ADVERTISEMENT

തളിപ്പറമ്പ് ∙ പുതിയ കാറെടുത്തു, പിന്നാലെയെത്തി ലോക്ഡൗൺ. എത്രനാൾ അതൊന്ന് ഓടിക്കാതെ കണ്ടുകൊണ്ടിരിക്കും. ഒടുവിൽ എന്തു വന്നാലും വേണ്ടിയില്ലെന്നു കരുതിയാണ് കാസർകോട് ആലമ്പാടി സ്വദേശി സി.എച്ച്.റിയാസ് കാറെടുത്ത് റോഡിലിറങ്ങിയത്. റോഡിലിറങ്ങിയതിന്റെ കാരണം ‘കാറോടിച്ച് കൊതി തീർക്കുക’ എന്നതായതിനാൽ സത്യവാങ്മൂലമൊന്നും എഴുതി കയ്യിൽ കരുതിയില്ലെന്നു മാത്രമല്ല, പൊലീസ് കൈകാണിച്ചിട്ടു നിർത്തിയതുമില്ല.

നിരത്തിൽ വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ 100–120 കിലോമീറ്റർ വേഗത്തിലായിരുന്നു ഓട്ടം. തളിപ്പറമ്പിലെത്തി സ്റ്റേറ്റ് ഹൈവേയിൽ കയറിപ്പോൾ ഓടിക്കാൻ നല്ല റോഡ് കിട്ടിയതിന്റെ ആഹ്ലാദത്തിൽ ഒരു തടസവും മൈൻഡ് ചെയ്തില്ല. ഒടുവിൽ ഇരിട്ടി മാലൂരിൽ വച്ച് നാട്ടുകാർ വാഹനം കുറുകെ ഇട്ട് വഴി തടഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസർകോട്ടുനിന്ന് ഒരാൾ വരുന്നതറിഞ്ഞ് നാട്ടുകാർ വഴി തടയാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഒടുവിൽ കയ്യും കാലും കെട്ടിയിട്ടാണ് റിയാസിനെ പൊലീസിനെ ഏൽപിച്ചത്.

ഫോർ റജിസ്ട്രേഷൻ വണ്ടിയാണ് എന്നൊന്നും നാട്ടുകാരും നോക്കിയില്ല. അടിച്ചു തകർത്തു. തളിപ്പറമ്പ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയിൽ എടുത്ത ശേഷം ലോക്ഡൗൺ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു. നേരത്തെ വാഹനമോഷണക്കേസിൽ പ്രതിയായിട്ടുണ്ടെങ്കിലും ഇപ്പോൾ ഇയാൾക്കെതിരെ മറ്റു കേസുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.

English Summary: Car owner attacked in Kasargod during lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com