sections
MORE

ഏഴ് പേർക്ക് കൂടി കോവിഡ്, 27 പേർക്ക് രോഗമുക്തി; കേന്ദ്രനിർദേശം നടപ്പാക്കും

pinarayi-vijayan-4
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ 4, കോഴിക്കോട് 2, കാസർകോട് 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. 5 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. 2 പേർക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു. 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. കാസർകോട് 24, എറണാകുളം, മലപ്പുറം, കണ്ണൂർ 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകൾ. ഇതുവരെ 394 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88855 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 88332 പേർ വീടുകളും 532 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇതുവരെ 17400 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ ഏതാണ്ട് മൂന്നിരട്ടി പേർ രോഗമുക്തി നേടി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലം തന്നെയാണിത്. ബ്രിട്ടിഷ് എയർവെയ്സിന്റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയിൽനിന്നും തിരുവനന്തപുരത്ത് നിന്നും 268 യാത്രക്കാരുമായി ബ്രിട്ടനിലേക്കു പോയി. കോവിഡ് രോഗം ഭേദപ്പെട്ട 7 വിദേശപൗരന്മാരും ഇതിലുണ്ട്.

സംസ്ഥാനം കോവിഡ് പ്രതിരോധത്തിൽ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. കേരളത്തിന് പ്രത്യേകം നന്ദി അറിയിച്ചാണ് അവർ പോയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിയിലിരിക്കെ രോഗം ബാധിച്ച 2പേർ ഇന്നു രോഗമുക്തരായി. ഇവിടെ കേന്ദ്രസർക്കാർ ലോക്ഡൗൺ മേയ് 3 വരെ നീട്ടിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ആകെ സംസ്ഥാനം അംഗീകരിച്ചു നടപ്പാക്കുകയാണ്. ഹോട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ ബാധകമായ നിയന്ത്രങ്ങൾ, ഉദാഹരണത്തിന് വിമാന യാത്ര, ട്രെയിൻ, മെട്രോ, മറ്റു പൊതുഗതാഗത മാർഗങ്ങള്‍ എന്നിവ പൂർണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയും നിയന്ത്രണങ്ങളുണ്ട്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം കേന്ദ്രസർക്കാർ നിർത്തിയിരിക്കുകയാണ്. എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് തുടരുകയും നടപ്പാക്കുകയും ചെയ്യും.

സംസ്ഥാനത്തിന് പുറത്തേക്കോ സംസ്ഥാനത്തേക്കോ ആർക്കും സഞ്ചരിക്കാൻ സാധിക്കില്ല. അന്തർജില്ലാ യാത്ര നിരോധനവും തുടരും. കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്സ്പോട്ടുകളായി കണക്കാക്കിയത്. കോവിഡ് പോസിറ്റീവായി ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം നോക്കിയാൽ കാസർകോട് 61, കണ്ണൂർ 45, മലപ്പുറം 9 ഈ തരത്തിലാണ് ഉള്ളത്. മൂന്ന് ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസ് 9 എണ്ണമുള്ള കോഴിക്കോട് ആണ്. നാലു ജില്ലകളും ചേർത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സംസ്ഥാന സർക്കാരിന്. ഇതു കേന്ദ്രസർക്കാരിനെ അറിയിക്കും.

കേന്ദ്രസർക്കാർ അംഗീകാരത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നാലിടങ്ങളിലും ലോക്ഡൗണ്‍ ഇളവില്ലാതെ തുടരണം. മേയ് 3 വരെ ലോക്ഡൗൺ കർശനമായി തുടരും. ഇതിൽ കോഴിക്കോട് ഉൾപ്പെടുത്തുന്നിനു മറ്റുപ്രശ്നങ്ങളില്ല. കേന്ദ്രം ഹോട്സ്പോട്ടായി കണക്കാക്കിയ ചില ജില്ലകൾ ഇതിൽ ഉൾപ്പെടുന്നില്ലെന്നതിനു കേന്ദ്ര അനുമതി വാങ്ങണം. ഈ ജില്ലകളിൽ തീവ്രരോഗബാധയുള്ള ഹോട്സ്പോട്ട് പ്രത്യേകം കണ്ടെത്തും. വില്ലേജുകളുടെ അതിർത്തി അടക്കും. എൻട്രി പോയിന്റും എക്സിറ്റ് പോയിന്റും ഉണ്ടാകും. മറ്റു വഴികൾ അടയ്ക്കും.

അടുത്ത മേഖലയായി കാണുന്നത് 6 കേസുള്ള പത്തനംതിട്ട, 3 കേസുള്ള എറണാകുളം, 5 കേസുള്ള കൊല്ലം എന്നീ ജില്ലകളെയാണ്. ഇതിൽ ഹോട്സ്പോട്ടായി കേന്ദ്രസർക്കാർ കണക്കാക്കിയ പത്തനംതിട്ടയും എറണാകുളവുമുണ്ട്. ഈ ജില്ലകളിൽ രോഗികളുടെ എണ്ണം കുറവായതിനാലാണ് പ്രത്യേക വിഭാഗമാക്കി ഈ മൂന്നു ജില്ലകളെ കണക്കാക്കുന്നത്. 3 ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത ലോക്ഡൗൺ തുടരും. ഹോട്സ്പോട്ട് പ്രദേശങ്ങൾ കണ്ടെത്തി അടച്ചിടും. 24 കഴിഞ്ഞാല്‍ സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും.

മൂന്നാമത്തെ മേഖലയായി നിർദേശിക്കുന്നത് ആലപ്പുഴ (3), തിരുവനന്തപുരം (2), പാലക്കാട് (2), തൃശൂർ (1), വയനാട് (1) എന്നീ ജില്ലകളെയാണ്. ഇതിൽ ഹോട്സ്പോട്ടായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം ഉണ്ട്. തിരുവനന്തപുരം ജില്ലയുടെ പോസിറ്റീവായ കേസുകളെടുത്താൽഡ 2 പേർ മാത്രമാണ് ഉള്ളത്. മൂന്നാമത്തെ ഗണത്തിൽ തിരുവനന്തപുരം വരുന്നതാണ് നല്ലതാണെന്നാണ് അഭിപ്രായം. ഈ മേഖലയിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. അതിർത്തികളെല്ലാം അടഞ്ഞുകിടക്കും. ഇവിടങ്ങളിലുമുള്ള ഹോട്സ്പോട്ടായ പ്രദേശങ്ങൾ അടച്ചിടും. കടകൾ, റസ്റ്റോറന്റ് എന്നിവ വൈകിട്ട് 7 മണിവരെ അനുവദിക്കാം.

പോസിറ്റീവ് കേസുകളില്ലാത്ത കോട്ടയവും ഇടുക്കിയും മറ്റൊരു മേഖലയാണ്. സംസ്ഥാന അതിർത്തിയുണ്ട് എന്നതുകൊണ്ട് ഇടുക്കിയിൽ കൂടുതൽ ജാഗ്രത വേണം. രണ്ടിടത്തും ജില്ല വിട്ടു യാത്ര അനുവദിക്കില്ല. സുരക്ഷയോടെ സാധാരണ ജീവിതം അനുവദിക്കാം. എന്നാൽ മറ്റു നിയന്ത്രണങ്ങളെല്ലാം ബാധകമായിരിക്കും. എവിടെ ആയാലും പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക. കോവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിക്കാൻ ഓരോ ജില്ല‌യ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാൻ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan Press Meet

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA