ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാരുടെ ശമ്പള നിയന്ത്രണം ഇപ്പോൾ ആലോചനയിലില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാനുള്ള നിര്‍ദേശത്തെ ഐഎന്‍ടിയുസി സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ന് ലഭിച്ചത് ആകെ 32,01,71,627 രൂപയാണ്. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും ഒരുമാസത്തെ ശമ്പളം നല്‍കാമെന്ന് അറിയിച്ചു. ഇതിന്‍റെ ആദ്യ ഗഡുവായി 20 കോടി രൂപയുടെ ചെക്ക് വൈദ്യുതി മന്ത്രി എം.എം. മണി ഏല്‍പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു ജില്ലകളിലെ ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ സംവിധാനം ഒരുക്കുന്നതിന് 50 കോടി രൂപ കെഎസ്ഇബി നേരത്തേ നല്‍കിയിരുന്നു. കേരള പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഒരുകോടി രൂപ സംഭാവന നല്‍കി. കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ഒരുകോടി രൂപ സംഭാവന നല്‍കി. കൊല്ലം കോര്‍പ്പറേഷന്‍ ഒരുകോടി രൂപ നല്‍കി. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സഹകരണസംഘം 50 ലക്ഷം രൂപ സംഭാവന നല്‍കി.

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ 50 ലക്ഷവും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും നല്‍കി. കര്‍ണാടക അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട് ചരക്കുനീക്കവും രോഗികളുടെ സഞ്ചാരവും ഉറപ്പാക്കുന്നതിന് ഇടപെടാമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. വീടുകള്‍ അണുമുക്തമാക്കാനെന്ന പേരില്‍ ലോറിയില്‍ വെള്ളവുമായി ചിലര്‍ കറങ്ങുന്നുണ്ട്. വീടുകളുടെ മതിലിലും ഗെയിറ്റിലും ലായനി തളിക്കുന്നു. ഇത് അണുവിമുക്ത ലായനിയാണോ എന്നൊന്നും ഉറപ്പില്ല. ബാനറും കൊടിയും നിറവും വെച്ചുള്ള പ്രചാരണപരമായ ഇത്തരം ഏര്‍പ്പാടുകള്‍ ഒഴിവാക്കണം.

പലയിടങ്ങളിലും കുടിവെള്ളക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അക്കാര്യത്തില്‍ ജലവിഭവവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ ചെലുത്തണം. ഗതാഗതം പരിമിതപ്പെട്ട നിലയില്‍ ഉറവിട മാലിന്യ സംസ്കരണത്തിന്‍റെ പ്രസക്തി വര്‍ധിക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈ എടുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് നേതൃത്വം നല്‍കുകയും ഏകോപിപ്പിക്കുകയും വേണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

English Summary: CM Pinarayi Vijayan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com