസെടുത്താൽ അവന്റെ ജീവിതം ഒരു വഴിക്കാകും. പാസ്പോർട്ടെടുക്കാനും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാനും കുറച്ച് കഷ്ടപ്പെടും. അതുകൊണ്ടാണു കേസെടുക്കാതിരുന്നത്’ – എന്ന് വിഡിയോ പോസ്റ്റ് ചെയ്ത ബേസിൽ ജോസ്. പകരം 25 പേരെ വിളിച്ച് ‘കൊറോണയാണ്, 144 ലംഘിച്ച് ആവശ്യമില്ലാതെ പുറത്തിറങ്ങരുത്’ എന്നു പറഞ്ഞാൽ വെറുതെ വിടാമെന്ന് പറഞ്ഞു.

ഫോണെടുക്കുന്നവരുടെ എല്ലാം പ്രതികരണം രസകരമായിരുന്നു. ആദ്യം അവർക്ക് തമാശയാണ് തോന്നിയത്. ബെസ്റ്റ് കക്ഷിയല്ലേ വിളിച്ച് ഉപദേശിക്കുന്നേ, പൊലീസ് അടുത്തുണ്ട്, കാര്യമായാണ് പറയുന്നതെന്ന് മനസിലായപ്പോൾ അവരും സീരിയസായി. സ്വന്തം ഉമ്മയെയും വിളിച്ച് മകൻ ഉപദേശിക്കുന്നുണ്ട്. പെട്ടെന്ന് വരുമെന്ന് പറഞ്ഞേക്കാൻ അടുത്തു നിന്ന പൊലീസുകാരിൽ ഒരാൾ ഉമ്മയെ ആശ്വസിപ്പിക്കുന്നുമുണ്ട്. എന്തായാലും വിഡിയോ ഒന്നു വെട്ടി ചെറുതാക്കി ഫേസ്ബുക്കിൽ ഇട്ടപ്പോൾ നല്ല പ്രതികരണം.

ഏഴായിരത്തിലധികം ഷെയറുകൾ. ഒരു മോശം കമന്റു പോലുമില്ല. അല്ലെങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേ ഡിലീറ്റ് ചെയ്യുമായിരുന്നെന്ന് ബേസിൽ. അടിച്ചോടിക്കുന്ന, ഏത്തമിടീക്കുന്ന പൊലീസിനെ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ വിമർശിച്ചപ്പോൾ അതിവേഗം പൊലീസ് മാറിയതിൽ വിഡിയോ കണ്ടവർക്കും അദ്ഭുതം. സ്വന്തം മുഖം ഷൂട്ട് ചെയ്ത് സെൽഫിയടിക്കാത്തതിനും ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുണ്ട് ചിലർ. എഎസ്ഐ സുനിലിന്റെ നേതൃത്വത്തിലായിരുന്നു പൊലീസുകാരുടെ പരിശോധന.

English Summary: Kerala Lockdown: ‘advice’ punishment for youth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com