ADVERTISEMENT

ന്യൂഡൽഹി ∙ നിസ്സാമുദ്ദീനിൽ മാർച്ച് 17 മുതൽ 19 വരെ നടന്ന തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തിൽ പ‌ങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യയിൽ കോവിഡ് രോഗം വന്നശേഷം ഇത്രയും പേർക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതിനെതുടർന്ന് ഇൗ പ്രദേശത്ത് ലോക്ഡൗൺ കർശനമാക്കി. രണ്ടായിരത്തോളം പേർ ഹോം ക്വാറന്റീനിലാണ്.

സമ്മേളനത്തിൽ 2500 പ്രതിനിധികൾ പങ്കെടുത്തിരിക്കാം എന്നാണു കണക്കാക്കുന്നത്. അവരെല്ലാം സമ്മേളനത്തിനു വന്നവരല്ല, വലിയൊരു വിഭാഗം സമ്മേളനത്തിനു വന്നവരോടൊപ്പം ഡൽഹി, യുപി എന്നിവിടങ്ങൾ സന്ദർശിക്കാൻ വന്നവരാണ്. തമിഴ്നാട്ടിൽനിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് 1000 പേരും വന്നിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിർഗിസ്ഥാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് 280 പേരും എത്തി.

ഡൽഹിയിൽ എത്തിയവരിൽ വലിയൊരു വിഭാഗം യുപിയിലെ ദിയുബന്ദിലേക്കും പോയിരുന്നു. ഇന്തൊനീഷ്യയിൽ നിന്നു വന്ന 11 പേർ ഹൈദരാബാദിൽ പോയി രോഗബാധിതരായി. അവർക്ക് കോവിഡ് സ്ഥിരീരിച്ചു. ആൻഡമാനിൽനിന്നു വന്ന ആറു പേരും മടങ്ങിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. ശ്രീനഗറിൽനിന്നു വന്ന വ്യക്തിയും തെലങ്കാനയിൽ നിന്നു വന്ന വ്യക്തിയും തമിഴ്നാട്ടിൽ നിന്നു വന്ന ഒരാളും കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.

ഇതോടെയാണ് ഡൽഹി പൊലീസ് ഇവിടെ നിന്നുള്ള 200 പേരെ ആശുപത്രിയിലാക്കാനും രണ്ടായിരത്തോളം പേരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചത്. പുതിയ സാഹചര്യത്തിൽ നിസാമുദ്ദീനും പരിസരപ്രദേശവും പൂർണമായും ഡൽഹി പൊലീസിന്റെ നിയന്ത്രണത്തിലായി. ഇവിടെ ലോക്ഡൗൺ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡ്രോണുകൾ ഉൾപ്പെടെ വിന്യസിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു. കോവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് മേഖലയിൽ ഒരു മെഡിക്കൽ ക്യാംപും നടക്കുന്നുണ്ട്.

English Summary: 200 At Risk After Delhi Mosque Event Amid Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com