ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് രോഗം ഭേദമായ ഇറ്റാലിയൻ പൗരൻ റോബർട്ടോ ടൊണാസോക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിനിടെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായും അദ്ദേഹം സംസാരിച്ചു. തിരുവനന്തപുരത്തു നിന്ന് കാറിൽ ബാംഗ്ലൂരിൽ എത്തി അവിടെ നിന്ന് ചൊവ്വാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ സ്വദേശത്തേക്കു പോകും.

57 കാരനായ റോബർട്ടോ വിനോദ സഞ്ചാരത്തിനായാണ് കേരളത്തിലെത്തിയത്. ഇറ്റലിയിൽ രോഗവ്യാപനം ശക്തമായതിനെ തുടർന്ന് വർക്കലയിൽ നടത്തിയ സ്ക്രീനിങ്ങിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. മേയർ കെ.ശ്രീകുമാർ, വി.കെ.പ്രശാന്ത് എംഎൽഎ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ യാത്ര അയപ്പിൽ പങ്കെടുത്തു.

ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് റോബർട്ടോ

കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനും നന്ദി പറയുന്നതായി റോബർട്ടോ ടൊണാസോ അറിയിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ താൻ ഇവിടത്തെ ചികിത്സ, ആശുപത്രി വാസം, ആഹാരം, പരിചരണം എന്നിവയുടെ ഗുണമറിഞ്ഞിട്ടാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. ചികിത്സയിലും തുടർന്ന് നിരീക്ഷണത്തിലും കഴിഞ്ഞ ഓരോ ദിവസവും അനുഭവങ്ങളുടെ തീക്ഷ്ണത നിറഞ്ഞതായിരുന്നു.

എല്ലാ വർഷവും കേരളത്തിൽ എത്താറുണ്ട്. ഇവിടത്തെ പ്രകൃതിഭംഗി ആസ്വദിക്കാനായിരുന്നു ആ വരവെല്ലാം. ഇത്തവണ തികച്ചും അപ്രതീക്ഷിതമായി കേരളത്തിന്റെ മികവുറ്റ ആരോഗ്യരംഗത്തെ അറിയാനും അനുഭവിക്കാനും ഇടയായി. എല്ലാം മനസിൽ മായാതെയുണ്ടെന്നും വീണ്ടും കേരളത്തിലേക്ക് വരുമെന്നും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

English Summary: Italian citizen recovered from covid leaves kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com