ADVERTISEMENT

ഇസ്താംബുൾ ∙ കോവിഡ് രോഗത്തിനെതിരെ ലോകമാകെ പൊരുതുമ്പോൾ മറ്റു രാഷ്ട്രങ്ങളിൽനിന്നു വേറിട്ട പാതയാണ് തുർക്കിയുടേത്. നിയന്ത്രണങ്ങൾ നിലനിൽക്കെ തന്നെ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ തകരാതിരിക്കാനുള്ള അത്യാവശ്യ നടപടികളും തുര്‍ക്കി സർക്കാർ സ്വീകരിക്കുന്നു. ഇതു മൂലം കോവിഡിനെയും പിന്നീടു വരുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെയും പ്രതിരോധിക്കാനാകുമെന്നാണു തുർക്കി കരുതുന്നത്. വെള്ളിയാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 74,193 കേസുകളാണു തുർക്കിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. മരണ സംഖ്യ 1,643. രോഗം ഭേദമായത് 7,089 പേർക്ക്.

കഴിഞ്ഞ ആഴ്ച അവസാനം രാജ്യത്തെ 31 പ്രവിശ്യകളിൽ 48 മണിക്കൂർ കർഫ്യൂ ആണു സർക്കാർ ഏർപെടുത്തിയത്. രണ്ട് മണിക്കൂർ മാത്രം മുൻപാണ് കർഫ്യൂ നിലവിൽവരുന്ന കാര്യം ജനങ്ങളെ അറിയിച്ചത്. തുടർന്ന് അകലത്തിന് പ്രാധാന്യം നൽകാതെ ചിലയിടങ്ങളിൽ ജനം പലചരക്ക് കടകളിലും ബേക്കറികളിലും തടിച്ചുകൂടി. സാധനങ്ങൾ വാങ്ങുന്നതിനു തിരക്കുകൂട്ടി. കോവിഡ് രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിന് ഇത്തരം നടപടികൾ ഉപയോഗിച്ചാലുള്ള ഫലം ദാരുണമായിരിക്കുമെന്നാണു സർക്കാരിന്റെ വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

കർഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദൊഗൻ രാജ്യത്തെ അഭിസംബോധന ചെയ്തു. ജനങ്ങളെ സംരക്ഷിക്കാനും അവർക്ക് ആവശ്യമുള്ളതു നൽകാനുമുള്ള കരുത്ത് തുർക്കിക്കുണ്ടെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. ജനങ്ങളോടു വീടുകളിൽ തുടരാൻ ആവശ്യപ്പെട്ട എർദൊഗൻ മറ്റൊരു കർഫ്യൂ കൂടി പ്രഖ്യാപിച്ചു. കോവിഡ് രോഗത്തിനെതിരായ പോരാട്ടത്തിൽ തുർക്കി സ്വന്തം പാത തുറക്കുകയാണു ചെയ്തത്. പല മാർഗങ്ങളിലൂടെയും പ്രതിരോധം നടത്താനാണു അവരുടെ ശ്രമം. വീട്ടിൽ തന്നെ തുടരാനുള്ള നിർദേശം 20 വയസ്സിനു താഴെയുള്ളവർക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്കും മാത്രമാണു ബാധകം.

മറ്റു പൗരന്മാർക്കെല്ലാം പുറത്തു പോകാം. ചെറിയ വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചെങ്കിലും റസ്റ്ററന്റുകൾ തുറന്നിട്ടു. ഭക്ഷണം വാങ്ങിക്കൊണ്ടു പോകാനും ഡെലിവറിക്കും മാത്രമായിരുന്നു അനുവാദം. പാർക്കുകൾ ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങള്‍ അടച്ചിട്ടു. ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു. അതേസമയം രാജ്യത്തെ നിർമാണ പ്രവർത്തനങ്ങളെല്ലാം തുടർന്നു. സാമ്പത്തിക തിരിച്ചടികളുണ്ടാകാതിരിക്കാൻ ഫാക്ടറികളും പ്രവർത്തിച്ചുകൊണ്ടിരുന്നു. തുർക്കിയിലെ ഭാഗികമായ നിയന്ത്രണങ്ങൾ തീർച്ചയായും ഫലം കാണുമെന്നാണു വിദഗ്ധർ പറയുന്നത്.

രോഗബാധിതരെ നന്നായി പരിചരിക്കുകയും പുറത്തുപോകുന്നവർ മുൻകരുതൽ നിർദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്താൽ തുർക്കിയുടെ നടപടികൾ ഫലം കാണുമെന്നാണു നിഗമനം. മറ്റുള്ളവരിൽനിന്ന് വേറിട്ടൊരു തന്ത്രമാണു തുര്‍ക്കി സ്വീകരിച്ചിരിക്കുന്നതെന്ന് യുകെ ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റ് ഡോ. മുഹമ്മദ് മുനീർ പറഞ്ഞു. സാധനങ്ങൾ വാങ്ങുന്നതിനും മറ്റും ആരോഗ്യമുള്ളവർ പുറത്തുപോകുന്നതുകൊണ്ട് അവർക്കു പ്രശ്നങ്ങളുണ്ടാകുമെന്നു കരുതുന്നില്ല. രോഗം ബാധിച്ച 80 ശതമാനം പേരും സുഖപ്പെടുന്നുണ്ട്. ലോക്ഡൗൺ കൊണ്ടുള്ള ആകെ നേട്ടം രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കാം എന്നതു മാത്രമാണ്. ആശുപത്രികളുടെ മേലുള്ള സമ്മർദവും കുറയുമെന്നും അദ്ദേഹം പറഞ്ഞു.

തുർക്കിയുടെ അവസ്ഥയിലുള്ള മറ്റു രാജ്യങ്ങളെല്ലാം പൂർണ ലോക്ഡൗൺ ആണു കൊണ്ടുവരുന്നതെന്ന് കെന്റ് യൂണിവേഴ്സിറ്റി സീനിയർ ലെക്ചർ ഡോ. ജെറമി റോസ്മാൻ പ്രതികരിച്ചു. ഭാഗിക നിയന്ത്രണങ്ങൾ നല്ലതാണ്. അവ രോഗവ്യാപനത്തെ തടയുന്നതോടൊപ്പം സമ്പദ്‍വ്യവസ്ഥയില്‍ ചിലതിന്റെയെങ്കിലും പ്രവർത്തനം തുടരാനും അനുവദിക്കും. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നതിനും തൊഴിലിടങ്ങളിലെ ശുചിത്വത്തിനും വിധേയമായിട്ടായിരിക്കും ഇതു ഫലപ്രദമാകുക. എന്നാൽ തുർക്കിയുടെ നില അനുസരിച്ചാണെങ്കിൽ ഇക്കാര്യത്തിൽ റിസ്ക് ഉണ്ടെന്നും ജെറമി റോസ്മാൻ വ്യക്തമാക്കി.

കൊറോണ കേസുകളുടെ എണ്ണത്തിൽ മുൻപന്തിയിലാണ് തുർക്കിയുടെ സ്ഥാനം. രോഗബാധ കൂ‍ടിയ ആദ്യ പത്ത് രാജ്യങ്ങളിൻ തുർക്കിയുമുണ്ട്. ഒരു ദിവസം 4,000 പുതിയ കേസുകളാണു റിപ്പോർട്ടു ചെയ്യുന്നത്. എന്നാൽ മരണ നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വളരെ കുറവാണ്. ഇതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. കോവിഡ് ലക്ഷണങ്ങള്‍ ശക്തമായി കാണിക്കുന്നുണ്ടെങ്കിലും പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ഒരാൾ മരിച്ചാൽപോലും കോവിഡ് രോഗത്തിന്റെ എണ്ണത്തിൽ കൂട്ടില്ലെന്ന് തുർക്കിഷ് മെഡിക്കൽ അസോസിയേഷൻ (ടിഎംഎ) ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആരോഗ്യ സംരക്ഷണ മേഖലയിലെ മികവും മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായ ചികിത്സാ പ്രോട്ടോക്കോളുമാണ് തുർക്കിയിലെ മരണനിരക്ക് രണ്ട് ശതമാനത്തിന് മുകളിലാക്കി നിർത്തിയതെന്ന് ആരോഗ്യ മന്ത്രി ഫഹ്‍റെത്തിൻ കോക്ക പ്രതികരിച്ചു. മറ്റു രാജ്യങ്ങൾക്ക് മുൻപേ കോവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വീൻ തുർക്കി ഉപയോഗിച്ചു തുടങ്ങി. ജാപ്പനീസ് ആന്റിവൈറൽ ഫവിപിരവീറും തുർക്കി രോഗത്തിനെതിരെ പ്രയോഗിക്കുന്നു. എന്നാൽ മലേറിയ മരുന്ന് ഉപയോഗിക്കുന്നത് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കുമെന്നാണു ഡോക്ടർമാർ പറയുന്നത്.

ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോഴത്തെ ശ്രമമെന്ന് ഇസ്താംബുൾ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ പ്രസിഡന്റ് ‍ഡോ. നൂറി അയ്ദിൻ വ്യക്തമാക്കി. ഹൈഡ്രോക്സിക്ലോറോക്വീൻ ഉപയോഗിക്കുമ്പോൾ രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥ ഒഴിവാക്കാൻ സാധിക്കുന്നു. രോഗികളിൽനിന്ന് പ്ലാസ്മ ശേഖരിച്ച് കൊറോണ വൈറസിനെതിരെ ഉപയോഗിക്കുന്നതും തുർക്കി തുടരുകയാണ്. ആരോഗ്യ പ്രവർത്തകർക്കുള്ള പഴ്സനൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ് (പിപിഇ) നിർമാണം നടത്തി വിതരണം ചെയ്യുന്നുണ്ട്. വൈറസ് വ്യാപനം രൂക്ഷമായ യുകെ, സ്പെയിൻ, ഇറ്റലി തുടങ്ങി 30 രാജ്യങ്ങളിലേക്കാണ് തുർക്കി ഇതു കയറ്റുമതി ചെയ്യുന്നത്. നാറ്റോ സഖ്യരാഷ്ട്രങ്ങളുമായി തകർന്നുപോയ ബന്ധവും ഇതിലൂടെ തുർക്കിക്കു വീണ്ടെടുക്കാൻ സാധിച്ചേക്കാം.

എന്താണ് കൊറോണ? അറിയേണ്ടതെല്ലാം

എന്താണ് സാർസ് കോവ് 2 വൈറസ്?

2019 നവംബറിൽ ചൈനയിൽ കണ്ടെത്തിയ വൈറസിന്റെ പേരാണ് സാർസ് കോവ് 2 (Severe Acute Respiratory Syndrome Coronavirus 2 (SARS-CoV-2). പുതിയ (നോവൽ) കൊറോണ വൈറസ് എന്നും ഇതിനു പേരുണ്ട്. 2002ൽ ചൈനയെ ആക്രമിച്ച സാർസ് വൈറസിനോട് ജനിതക ഘടനയിൽ ഏറെ സാമ്യമുണ്ട് സാർസ് കോവ് 2ന്. അതിനാലാണു ഇന്റർനാഷനൽ കമ്മിറ്റി ഓൺ ടാക്സോണമി ഓഫ് വൈറസസ് ഇതിനു സമാനമായ പേര് നൽകിയത്. മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ആക്രമിക്കുന്ന കൊറോണ കുടുംബത്തിൽപ്പെട്ട വൈറസാണിത്. ശരീര കോശങ്ങളെ ആക്രമിച്ച് സ്വന്തം വരുതിക്കു നിർത്തി കോശങ്ങളിലെ പ്രോട്ടിൻ ഉപയോഗിച്ചു കൂടുതൽ വൈറസുകളെ ഉൽപാദിപ്പിക്കാൻ ഇവയ്ക്കു ശേഷിയുണ്ട്. ദേഹം നിറയെ ‘ക്രൗണ്‍’ അഥവാ കിരീടത്തിലേതു പോലെ ഉയർന്നു നിൽക്കുന്ന മുനകളുള്ളതുകൊണ്ടാണ് കൊറോണ വൈറസിന് ആ പേരു ലഭിച്ചത്. പ്രത്യേകതരം പ്രോട്ടിനുകൾകൊണ്ടാണ് ഈ മുനകൾ നിർമിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിലെ കോശങ്ങളിലേക്കു കടക്കാൻ കൊറോണയെ സഹായിക്കുന്ന താക്കോലാണ് ഈ പ്രോട്ടീൻ മുനകൾ.

എത്രയിനമുണ്ട് കൊറോണ വൈറസുകൾ?

പുതിയത് ഉൾപ്പെടെ മനുഷ്യനെ ആക്രമിക്കുന്ന ഏഴിനം കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നാലെണ്ണം മനുഷ്യനിലെ ജലദോഷപ്പനിക്ക് ഉൾപ്പെടെ കാരണമാകുന്നതാണ്– 229 ഇ (ആൽഫ), എൻഎൻ63 (ആൽഫ),ഒസി 43(ബീറ്റ), എച്ച്കെയു1 (ബീറ്റ) എന്നിവയാണവ. മനുഷ്യശരീരത്തിലെത്തി സ്വയം ജനിതക തിരുത്തലുകൾ വരുത്തിയ മൂന്ന് കൊറോണ വൈറസുകളുണ്ട്– സാർസ് കോവ് 1, മെർസ്, സാർസ് കോവ് 2.

എന്താണ് കോവിഡ് 19?

കൊറോണ കുടുംബത്തിൽ ഏറ്റവും പുതുതായി ജനിതകമാറ്റം സംഭവിച്ചു രൂപപ്പെട്ട സാർസ് കോവ് 2 വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19 (Coronavirus disease 2019). ലോകാരോഗ്യസംഘടന 2020 മാർച്ച് 11ന് ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. പുതിയൊരു രോഗം വളരെ പെട്ടെന്ന് വളരെ വലിയ പ്രദേശത്തു പരക്കുമ്പോഴാണ് മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

എവിടെനിന്നാണ് സാർസ് കോവ് 2 പൊട്ടിപ്പുറപ്പെട്ടത്?

2019 സെപ്റ്റംബർ–നവംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലെ ഹ്വാനൻ സീഫൂഡ് മാർക്കറ്റിൽ നിന്നാണ് കോവിഡിനു കാരണമായ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്നു. ഡിസംബർ 31നാണ് പ്രത്യേകതരം ന്യൂമോണിയ ബാധിച്ച് ഒട്ടേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതായി ചൈന റിപ്പോർട്ട് ചെയ്തത്. ഏകദേശം 1.1 കോടി ജനങ്ങളുള്ള നഗരമാണ് വുഹാൻ. അതിനാൽത്തന്നെ വൈറസ് പെട്ടെന്നു പരന്നു. ജനുവരി ആദ്യ ആഴ്ച ആദ്യ കോവിഡ് മരണം, തൊട്ടടുത്ത ആഴ്ച മരണം രണ്ടായി. വൈകാതെതന്നെ ലോകം മുഴുവൻ കോവിഡ് പടർന്നുപിടിക്കുകയും ചെയ്തു

എങ്ങനെയാണു പുതിയ കൊറോണവൈറസ് പടർന്നത്?

സാർസ് കോവ് 1 വൈറസ് വെരുകിൽനിന്നും മെർസ് ഒട്ടകങ്ങളിൽനിന്നുമാണ് പടർന്നതെന്നാണു കരുതുന്നത്. സമാനമായി വവ്വാൽ, പാമ്പ്, ഈനാംപേച്ചി എന്നിവയിൽനിന്നാകാം സാർസ് കോവ് 2 പടർന്നതെന്നു കരുതുന്നു. വംശനാശ ഭീഷണി നേരിടുന്നതുൾപ്പെടെയുള്ള ഒട്ടേറെ കാട്ടുമൃഗങ്ങളെ ഉൾപ്പെടെ വിൽക്കുന്ന സ്ഥലമായിരുന്നു ഹ്വാനൻ സീഫൂഡ് മാർക്കറ്റ്. പുതിയ കൊറോണ വൈറസിന് സമാനമായ വൈറസുകൾ നേരത്തേ വവ്വാലിലും ഈനാംപേച്ചിയിലും പാമ്പിലും കണ്ടെത്തിയിട്ടുണ്ട്. ഈ ജീവികളെയും ഹ്വാനൻ മാർക്കറ്റിൽ വിൽപനയ്ക്കെത്തിച്ചിരുന്നു. അവയിൽനിന്നാകാം പുതിയ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. ചൈനീസ് ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം വവ്വാലിൽനിന്നുള്ള വൈറസുകൾക്കാണ് ഇപ്പോൾ കണ്ടെത്തിയ വൈറസുകളുമായി ഏറെ ജനിതക സാമ്യങ്ങളുള്ളത്. എന്നാൽ യുഎസ് ഗവേഷകർ പറയുന്നത് ഈനാംപേച്ചിയിൽനിന്നുള്ള വൈറസിനാണ് പുതിയ കൊറോണയുമായി ജനിതക ബന്ധം ഏറെയെന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതു സംബന്ധിച്ച ഗവേഷണം തുടരുകയാണ്.

എന്തൊക്കെയാണ് കോവിഡ് രോഗലക്ഷണങ്ങൾ?

പൊതുവെയുള്ള ലക്ഷണങ്ങൾ: പനി, ക്ഷീണം, വരണ്ട ചുമ. ചില രോഗികൾക്ക് ദേഹവേദനയും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയും വയറിളക്കവും വരാറുണ്ട്. പതിയെപ്പതിയെയാണ് ലക്ഷണങ്ങൾ ശക്തി പ്രാപിക്കുക. ചിലർക്ക് വൈറസ് ബാധിച്ചാലും ലക്ഷണങ്ങളൊന്നും കാണിക്കില്ല, ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാറില്ല. ഏകദേശം 80% പേരും പ്രത്യേക ചികിത്സയില്ലാതെ തന്നെ രോഗത്തിൽനിന്നു മുക്തി നേടും. കോവിഡ് 19 ബാധിക്കുന്ന ആറിൽ ഒരാളെന്ന കണക്കിനാണ് രോഗം ഗുരുതരമാവുകയുള്ളൂ. അത്തരക്കാർക്ക് ശ്വസിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകും. വയോജനങ്ങളെയും ആരോഗ്യപരമായി ദുർബലരായവരെയുമാണ് (ഹൃദയസംബന്ധമായ രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുള്ളവർ) രോഗം ഗുരുതരമായി പൊതുവെ ബാധിക്കുന്നത്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുള്ളവർ തീർച്ചയായും വൈദ്യസഹായം തേടണം.

എങ്ങനെയാണ് വൈറസ് മനുഷ്യരിലേക്കു പടരുന്നത്?

വൈറസ് ബാധിച്ച മറ്റുള്ളവരില്‍ നിന്ന് രോഗം പകരാം. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെ കോവിഡ് 19 മറ്റുള്ളവരിലേക്കും പകരാം. ഈ തുള്ളികൾ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും വന്നുവീണേക്കാം. ഇവിടങ്ങളിൽ സ്പർശിക്കുമ്പോഴും മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ആരോഗ്യവാനായ മനുഷ്യന്റെ ശരീരത്തിലെത്തുക. കോവിഡ് 19 രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ മറ്റൊരാൾ നേരിട്ടു ശ്വസിക്കുന്നതുവഴിയും രോഗം പരക്കാം. രോഗബാധിതനായ ഒരാളിൽ നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) ദൂരം കാത്തുസൂക്ഷിക്കണമെന്നു പറയുന്നത് ഇതിനാലാണ്. കോവിഡ് 19 പടരുന്ന മറ്റു വഴികളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗവേഷണം തുടരുകയാണ്.

കോവിഡ് പകരാതിരിക്കാൻ സ്വീകരിക്കാം ഈ മുൻകരുതലുകൾ:

∙ കൈകളിലുള്ള വൈറസിനെ ഇല്ലാതാക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക. ഏതു സോപ്പും ഇതിനായി ഉപയോഗിക്കാം. 20 സെക്കൻഡ് നേരമെങ്കിലും കൈ കഴുകണം.
∙ സോപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ, 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസറുകളും ഉപയോഗിക്കാം.
∙ ആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ അവരിൽ നിന്ന് ഒരു മീറ്ററെങ്കിലും (മൂന്നടി) അകലം പാലിക്കുക.
∙ ഒട്ടേറെ വസ്തുക്കളിലും പ്രതലങ്ങളിലും നാം സ്പർശിക്കാറുണ്ട്. അപ്പോഴെല്ലാം വൈറസ് കയ്യിലെത്താൻ സാധ്യതയുണ്ട്. കൈകളിലൂടെ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം വൈറസെത്തും. അതുവഴി രോഗബാധിതരാവുകയും ചെയ്യും. ഇതൊഴിവാക്കാൻ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക.

∙ ശ്വസനത്തിലും വൃത്തി പാലിക്കണം. അത് നിങ്ങളെയും ചുറ്റിലുമുള്ളവരെയും വൈറസിൽ നിന്നു രക്ഷിക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈവെള്ള ഉപയോഗിക്കാതെ കൈമടക്കി (Bent Elbow) മുഖത്തോടു ചേർത്തുവച്ച് തുമ്മുക. അല്ലെങ്കിൽ ടിഷ്യുവോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിച്ച് തുമ്മുക. ഇവ പിന്നീട് ഉപയോഗിക്കാതെ ഒഴിവാക്കുക. കോവിഡ് 19 മാത്രമല്ല, ജലദോഷം, പനി എന്നിവയിൽ നിന്നെല്ലാം ഇതുവഴി രക്ഷപ്പെടാം.
∙ ശാരീരിക അസ്വസ്ഥതകൾ തോന്നിയാൽ വീട്ടില്‍ തുടരുക. ചുമയോ പനിയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ നേരിട്ടാൽ വൈദ്യസഹായം തേടുക. പ്രാദേശികമായി നൽകിയിട്ടുള്ള ഹെൽപ്നമ്പർ ഉപയോഗിച്ചും സഹായം തേടുക.

∙ കേരളത്തിൽ ആരോഗ്യവകുപ്പിന്റെ ‘ദിശ’ നമ്പറായി 1056 ഉണ്ട്. എവിടെനിന്നു വേണമെങ്കിലും ഈ നമ്പറിലേക്കു വിളിക്കാം. ബന്ധപ്പെട്ട ജില്ലയിലെ ആരോഗ്യപ്രവർത്തകർ സഹായവുമായെത്തും. ആശുപത്രിയിലേക്കു പുറപ്പെടുമ്പോൾ പരമാവധി വ്യക്തിശുചിത്വം പാലിക്കുക. ഒപ്പമുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കോവിഡ് 19 വ്യാപനം സംബന്ധിച്ച് പ്രാദേശിക ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അപ്ഡേറ്റായിരിക്കും. അതിനാൽത്തന്നെ അവരുടെ സഹായവും ഉപദേശവും തേടാൻ മടിക്കരുത്.
∙ കോവിഡ് 19 വൻതോതിൽ പടരുന്ന പ്രദേശങ്ങളെപ്പറ്റി (ഹോട്‌സ്പോട്ടുകൾ) അറിഞ്ഞുവയ്ക്കുക. ഈ പ്രദേശങ്ങളിലേക്കു പരമാവധി യാത്ര കുറയ്ക്കുക, വയോജനങ്ങളും പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ എന്നിവയുള്ളവരും ഇത്തരം പ്രദേശങ്ങളിലെത്തിയാൽ എളുപ്പം അസുഖം പിടിപെടാൻ സാധ്യതയുണ്ട്.

കോവിഡിന് മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടോ?

കോവിഡ് രോഗത്തിന് വാക്സിൻ കണ്ടെത്താൻ ലോകമെമ്പാടും ശ്രമം നടക്കുകയാണ്. ഇതുവരെ ഫലപ്രദമായ മരുന്നോ വാക്സിനോ കണ്ടെത്താനായിട്ടില്ല. വൈറസുകൾക്കെതിരെ ആന്റിബയോട്ടിക്കുകൾ പ്രവർത്തിക്കില്ല. അവ ബാക്ടീരിയ വഴിയുള്ള അണുബാധയ്ക്കാണു ഫലപ്രദം. അതിനാൽത്തന്നെ കോവിഡ് 19 വൈറസ് പ്രതിരോധത്തിൽ ആന്റിബയോട്ടിക് ഉപയോഗിക്കില്ല. ശരീരത്തിൽ ഏതെങ്കിലും വിധത്തിൽ ബാക്ടീരിയ വഴിയുള്ള അണുബാധയുണ്ടായാ‌ൽ അതിന് ഡോക്ടറുടെ നിർദേശത്തോടെ മാത്രം ആന്റിബയോട്ടിക് ഉപയോഗിക്കാമെന്നു മാത്രം. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ഇപ്പോൾ വൈറസ് ബാധിതർക്കു നൽകുന്നത്. രോഗം ഗുരുതരമാകുന്നവരെ ആശുപത്രിയിലേക്കു മാറ്റും. കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും കോവിഡ് 19 ബാധിതർക്കായി പ്രത്യേകം ഐസലേഷൻ വാർഡുകളുണ്ട്. കേരളത്തിൽ ചികിത്സയിൽ ഇരുന്നവരുൾപ്പെടെ ഭൂരിപക്ഷം പേരും രോഗത്തിൽ നിന്നു മുക്തരായിട്ടുണ്ടെന്നത് ആശ്വാസകരമാണ്.

പുതിയ വൈറസായതിനാൽത്തന്നെ ഇവയെ പ്രതിരോധിക്കാനുള്ള ശേഷി ശരീരം ആർജിച്ചെടുക്കേണ്ടതുണ്ട്. അതിനു സഹായിക്കുന്ന വാക്സിനുകളും ചില പ്രത്യേക മരുന്നുകളും പരീക്ഷണഘട്ടത്തിലാണ്. ക്ലിനിക്കൽ ട്രയലുകളിലൂടെ മാത്രമേ അവയെപ്പറ്റിയുള്ള അന്തിമഫലം പുറത്തുവിടാനാകൂ. വാക്സിനുകള്‍ക്കും മരുന്നുകൾക്കുമായുള്ള ഗവേഷണം ഡബ്ല്യുഎച്ച്ഒ തുടരുകയാണ്. മുകളിൽ വിവരിച്ചതു പ്രകാരമുള്ള വ്യക്തിശുചിത്വ മാർഗങ്ങൾ പാലിക്കുക മാത്രമാണ് നിലവിൽ രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഏക വഴി.

മാർക്കറ്റ് പോലുള്ള ഇടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം. എന്നാൽ മാസ്കുകൾ ഒരിടത്തും വിൽപന നടത്തുകയല്ല. മറിച്ച് ഫാര്‍മസികൾ വഴി സൗജന്യമായി വിതരണം ചെയ്യുകയാണ്. പുറത്തുപോകാൻ സാധിക്കാത്തവർക്ക് ഇതു വീടുകളിൽ എത്തിച്ചുനല്‍കും. പുറത്തിറങ്ങാതെ വീടുകളിൽ തുടരുന്നവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ വൊളന്റിയർമാരും പൊലീസും ഓരോ വീടുകളിലുമെത്തും. വീടുകളിലുള്ള പ്രായമായവർക്ക് ബന്ധപ്പെടാൻ കോൾ സെന്ററുകളുണ്ട്. ഇവിടെ വിളിച്ചു പറഞ്ഞാൽ പലചരക്ക്, മരുന്ന്, പ്രതിമാസ പെന്‍ഷൻ എന്നിവയെല്ലാം വീട്ടിലെത്തും. എല്ലാം വീട്ടുപടിക്കലെത്തുന്നതോടെ ജനങ്ങളും തൃപ്തരാകും, പുറത്തിറങ്ങേണ്ട ആവശ്യമില്ല– അങ്ങനെ പ്രായമായവർ‌ക്കു രോഗം ബാധിക്കുന്നതു തടയാമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

English Summary: With weekend lockdowns and age-specific restrictions, Turkey takes a different coronavirus approach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com