ADVERTISEMENT

കോട്ടയം ∙ ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിൽ ജോലിക്കായി എത്തുന്നവരെ ‘അതിഥി തൊഴിലാളി’ എന്നു വിളിക്കുന്നതു കടുത്ത വിവേചനപരമാണെന്ന് കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കുനേരെ സമൂഹമധ്യമങ്ങളിലുൾപ്പെടെ വൻതോതിൽ വംശീയ-പ്രാദേശിക വിവേചനത്തോടെ അക്രമം നടക്കുമ്പോൾ പ്രസ്തുത സംബോധനയിലെ അപകടവും ഭരണഘടനാവിരുദ്ധതയും മനസിലാക്കാൻ ഭരണാധികാരികൾക്ക് സാധിക്കണമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിഷ്ണുനാഥ് പറഞ്ഞു.

വിഷ്ണുനാഥിന്റെ കുറിപ്പിന്റെ പൂർണരൂപം:

ആദരപൂർവം എന്ന വ്യാഖ്യാനത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഇപ്പോൾ പ്രയോഗിക്കുന്ന ‘അതിഥി തൊഴിലാളി’ പരാമർശം കടുത്ത വിവേചനപരമാണ്; ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കുനേരെ സമൂഹമധ്യമങ്ങളിലുൾപ്പെടെ വൻതോതിൽ വംശീയ-പ്രാദേശിക വിവേചനത്തോടെ അക്രമം നടക്കുമ്പോൾ പ്രസ്തുത സംബോധനയിലെ അപകടവും ഭരണഘടനാവിരുദ്ധതയും മനസിലാക്കാൻ ഭരണാധികാരികൾക്ക് സാധിക്കണം.

ഒരു മലയാളി ഡൽഹിയിലോ തമിഴ്നാട്ടിലോ കൊൽക്കത്തയിലോ ബംഗാളിലോ മഹാരാഷ്ട്രയിലോ ജോലി ചെയ്യാൻ പോകുന്നത് അവിടുത്തെ 'അതിഥി തൊഴിലാളി' ആയിട്ടല്ലെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ മനസിലാക്കണം; ഇന്ത്യൻ പൗരൻ എന്ന നിലയിൽ അയാൾക്ക് കൂടി അവകാശപ്പെട്ട, സ്വത്തുൾപ്പെടെ ആർജിക്കാൻ ഭരണഘടന അനുവാദം നൽകുന്ന ഇന്ത്യയിലെ ഒരു പ്രദേശത്തേക്കാണ് അവർ എത്തിയത്.

തിരിച്ച്, ബംഗാളുകാരനോ തമിഴ്നാട്ടുകാരനോ ബിഹാറുകാരനോ കേരളത്തിലേക്ക് ജോലിക്കു വരുന്നത് ഇന്ത്യൻ പൗരനെന്ന നിലയിൽ അവനുകൂടി അവകാശപ്പെട്ട ഇന്ത്യയുടെ ഭാഗമായ മണ്ണിലേക്കാണ്. ഇന്ത്യക്കാരൻ എന്ന നിലയിൽ അവന് ഭക്ഷണം കൊടുക്കുക, തൊഴിൽ-ജീവിത സുരക്ഷ നൽകുക, ആശുപത്രി സേവനം നൽകുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്; ആരുടേയും ഔദാര്യമോ കാരുണ്യമോ അല്ല.

ഒരു കാസർകോടുകാരന് മംഗലാപുരത്തേക്ക് പോവണമെന്നുള്ളത് യെഡിയൂരപ്പയുടെ ഔദാര്യത്തിന്റെയും കാര്യമല്ല; കാരണം കർണാടകയുടെ അതിഥിയല്ല കാസർകോടുകാരൻ; ഇന്ത്യക്കാരൻ എന്ന നിലയിൽ അവനുകൂടി അവകാശപ്പെട്ട ഇന്ത്യയുടെ ഭാഗമാണ് മംഗലാപുരം. അവിടെ റോഡിൽ മണ്ണിട്ട് സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന് ഒരു ഭരണാധികാരിക്കും ഇന്ത്യൻ ഭരണഘടന അധികാരവും അവകാശവും നൽകുന്നില്ല. ‘അന്യസംസ്ഥാനം’ എന്ന സ്ഥിരം പരാമർശത്തിലെ രാഷ്ട്രീയ ശരികേട് എന്തെന്നും എല്ലാവർക്കും അറിയാമല്ലോ. ഇന്ത്യയിൽ ആരും ആർക്കും അന്യരല്ല..

എന്റെ പൗരത്വം ഇന്ത്യൻ എന്നാണെങ്കിൽ പശ്ചിമബംഗാൾ എനിക്ക് കൂടി അവകാശപ്പെട്ടതാണ്; അവിടെ യാതൊരു വിവേചനവും കൂടാതെ ജീവിക്കാനും ജോലി ചെയ്യാനും അവകാശമുണ്ട്. അവിടുത്തെ സർക്കാർ എന്നെ അതിഥിയായാണ് കാണുന്നതെങ്കിൽ എനിക്കാ മണ്ണിൽ അവകാശമില്ലെന്നാണർത്ഥം; അതിഥിയും ആതിഥേയരും ഒരേ രാജ്യത്തെ പൗരനെ സംബന്ധിച്ച് എത്ര വിവേചനപരവും മണ്ണിന്റെ മക്കൾ വാദം പോലെ പ്രാദേശികബോധത്തെ ഉത്തേജിപ്പിക്കുന്നതും വംശീയചിന്ത വളർത്തുന്നതുമാണെന്ന വിശാലമായ പൊതുകാഴ്ചപ്പാട് നമ്മുടെ ഭരണാധികാരികൾക്കുണ്ടാവട്ടെ....

#ഒരേയൊരിന്ത്യ_ഒരൊറ്റ_ജനത

English Summary: PC Vishnunath criticise Kerala address migrant labourers as guest labourers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com