ADVERTISEMENT

തിരുവനന്തപുരം∙ലോക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ തലസ്ഥാനത്ത് ജനം കൂട്ടത്തോടെ പുറത്ത്. തിരുവനന്തപുരം നഗരത്തിലേക്കെത്താൻ നഗരപ്രാന്തങ്ങളിൽനിന്ന് ജനം വാഹനവുമായി ഇറങ്ങിയതോടെ തട്ടത്തുമല, കിളിമാനൂർ ഭാഗങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പൊലീസും ആരോഗ്യപ്രവർത്തകരും മണുക്കൂറുകൾ പരിശ്രമിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. കിളിമാനൂർ പൊലീസ് ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച വാഹനത്തിരക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

തിരുവനന്തപുരം നഗരത്തിൽ വലിയ തിരക്കാണു രാവിലെ അനുഭവപ്പെട്ടത്. സർക്കാർ ഇളവ് നൽകിയ വിഭാഗങ്ങളിലുള്ളവർ സ്വകാര്യ വാഹനങ്ങളിൽ നഗരത്തിലെത്തിയതോടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് പ്രയാസപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷനും മലയിന്‍കീഴ് പഞ്ചായത്തും ഹോട് സ്പോട്ടാണെങ്കിലും പ്രധാന സ്ഥലങ്ങളിൽ വാഹനത്തിരക്ക് ഉണ്ടായി. ഓറഞ്ച് ബി വിഭാഗത്തിലായതിനാൽ തിരുവനന്തപുരം ജില്ലയിൽ ഇളവുകളുണ്ടെങ്കിലും ഹോട് സ്പോട്ടുകളിൽ നിയന്ത്രണം ബാധകമാണെന്നറിയാതെ തിരുവനന്തപുരം കോർപറേഷൻ മേഖലയിലേക്കു ജനങ്ങൾ കൂട്ടത്തോടെ എത്തുകയായിരുന്നു.

സർക്കാർ ഓഫിസുകളിൽ ക്ലാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ 50% ഉദ്യോഗസ്ഥരും ക്ലാസ് മൂന്ന്, നാല് വിഭാഗങ്ങളിലെ 33% ജീവനക്കാരും ഹാജരാകണമെന്ന് നിർദേശമുണ്ടായതോടെ ഈ വിഭാഗത്തിൽപെടുന്നവരും വാഹനങ്ങളുമായി തെരുവിലേക്കിറങ്ങി. സ്വകാര്യ വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങൾ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയതോടെ തിരക്ക് വർധിച്ചു. സർക്കാർ ഉത്തരവുകളിൽ വ്യക്തതയില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കി. 

വെള്ളിയാഴ്ച ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ 20 മുതൽ നിയന്ത്രണങ്ങളിൽ ഇളവു വരുമെന്നാണ് ഒരിടത്തു പറയുന്നത്. മറ്റൊരിടത്ത് 20ന് ശേഷമെന്നും. പിന്നീട് തിങ്കളാഴ്ച മുതലാണ് ഇളവുകളെന്ന് വ്യക്തത വരുത്തി. ഡിജിപിയുടെ ഇളവുകൾ സംബന്ധിച്ച നിർദേശമിറങ്ങുന്നതു വൈകിട്ട് ആറരയോടെ. ചീഫ് സെക്രട്ടറിയുടെ പുതിയ നിര്‍ദേശമിറങ്ങിയതു രാത്രി എട്ടരയ്ക്ക്. അതിനുശേഷം രാത്രി 9 മണി കഴിഞ്ഞാണ് ഹോട്സ്പോട്ടുകൾ നിശ്ചയിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവിറങ്ങുന്നത്. ഇതോടെ നിർദേശങ്ങൾ സംബന്ധിച്ചു സാധാരണ ജനത്തിന് ആശയക്കുഴപ്പം ഉണ്ടായി.

English Summary: Lockdown Relaxations, Heavy rush at Trivandrum roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com