sections
MORE

ഇളവുകൾ ‘മുതലാക്കി’ ജനം പുറത്ത്, വലഞ്ഞ് പൊലീസ്; സംസ്ഥാനത്ത് ആശയക്കുഴപ്പം

trivandrum-vehicles
തിരുവനന്തപുരത്ത് വാഹനങ്ങളുടെ നീണ്ട നിര
SHARE

കൊച്ചി∙ ലോക്ഡൗണിൽ സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ പലയിടത്തും വാഹനങ്ങൾ കൂട്ടത്തോടെ നിരത്തിലിറങ്ങി. വ്യാപാര സ്ഥാപനങ്ങൾ തുറന്നു. ഹോട്സ്പോട്ടായ പ്രദേശങ്ങളിൽ ലോക്ഡൗണ്‍ തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെയായിരുന്നു ജനങ്ങൾ പുറത്തിറങ്ങിയത്. ഇവരെ തടയാൻ പൊലീസ് ഉദ്യോഗസ്ഥരും പാടുപെട്ടു.

എറണാകുളം ജില്ലയിൽ കോവിഡ് 19 ഭീതി അകന്നതോടെ നഗരത്തിലേയ്ക്ക് വാഹനങ്ങളുടെ പ്രവാഹമായി. ഹോട്സ്പോട്ടായി സർക്കാർ നിശ്ചയിച്ചിട്ടുള്ള എറണാകുളം കോർപറേഷൻ പരിധിയിൽ ഇതു വകവയ്ക്കാതെയാണ് ഇളവുകൾ‍ നടപ്പായെന്ന മട്ടിൽ രാവിലെ മുതൽ ആളുകൾ ഇറങ്ങിത്തുടങ്ങിയത്. ഇരുചക്ര വാഹനങ്ങളും കാറുകളും ധാരാളമായി രാവിലെ മുതൽ നഗരത്തിലേയ്ക്ക് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്ന ഇടപ്പള്ളി, വൈറ്റില, കടവന്ത്ര, കലൂർ, എംജി റോഡ് പ്രദേശങ്ങളിൽ പൊലീസ് പരിശോധന നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ രാവിലെ ഇവിടെ വാഹനങ്ങളുടെ തിരക്ക് കാര്യമായി പ്രകടമായിരുന്നു.

ഓറഞ്ച് എ സോണിലാണ് എറണാകുളം ജില്ല ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ തന്നെ കൊച്ചി കോർപറേഷൻ പരിധി പ്രദേശവും മുളവുകാട് പഞ്ചായത്തും ഹോട്സ്പോട്ടുകളായാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഓറഞ്ച് എ സോണിൽ വെള്ളിയാഴ്ച മുതലാണ് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ലഭ്യമാകുന്നത്. അതേ സമയം ഇന്നു മുതൽ തന്നെ ഇളവുകൾ ലഭ്യമായ മട്ടിലാണ് ആളുകൾ നഗരത്തിലേയ്ക്ക് എത്തുന്നത്. ഹോട്സ്പോട്ടുകള്‍ക്ക് ഈ വെള്ളിയാഴ്ച മുതലും ഇളവുകൾ ഇല്ലെന്നിരിക്കെ വാഹനങ്ങളുടെ തിരക്കു കടകളിലും മറ്റും ആൾക്കൂട്ടം ഉണ്ടാകുന്നതിന് ഇടയാക്കുമെന്ന് ഭീതി ഉയർത്തുന്നുണ്ട്.

അതേസമയം കർശനമായ പൊലീസ് പരിശോധന പതിവു പോലെ തുടരുന്നുണ്ടെന്നും അനുമതിയുള്ളവരെ മാത്രമാണു കടന്നു പോകാൻ അനുവദിക്കുന്നതെന്നും എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ ലാൽജി മനോരമ ഓൺലൈനോടു പറഞ്ഞു. നഗരത്തിൽ 14നു ശേഷം തുറക്കാൻ അനുമതിയുണ്ടായിട്ടും തുറക്കാതിരുന്ന ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾ വൃത്തിയാക്കൽ ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തിയിട്ടുണ്ട്. മിക്ക ഹോട്ടലുകളും ഇന്നുമുതൽ തുറന്നു പ്രവർത്തിച്ച് ഓൺലൈൻ വഴിയും ഹോം ഡെലിവറിയിലൂടെയും ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതു തിരക്ക് കൂടുന്നതിനു കാരണമായിട്ടുണ്ട്.

അനുമതിയുണ്ടായിട്ടും കോവിഡ് 19 ഭീതിയിൽ പുറത്തിറങ്ങാതിരുന്നവരും ഇപ്പോൾ ഭീതി അകന്നതോടെ പുറത്തിറങ്ങിയതാണു തിരക്കുകൾക്കുള്ള കാരണം എന്നാണു വിലയിരുത്തൽ. നിയന്ത്രണം ബാധകമല്ലാതെ വരുന്ന ചില യൂണിറ്റുകളും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച തുറക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലേയ്ക്ക് എത്തുന്നവരും ഉണ്ട്. ടൗണിൽ പ്രവർത്തിക്കുന്ന നിരവധി ബാങ്കുകളുണ്ട്, ആശുപത്രികളുണ്ട്. ഇവയുടെ എല്ലാം ജീവനക്കാർ ഇതുവരെയും പൂർണമായും ജോലിക്ക് എത്തുന്നില്ലായിരുന്നു. എന്നാൽ ഇന്നു മുതൽ മിക്ക ബാങ്കുകളും മുഴുവൻ ജീവനക്കാരുമായാണു പ്രവർത്തിക്കുന്നത്. 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കണമെന്ന നിർദേശത്തിൽ മുന്നോട്ടു പോകാനാവില്ലെന്നും രാവിലെ പത്തു മുതൽ നാലു വരെ എന്ന നിർദേശം പാലിക്കുമെന്നുമുള്ള നിലപാടാണ് ബാങ്കുകൾ സ്വീകരിച്ചിട്ടുള്ളത്. ആശുപത്രികളിലാകട്ടെ ഒപി കൂടുതലായി പ്രവർത്തിച്ചു തുടങ്ങിയതും ആളുകൾ കൂടുതൽ നഗരത്തിലേയ്ക്ക് എത്തുന്നതിന് കാരണാക്കിയിട്ടുണ്ടെന്ന് എസിപി പറഞ്ഞു. ഇന്നു മുതൽ ലോക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ടോൺ പ്രവർത്തനവും ഈ ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അരൂർ ടോൾ പ്ലാസയിലും പൊന്നാരിമംഗലം ടോൾ പ്ലാസയിലും ടോൾ പിരിവ് 24ന് ആരംഭിക്കും.

സർക്കാർ ഇളവുകൾക്കൊപ്പം ഹോട്സ്പോട്ടുകളും പ്രഖ്യാപിച്ചതോടെ ഇടുക്കിയിൽ സർവത്ര ആശയക്കുഴപ്പം. തൊടുപുഴ മേഖലയിൽ രാവിലെ തുറന്ന വ്യാപാര സ്ഥാപനങ്ങൾ പൊലീസ് അടപ്പിച്ചു. ആശയക്കുഴപ്പം വ്യാപകമായതോടെ, ജില്ലാ കലക്ടർ ഇടപെട്ടു. ഹോട്സ്പോട്ടുകൾ നിശ്ചയിച്ച സ്ഥലങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ബാധകമല്ലെന്നും കലക്ടർ അറിയിച്ചു. ഇടുക്കി ജില്ലയിൽ തൊടുപുഴ നഗരസഭ, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസൺവാലി, സേനാപതി പഞ്ചായത്തുകളാണ് ഹോട്സ്പോട്ടുകൾ.

വയനാട്ടില്‍ തുറന്ന മൊബൈല്‍ഷോറൂമുകളും ടെക്സ്റ്റയില്‍സുകളും ഫാന്‍സി കടകളും സ്റ്റുഡിയോകളും പൊലീസ് അടപ്പിച്ചു. ഓറ‍ഞ്ച് ബി സോണില്‍ ഉള്‍പ്പെട്ടതിനാല്‍ വയനാട്ടില്‍ എല്ലാ കച്ചവടസ്ഥാപനങ്ങളും തുറക്കാമെന്ന് ഇന്നലെ കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതിനെത്തുടര്‍ന്നാണു വ്യാപാരികള്‍ രാവിലെ കടകള്‍ തുറന്നത്. എന്നാല്‍, ഇത്തരത്തില്‍ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് പൊലീസ് എത്തി കടകള്‍ അടപ്പിക്കുകയായിരുന്നു. കല്‍പറ്റ, മാനന്തവാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണു കടകള്‍ അടപ്പിച്ചത്. പനമരത്തെ സ്റ്റുഡിയോകളും അടപ്പിച്ചു. തിരക്ക് നിയന്ത്രണാതീതമായതിനാലാണ് മാനന്തവാടിയില്‍ ചില കടകള്‍ അടപ്പിച്ചതെന്നാണ് പൊലീസ് വിശദീകരണം.

ഇളവുകള്‍ ഉണ്ടെങ്കിലും എല്ലാ കച്ചവടസ്ഥാപനങ്ങളും തുറക്കാനാകില്ലെന്നും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാനാകൂവെന്നും  കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു. വൃത്തിയാക്കാനായി കടകള്‍ തുറക്കാമെന്നാണ് ഇന്നലെ അറിയിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഫാന്‍സി, ടെക്സ്റ്റയില്‍സ് തുടങ്ങിയവ അവശ്യവസ്തുക്കളല്ലാത്തതിനാല്‍ അത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനാകില്ല. തുറക്കാന്‍ അനുമതിയില്ലാത്ത കടകള്‍ മാത്രമേ അടപ്പിച്ചിട്ടുള്ളൂവെന്നു കല്‍പറ്റ ഡിവൈഎസ്പി ടി.പി. ജേക്കബ് പറഞ്ഞു. എല്ലാ കടകളും തുറക്കാമെന്ന തരത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത വെള്ളമുണ്ട പഞ്ചായത്ത് ഹോട്സ്പോട്ടില്‍ ഉള്‍പ്പെട്ടതും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. തൊട്ടടുത്ത തൊണ്ടര്‍നാട് പഞ്ചായത്തിലാണ് വയനാട്ടില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, തൊണ്ടര്‍നാട് ഹോട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമില്ല.

ആലപ്പുഴയിൽ ഡിജിപിയുടെ ഉത്തരവ് പ്രകാരം തുറന്ന കടകള്‍ പൊലീസ് അടപ്പിച്ചു. മുല്ലയ്ക്കൽ തെരുവിൽ ഡിജിപിയുടെ ഉത്തരവ് കാണിച്ച വ്യാപാരികളുമായി പൊലീസ് വാക്കേറ്റമുണ്ടായി. സർക്കാരിന്റെ നിർദേശപ്രകാരമാണു കടകൾ അടപ്പിക്കുന്നതെന്നു പൊലീസ് അറിയിച്ചു. ഓറഞ്ച് ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയ ആലപ്പുഴയിൽ ചെറുകിട കടകൾ ഉൾപ്പെടെ തുറക്കാമെന്ന സർക്കാരിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇന്നു മുതൽ ഇളവുകൾ ബാധകമാകുമെന്ന് ഇന്നലെ ഡിജിപി പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിൽ വിവിധ കേന്ദ്രങ്ങളിൽ കടകളും സ്ഥാപനങ്ങളും തുറന്നത്. നഗരത്തിൽ രാവിലെ മുതൽ തിരക്കായിരുന്നു.

തൃശൂരിലും കടകൾ തുറക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. ചെറുകിട, ഇടത്തരം വാണിജ്യ സ്ഥാപനങ്ങൾ തുറക്കാമെന്നാണ് പൊലീസ് ഇന്നലെ അറിയിച്ചിരുന്നതെങ്കിലും സ്റ്റേഷനറി–ഫാൻസി സ്റ്റോറുകൾക്ക് ഇതു ബാധകമല്ലെന്നുള്ള അറിയിപ്പാണു ജില്ലാ ഭരണകൂടത്തിൽ നിന്നു കിട്ടിയത്. വ്യാപാരികൾ കടയിൽ വന്നെങ്കിലും പലയിടത്തും തുറക്കാതെ മടങ്ങുകയായിരുന്നു. ചില ഗ്രാമീണ പ്രദേശങ്ങളിൽ സ്റ്റേഷനറി കടകൾ തുറന്നിട്ടുണ്ട്. ചിലയിടത്ത് തുറന്ന കടകൾ വ്യാപാരികൾ തന്നെ അടച്ചു. റസ്റ്ററന്റുകളിൽ ചിലയിടത്ത് ഇരുന്നു കഴിക്കാൻ അനുമതി കൊടുത്തു. എന്നാൽ, കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടി എന്നറിഞ്ഞതോടെ അവരും പാഴ്സൽ മാത്രമാക്കി. കാർഷിക ആവശ്യങ്ങൾക്ക് വാഹനം ഓടിക്കാമെന്ന ഉറപ്പു വിശ്വസിച്ച് രാസവളവുമായി പോയ കർഷകന് ചേലക്കരയിൽ പിഴ ചമുത്തിയതായി പരാതിയുണ്ട്.

English Summary: Rush on Kerala roads at lockdown relaxation day

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA