ADVERTISEMENT

കൊച്ചി∙ സംസ്ഥാന സർക്കാരും ഐഎംഎയും ചേർന്ന് നടപ്പാക്കുന്ന ടെലി മെഡിസിൻ പദ്ധതിക്കായി ഉപയോഗിക്കുന്ന ക്വിക്ഡിആർ എന്ന ആപ്പിന്റെ പിന്നിലുള്ള കമ്പനി ക്വിക്ഡിആർ ഹെൽത്ത് കേർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാർ ഒരാൾ ഓട്ടോക്കാരനും മറ്റൊരാൾ തലസ്ഥാനത്തെ ലോഡ്ജ് നടത്തിപ്പുകാരനുമെന്ന് വി.ഡി. സതീശൻ എംഎൽഎ.

കമ്പനി റജിസ്ട്രേഷൻ ആക്ട് പ്രകാരം തിരക്കിയപ്പോൾ ലഭിച്ച രേഖകളിലാണ് ഈ വിവരം ഉള്ളത്. ക്വാറന്റീനിലുള്ള രോഗികൾക്ക് ഐഎംഎയിലെ ഡോക്ടർമാരെ ഫോണിൽ വിളിച്ചാൽ സഹായം ലഭിക്കുന്നതിനുള്ള ആപ്പ് ആണിത്. രോഗികൾ ഡോക്ടർമാരുമായി സംസാരിക്കുമ്പോഴുള്ള വിവരങ്ങളും ഫോൺ കോളും മെഡിക്കൽ റെക്കോർഡുകളും കമ്പനിയുടെ സെർവറിലേയ്ക്കാണ് പോകുന്നത്. സ്പ്രിൻക്ലർ എന്ന കമ്പനിയുമായുള്ള ഇടപാടിനെക്കാൾ ദുരൂഹമാണ് ഈ ഇടപാട്.

quikdr2

അന്വേഷിച്ചപ്പോൾ 2020 ഫെബ്രുവരി 19ലാണ് കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തി 7 ദിവസങ്ങൾക്കു ശേഷമാണ് കമ്പനിയുടെ വെബ്സൈറ്റ് പോലും റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കമ്പനിയെ സംബന്ധിച്ച കാര്യങ്ങൾ ദുരൂഹമാണ്. എന്തു വിശ്വാസ്യതയുടെ പുറത്താണ് ഇതു സംബന്ധിച്ച വിവരങ്ങൾ സർക്കാർ കൊടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കണം.

quikdr3

ഈ പദ്ധതി നടപ്പാക്കുന്നതിന് ടെക്നോപാർക്കിലെ കമ്പനികൾ, സ്റ്റാർട്അപ് കമ്പനികളടക്കം മുന്നോട്ടു വന്നിരുന്നു. അവരെയെല്ലാം ഒഴിവാക്കി എന്തുകൊണ്ട് സ്വന്തമായി ഒരു വെബ്സൈറ്റ് പോലും ഇല്ലാതിരുന്ന കമ്പനിക്ക് ഈ കരാർ നൽകി എന്ന് വ്യക്തമാക്കണം. ആരാണ് ഇതിനു പിന്നിൽ? സ്പ്രിൻക്ലർ എന്ന കമ്പനിയുടെ ബിനാമി കമ്പനിയാണോ ഇതെന്ന് അന്വേഷിക്കണം.

quikdr5

എത്ര ലാഘവത്തോടെയാണ് സർക്കാർ ആരോഗ്യ ഡാറ്റ കൈകാര്യം ചെയ്യുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ യാതൊരു എതിർപ്പുമില്ലാതെ അംഗീകരിച്ചു തരുന്നാണ് ഇപ്പോൾ കാണുന്നത്. ലോകത്ത് ഹെൽത്ത് ഡേറ്റ ഏറ്റവും വിലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഈ ഡേറ്റകൾ അവയവ മാഫിയകൾക്കും മരുന്നു കമ്പനികൾക്കുമെല്ലാമാണ് പോകുന്നത്.

quikdr6

ഇത്ര ദിവസങ്ങൾ പത്രസമ്മേളനങ്ങൾ നടത്തിയിട്ടും അമേരിക്കയിലുള്ള മലയാളി കേരളത്തെ സാഹായിക്കാൻ ഇത്രയും വലിയൊരു കമ്പനിയുമായി വരുന്നത് മുഖ്യമന്ത്രി എന്തിനാണ് മറച്ചു വച്ചത്. ടെലി മെഡിസിൻ കരാറുകളെക്കുറിച്ച് വെളിപ്പെടുത്താതിരുന്നത് എന്തു കൊണ്ടാണ്. ഏത് നടപടിക്രമം അനുസരിച്ച് കമ്പനിയെ തിരഞ്ഞെടുത്തു എന്ന് വെളിപ്പെടുത്താതിരുന്നത് എന്താണ്. അദ്ദേഹത്തിന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ പരാമർശിക്കപ്പെടാതെ പോയത് എന്താണെന്ന് വ്യക്തമാക്കണം.

quikdr7

ഫെയ്സ്ബുക്കും വാട്സാപ്പും എല്ലാം ഉപയോഗിക്കുമ്പോൾ എല്ലാ വിവരങ്ങളും കൈമാറുന്നുണ്ട്. എന്ത് ഡേറ്റ സെക്യൂരിറ്റി എന്ന മട്ടിലാണ് മന്ത്രിമാർ പോലും ചോദിക്കുന്നത്. സെൽഫിയെടുക്കുമ്പോൾ പോലും ഡേറ്റ പോകുമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. വിവര സുരക്ഷയുടെ കാര്യത്തിൽ സുപ്രീം കോടതി വിധി വന്നപ്പോൾ സ്വാഗതം ചെയ്തവരാണ് ഡേറ്റ പ്രൈവസി വേണ്ട എന്ന് പറയുന്നത്.

ഡബ്ലിയുഎച്ച്ഒയുടെ കയ്യിൽ 2 കോടി മലയാളികളുടെ വിവരങ്ങളുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതു കേട്ട് ഞെട്ടലാണുണ്ടായത്. സംസ്ഥാന സർക്കാരിന്റെ കയ്യിൽ പോലും ഇല്ലാത്ത ജനങ്ങളുടെ ഡേറ്റ എങ്ങനെ അവിടെ എത്തി? ഇതെല്ലാം സംബന്ധിച്ചുള്ള ദുരൂഹതകളും നിഗൂഢതകളും വർധിച്ചു വരികയാണ്. സ്പ്രിൻക്ലറിന് കരാർ കൊടുത്തില്ലായിരുന്നെങ്കിൽ എട്ടു ലക്ഷം പേർക്ക് രോഗം ബാധിക്കുമായിരുന്നു എന്ന മട്ടിലാണ് സർക്കാരിന്റെ പ്രചരണം. ഈ കമ്പനി എന്ത് സേവനമാണ് ചെയ്തത്? ഡേറ്റ അനാലിസിസ് തന്നോ എന്നും വി.ഡി. സതീശൻ ചോദിച്ചു.

English Summary: V D Satheesan on Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com