sections
MORE

ലോകത്തെ വരിഞ്ഞുമുറുക്കി കൊറോണയ്ക്ക് ജനിതകമാറ്റം; കണ്ടത് മൂന്നിനം

Coronavirus Genetic Mutation
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മാസ്‌ക് ധരിച്ച കുട്ടി. തായ്‌ലൻഡിൽനിന്നുള്ള കാഴ്ച.
SHARE

ലോകത്ത് നിലവില്‍ പടരുന്നത് പുതിയ മൂന്നിനം കൊറോണ വൈറസുകളാണെന്നു പഠനം. അതിൽ യുഎസിനെ വരിഞ്ഞുമുറുക്കിയത് ചൈനയിൽ നിന്ന് ഉദ്ഭവിച്ച ‘ഒറിജിനൽ’ വൈറസും. എന്നാൽ ഈ വൈറസ് ചൈനയെ കാര്യമായി ഉപദ്രവിച്ചതുമില്ല. ഡിസംബർ മുതൽ മാർച്ച് വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്ന വൈറസുകളുടെ ജനിതക ചരിത്രം പിന്തുടർന്ന ഗവേഷകരാണ് മൂന്നിനത്തിൽപ്പെട്ടവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്– ടൈപ് എ, ബി, സി എന്നിങ്ങനെ പേരും നൽകി. വ്യത്യസ്ത ജനിതക സ്വഭാവം കാണിക്കുന്നെങ്കിലും മൂന്നിനങ്ങളും തമ്മിൽ വളരെയേറെ സാമ്യമുണ്ടെന്നും കേംബ്രിജ് സർവകലാശാല ഗവേഷകർ വ്യക്തമാക്കി. 

ടൈപ് എ ഇനം വൈറസാണ് ചൈനയിൽ ഉദ്ഭവിച്ചതെന്നാണു കരുതുന്നത്. ഇതു വവ്വാലിൽനിന്നു ഈനാംപേച്ചിയിലെത്തുകയും അവിടെ നിന്ന് ഹ്വാനൻ സീഫൂഡ് മാർക്കറ്റിലൂടെ മനുഷ്യരിലെത്തുകയും ചെയ്തെന്നാണു നിഗമനം. ടൈപ് എയാണ് ‘ഒറിജിനൽ’ ചൈനീസ് വൈറസായി കരുതുന്നത്.

യുഎസിലും ഓസ്ട്രേലിയയിലും പ്രധാനമായും പടർന്നത് ഈ വൈറസായിരുന്നു. നാലു ലക്ഷത്തിലേറെ പേരിലേക്ക് ഇതു പടർന്നു. യുഎസിൽ മൂന്നിൽ രണ്ട് കോവിഡ് ബാധിതരിലും ടൈപ് എ വൈറസിനെയാണു കണ്ടെത്തിയത്. അതിൽത്തന്നെ ഭൂരിപക്ഷവും വെസ്റ്റ് കോസ്റ്റ് മേഖലയിലായിരുന്നു.  ചൈനയെ പ്രധാനമായും ആക്രമിച്ചത് ‘ടൈപ് ബി’ ഇനത്തിൽപ്പെട്ട വൈറസായിരുന്നു. ക്രിസ്മസ് മുതൽ ചൈനയിൽ പടർന്നതായിരുന്നു ഈയിനം. യുകെയിലും ഏറ്റവുമധികം പേരിലേക്കു പടർന്നത് ടൈപ് ബി വൈറസായിരുന്നു. സ്വിറ്റ്‌സർലൻഡ്, ജർമനി, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലും കണ്ടെത്തിയതിലേറെയും ടൈപ് ബിയായിരുന്നു.

ടൈപ് സി എന്ന മൂന്നാമത്തെയിനം വൈറസ് രൂപപ്പെട്ടത് ടൈപ് ബിയിൽനിന്നായിരുന്നു. ഇതാണു യൂറോപ്പിൽ പ്രധാനമായും പടർന്നത്. സിംഗപ്പുർ വഴിയാണ് ടൈപ് സി വൈറസ് യൂറോപ്പിലേക്കു കടന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാലിപ്പോൾ യൂറോപ്പിലും ടൈപ് ബി പടരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. 

ഭയക്കണം ഈ ജനിതകമാറ്റം

സാർസ് കോവ്–2 എന്നു പേരിട്ട പുതിയ കൊറോണ വൈറസിന് തുടർച്ചയായി ജനിതക മാറ്റം സംഭവിക്കുന്നതായാണു ഗവേഷകർ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇതു സംഭവിക്കുന്നതെന്ന വെല്ലുവിളിയുമുണ്ട്. ആർഎൻഎ വൈറസായതിനാൽത്തന്നെ മരുന്നു കണ്ടുപിടിച്ചാലും തുടരെത്തുടരെ ജനിതകമാറ്റം വരുത്തി അതിനെ പ്രതിരോധിക്കാനുള്ള കഴിവും വൈറസിനുണ്ടാകുന്നുണ്ട്. പഠനത്തിലെ പ്രാഥമിക വിവരം മാത്രമാണു ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള 160 രോഗികളുടെ സാംപിളുകളാണ് ഇതിനുവേണ്ടി പരിശോധിച്ചത്. യൂറോപ്പിലെയും യുഎസിലെയും ആദ്യത്തെ കേസുകളുടേത് ഉൾപ്പെടെയായിരുന്നു ഇത്. 

പ്രാചീന മനുഷ്യരുടെ ദേശാന്തരഗമനം ‘ട്രാക്ക്’ ചെയ്യാനായി രൂപപ്പെടുത്തിയ കംപ്യൂട്ടർ മോഡലുകളാണ് ഗവേഷകർ പുതിയ കൊറോണ വൈറസിന്റെ യാത്രാപാത കണ്ടെത്താനായി ഉപയോഗിച്ചത്. ആയിരത്തിലേറെ സാംപിളുകൾ കൂടി പരിശോധിച്ച് പഠനറിപ്പോർട്ട് വിപുലമാക്കാനാണു ഗവേഷകരുടെ അടുത്ത നീക്കം. ന്യൂയോർക്കിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിനും ആഴ്ചകൾക്കു മുൻപേതന്നെ വൈറസ് നഗരത്തിലെത്തിയിരുന്നെന്നാണു ഗവേഷകർ പറയുന്നത്. ആയിരക്കണക്കിന് രോഗികളുടെ സാംപിളുകൾ പരിശോധിച്ചതിൽനിന്ന് യൂറോപ്പിൽ നിന്നെത്തിയവരാണ് കോവിഡ് ന്യൂയോർക്കിൽ പടർത്തിയതെന്നും വ്യക്തമായി. എന്നാല്‍ വാഷിങ്ടനിൽ ആദ്യം എത്തിയത് ചൈനയിൽനിന്നുള്ള വൈറസായിരുന്നു. 

യുഎസിൽ പരിശോധിച്ച വൈറസ് സാംപിളുകളിൽ 310 എണ്ണവും ടൈപ് എയിൽപ്പെട്ടതായിരുന്നു. ആഡംബര കപ്പൽയാത്ര വഴി കോവിഡ് ബാധിച്ച യുഎസ് രോഗികളിലാകട്ടെ കണ്ടെത്തിയത് ടൈപ് ബി ഇനം വൈറസും. ഏതു കപ്പലിൽനിന്നാണ് ഇവർക്കു വൈറസ് ബാധിച്ചതെന്നു വ്യക്തമായിട്ടില്ല. ജപ്പാൻ തീരത്തു നിർത്തിയിട്ടിരുന്ന ഡയമണ്ട് പ്രിൻസസ് കപ്പലിൽ 700ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

യോർക്ക് സർവകലാശാലയിലെ ഒരുവിദ്യാർഥിക്കും മാതാവിനുമാണ് യുകെയിൽ ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. ജനുവരി അവസാനമായിരുന്നു അത്. ടൈപ് എ വൈറസായിരുന്നു അവരെ ബാധിച്ചത്. ഇരുവരുടെയും ചൈനീസ് യാത്രയ്ക്കിടെ പിടികൂടിയതാകാം വൈറസെന്നും ഗവേഷകർ പറയുന്നു. പക്ഷേ യുകെയിൽ ഏറെയും പടർന്നത് ടൈപ് ബി വൈറസായിരുന്നു–അതായത് 40ൽ 30 എണ്ണം എന്നകണക്കിൽ. ഒരുപക്ഷേ ഇറ്റലിയിൽനിന്നായിരിക്കാം യുകെയിൽ വൈറസെത്തിയതെന്നും കരുതുന്നു. കിഴക്കൻ ഏഷ്യയിൽനിന്നെത്തിയ ടൈപ് സി വൈറസായിരുന്നു യുകെയിൽ പടർന്നവയിൽ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്. സിംഗപ്പൂരിലേക്ക് ബിസിനസ് ആവശ്യത്തിനായി പോയി ഒരാളാണു യുകെയിൽ വൻതോതിൽ വൈറസ് പടരാൻ കാരണമായത്. അയാൾ വഴിയെത്തിയതാകാം ടൈപ് സി വൈറസെന്നും ഗവേഷകർ കരുതുന്നു.

ചൈനയിൽ വച്ചുതന്നെ ജനിതക തിരുത്തൽ സംഭവിച്ചാണ് ടൈപ് എയിൽ ടൈപ് ബി വൈറസുണ്ടായത്. എന്നാൽ രാജ്യത്തിനു പുറത്തുവച്ചാണ് ടൈപ് ബിയിൽനിന്നു ടൈപ് സി വൈറസുണ്ടായിരിക്കുന്നതെന്നു ഗവേഷകർ പറയുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി. ചൈനയിൽ ആദ്യം രൂപപ്പെട്ട ടൈപ് എ വൈറസിനേക്കാളും കൂടുതൽ പടർന്നത് ടൈപ് ബിയാണ്; അതെങ്ങനെ സംഭവിച്ചു? ഗവേഷകരുടെ കയ്യിലും ഉത്തരമില്ലായെന്നത് ദുരൂഹതയേറ്റുന്നു. ഇതിനെക്കുറിച്ച് കൂടുതൽ പഠനം അനിവാര്യമാകുന്നതും ഈ സാഹചര്യത്തിലാണ്.

കടന്നുകയറും പിടിച്ചടക്കും

മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തെ വളരെ എളുപ്പത്തിൽ ബാധിക്കാൻ ടൈപ് ബി വൈറസിനാകുന്നെന്നു കണ്ടെത്തിയിരുന്നു. അതിനാൽത്തന്നെ അവയ്ക്ക് കാര്യമായ ജനിതക തിരുത്തലും വേണ്ടിവന്നില്ല. എന്നാൽ ചൈനയ്ക്കു പുറത്തെത്തിയപ്പോൾ പല വിഭാഗം മനുഷ്യരുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലും മാറ്റംവന്നു. അതോടെ ‘നിലനിൽപിനു’ വേണ്ടി ജനിതകതിരുത്തൽ വരുത്തുകയായിരുന്നു വൈറസ്. അതായത്, ഏതു ശരീരത്തിലെത്തിയാലും നിലനിൽപ്പിനു വേണ്ടി രോഗപ്രതിരോധ സംവിധാനത്തോടു പോരാടാനും പലപ്പോഴും അവയെ കീഴ്പ്പെടുത്താനും വൈറസ് ശ്രമിക്കുന്നുണ്ടെന്നതു വ്യക്തം. 

UAE-HEALTH-VIRUS

വവ്വാലുകളിലും ഈനാംപേച്ചികളിലും കാണപ്പെടുന്നയിനം കൊറോണ വൈറസുകളുമായി ജനിതകപരമായി ഏറെ അടുപ്പമുണ്ട് ടൈപ് എ വൈറസുകൾക്ക്. അതിനാൽത്തന്നെ അവയിൽനിന്നാണ് ഇപ്പോൾ ലോകത്തെ വിറപ്പിച്ചുനിര്‍ത്തിയിരിക്കുന്ന കോവിഡ് രോഗബാധയുടെ ആവിർഭാവമെന്നതു വ്യക്തം. 

സെപ്റ്റംബർ മുതൽത്തന്നെ ടൈപ് എയിൽപ്പെട്ട കൊറോണ വൈറസ് ചൈനയിൽ പടർന്നു തുടങ്ങിയിട്ടുണ്ടാകാമെന്നും ഗവേഷകർ പറയുന്നു. എന്നാൽ കൂടുതൽ കരുത്തുറ്റ ടൈപ് ബി ഡിസംബർ 20–25 സമയത്താണു ശക്തിപ്പെട്ടത്. അതായത്, രാജ്യത്ത് പുതിയ വൈറസ് പടരുന്നതായി ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ച ഡിസംബർ 31നു മുൻപുതന്നെ യഥാർഥ വൈറസിന് ജനിതക തിരുത്തൽ സംഭവിച്ചിട്ടുണ്ടാകാം. ടൈപ് ബിയിനത്തിലെ ആ വൈറസാണ് ചൈനയെ വരിഞ്ഞുമുറുക്കിയതും. 

രണ്ടു തവണ ടൈപ് എയിൽ ജനിതക തിരുത്തൽ നടന്നാണ് ‘ബി’ രൂപപ്പെട്ടത്. ഇതുവരെയുള്ള ഗവേഷണം പ്രകാരം ടൈപ് സി വൈറസിൽ ജനിതക തിരുത്തൽ നടന്നിട്ടില്ല. എന്നാൽ ഗവേഷകർ പരിശോധിച്ച സാംപിളുകൾ കുറവായതിനാൽത്തന്നെ ആശങ്കപ്പെടേണ്ടതുണ്ടെന്നാണ് പഠനത്തിനു നേതൃത്വം നൽകിയ ഡോ. പീറ്റർ ഫോഴ്സ്റ്റർ പറയുന്നത്. ഒട്ടേറെ രാജ്യങ്ങളിലെ സാംപിളുകൾ ഇനിയും പരിശോധിക്കാനുണ്ട്. ഭാവിയിൽ ലോകത്ത് പുതിയ വൈറസുകളുണ്ടാകുമ്പോൾ ഏറ്റവും പ്രശ്നം നേരിടുന്ന ‘ഹോട്‌സ്പോട്ടുകൾ’ തിരിച്ചറിയാൻ ഇപ്പോഴത്തെ വൈറസിന്റെ ജനിതക ചരിത്രം അന്വേഷിച്ചുള്ള യാത്ര സഹായിക്കുമെന്നാണു ഗവേഷകര്‍ പറയുന്നത്.

Story Summary: 3 distinct, genetically mutated strains of the novel coronavirus SARS Cov 2 identified

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA