ADVERTISEMENT

ന്യൂഡൽഹി∙ കൊറോണ വൈറസിനെ തുരത്തുന്നതിന്റെ ഭാഗമായി ജനങ്ങളെ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനമൊരുക്കി പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ). പേഴ്സനൽ സാനിറ്റൈസേഷൻ എൻക്ലോഷർ (പിഎസ്ഇ) എന്നു പേരിട്ടിരിക്കുന്ന താൽക്കാലിക മുറിയാണ് അണുനശീകരണ പ്രക്രിയ നടത്തുക. മുറിയിൽ പ്രവേശിച്ചാലുടൻ കാൽക്കീഴിലുള്ള പെഡലിൽ ചവിട്ടുമ്പോൾ പ്രക്രിയ ആരംഭിക്കും. 

ഇലക്ട്രിക് മോർട്ടർ വഴി ഹൈപ്പോ സോഡിയം ക്ലോറൈഡ് മിശ്രിതം വ്യക്തിക്കു മേൽ സ്പ്രേ ചെയ്യും. 25 സെക്കൻഡ് നീളുന്ന പ്രക്രിയയിൽ കണ്ണടച്ചു വേണം മുറിയിൽ നിൽക്കാൻ. അതിനൊടുവിൽ അണുവിമുക്തമായി വ്യക്തിക്കു പുറത്തിറങ്ങാം. 700 ലീറ്റർ സംഭരണശേഷിയുള്ള ടാങ്കിലാണ് സോഡിയം ക്ലോറൈഡ് സൂക്ഷിച്ചിരിക്കുന്നത്. ഒരു തവണ നിറച്ചാൽ 650 പേരെ അണുവിമുക്തമാക്കാൻ ഇതിലൂടെ സാധിക്കും. 

രാജ്യത്തുടനീളം ലഭ്യമാക്കുന്നതിന് വരും ദിവസങ്ങളിൽ അവ വ്യാപകമായി നിർമിക്കാനാണു ഡിആർഡിഒ പദ്ധതി. കോവിഡ് പടർന്നുപിടിച്ച സ്ഥലങ്ങൾ, ആശുപത്രി കവാടങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിക്കും. 

രോഗം തടയുന്നതിനു മരുന്ന് കണ്ടുപിടിക്കുന്നതുൾപ്പെടെയുള്ള ഗവേഷണ പ്രവർത്തനങ്ങൾക്കും ഡിആർഡിഒ തുടക്കമിട്ടിട്ടുണ്ട്. ഉന്നത നിലവാരമുള്ള ലാബുകളുള്ളതിനാലാണ് ഡിആർഡിഒയെ ഗവേഷണത്തിന്റെ ഭാഗമാക്കാൻ സർക്കാർ തീരുമാനിച്ചത്. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സാംപിളുകൾ ഡിആർഡിഒയ്ക്കു ലഭ്യമാക്കും. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻസിഡിസി) മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഗവേഷണം. ആദ്യ ഘട്ടത്തിൽ ബെംഗളൂരു, മധ്യപ്രദേശിലെ ഗ്വാളിയർ എന്നിവിടങ്ങളിലെ ലാബുകളിലാണു ഗവേഷണങ്ങൾ നടക്കുക. വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധയിടങ്ങളിലുള്ള ലാബുകളിലേക്കും ഇതു വ്യാപിപ്പിക്കും. 

ഡിആർഡിഒയ്ക്കു കീഴിൽ ഗ്വാളിയറിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്  (ഡിആർഡിഇ) ആണു ഗവേഷണങ്ങൾക്കു നേതൃത്വം നൽകുന്നത്. ശത്രു സേനയുടെ രാസ, ജൈവ ആക്രമണങ്ങൾക്കെതിരായ പ്രതിരോധ മാർഗങ്ങൾക്കു രൂപം നൽകാൻ സ്ഥാപിച്ച കേന്ദ്രത്തെ മറ്റൊരു ദൗത്യം കൂടി ഇപ്പോൾ ഏൽപിച്ചിട്ടുണ്ട് – ഉന്നത നിലവാരമുള്ള ഹാൻഡ് സാനിറ്റൈസറുകളുടെ നിർമാണം. 

English Summary : Covid: drdo develops personal sanitisation enclosure 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com