ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടായിരത്തിലേറെ രോഗികളുമായി മഹാരാഷ്ട്രയ്ക്കു പിന്നിലുള്ള രാജ്യതലസ്ഥാനത്തു മൂന്നാമത്തെ വലിയ കോവിഡ് ഹോട്സ്പോട്ട് കേന്ദ്രം കണ്ടെത്തി. സൗത്ത് ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്ടൻഷൻ ആണ് പുതിയ ഹോട്സ്പോട്ട്. ഇവിടെയുള്ള 38 താമസക്കാർക്കു കോവിഡ് പോസിറ്റീവായി. ഒരു കടക്കാരന് ഉൾപ്പെടെ 3 പേർക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇവരിൽനിന്നാണ് ഇത്രയും പേരിലേക്കു കോവിഡ് വ്യാപനമുണ്ടായത്.

മൂന്നു പേർക്കു പോസിറ്റീവ് ആയതോടെ ഇവിടെയുള്ള 94 പേരെ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് 35 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ തുഗ്ലക്കാബാദിലെ നിരവധി തെരുവുകൾ അടച്ചിട്ടു. നിസാമുദ്ദീൻ ആണു ഡൽഹിയിലെ വലിയ ഹോട്സ്പോട്ട്. ഇവിടെ നടന്ന തബ്‍ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത അനേകമാളുകൾക്കു കൊറോണ വൈറസ് ബാധിച്ചിരുന്നു. രണ്ടാമത്തെ ഹോട്സ്പോട്ടായി കണ്ടെത്തിയതു ചാന്ദ്നി മഹൽ ആണ്.

ജനിച്ച് 45 ദിവസം മാത്രമായ കുഞ്ഞ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ചു ഡൽഹിയിൽ മരിച്ചിരുന്നു. ഇന്ത്യയിൽ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണിത്.  നേരത്തേ മലയാളി ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കു കോവിഡ് സ്ഥിരീകരിച്ച കലാവതി സരൺ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ മരണം. കുട്ടികൾക്കായുള്ള, ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് കലാവതി. ഇവിടെ കോവിഡ് ബാധിച്ചു 10 മാസമുള്ള കുട്ടിയും ചികിത്സയിലുണ്ട്.

തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ചു രാജ്യത്ത് 17,265 പേർക്കാണു കോവിഡ് ബാധിച്ചത്. 543 പേർക്കു ജീവൻ നഷ്ടമായി. 4202 കേസുകളുമായി മഹാരാഷ്ട്രയാണു മുന്നിൽ. ഡൽഹി (2003), ഗുജറാത്ത് (1743), രാജസ്ഥാൻ (1478), തമിഴ്നാട് (1477), മധ്യപ്രദേശ് (1407), ഉത്തർപ്രദേശ് (1084) എന്നീ സംസ്ഥാനങ്ങളിലാണു കോവിഡ് ബാധിതർ 1000 കടന്നത്. രാജ്യമാകെ 2547 പേർ രോഗമുക്തരായി.

എന്താണ് കൊറോണ? അറിയേണ്ടതെല്ലാം

എന്താണ് സാർസ് കോവ് 2 വൈറസ്?

2019 നവംബറിൽ ചൈനയിൽ കണ്ടെത്തിയ വൈറസിന്റെ പേരാണ് സാർസ് കോവ് 2 (Severe Acute Respiratory Syndrome Coronavirus 2 (SARS-CoV-2). പുതിയ (നോവൽ) കൊറോണ വൈറസ് എന്നും ഇതിനു പേരുണ്ട്. 2002ൽ ചൈനയെ ആക്രമിച്ച സാർസ് വൈറസിനോട് ജനിതക ഘടനയിൽ ഏറെ സാമ്യമുണ്ട് സാർസ് കോവ് 2ന്. അതിനാലാണു ഇന്റർനാഷനൽ കമ്മിറ്റി ഓൺ ടാക്സോണമി ഓഫ് വൈറസസ് ഇതിനു സമാനമായ പേര് നൽകിയത്. മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ആക്രമിക്കുന്ന കൊറോണ കുടുംബത്തിൽപ്പെട്ട വൈറസാണിത്. ശരീര കോശങ്ങളെ ആക്രമിച്ച് സ്വന്തം വരുതിക്കു നിർത്തി കോശങ്ങളിലെ പ്രോട്ടിൻ ഉപയോഗിച്ചു കൂടുതൽ വൈറസുകളെ ഉൽപാദിപ്പിക്കാൻ ഇവയ്ക്കു ശേഷിയുണ്ട്. ദേഹം നിറയെ ‘ക്രൗണ്‍’ അഥവാ കിരീടത്തിലേതു പോലെ ഉയർന്നു നിൽക്കുന്ന മുനകളുള്ളതുകൊണ്ടാണ് കൊറോണ വൈറസിന് ആ പേരു ലഭിച്ചത്. പ്രത്യേകതരം പ്രോട്ടിനുകൾകൊണ്ടാണ് ഈ മുനകൾ നിർമിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിലെ കോശങ്ങളിലേക്കു കടക്കാൻ കൊറോണയെ സഹായിക്കുന്ന താക്കോലാണ് ഈ പ്രോട്ടീൻ മുനകൾ.

എത്രയിനമുണ്ട് കൊറോണ വൈറസുകൾ?

പുതിയത് ഉൾപ്പെടെ മനുഷ്യനെ ആക്രമിക്കുന്ന ഏഴിനം കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നാലെണ്ണം മനുഷ്യനിലെ ജലദോഷപ്പനിക്ക് ഉൾപ്പെടെ കാരണമാകുന്നതാണ്– 229 ഇ (ആൽഫ), എൻഎൻ63 (ആൽഫ),ഒസി 43(ബീറ്റ), എച്ച്കെയു1 (ബീറ്റ) എന്നിവയാണവ. മനുഷ്യശരീരത്തിലെത്തി സ്വയം ജനിതക തിരുത്തലുകൾ വരുത്തിയ മൂന്ന് കൊറോണ വൈറസുകളുണ്ട്– സാർസ് കോവ് 1, മെർസ്, സാർസ് കോവ് 2.

എന്താണ് കോവിഡ് 19?

കൊറോണ കുടുംബത്തിൽ ഏറ്റവും പുതുതായി ജനിതകമാറ്റം സംഭവിച്ചു രൂപപ്പെട്ട സാർസ് കോവ് 2 വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19 (Coronavirus disease 2019). ലോകാരോഗ്യസംഘടന 2020 മാർച്ച് 11ന് ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. പുതിയൊരു രോഗം വളരെ പെട്ടെന്ന് വളരെ വലിയ പ്രദേശത്തു പരക്കുമ്പോഴാണ് മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

എവിടെനിന്നാണ് സാർസ് കോവ് 2 പൊട്ടിപ്പുറപ്പെട്ടത്?

2019 സെപ്റ്റംബർ–നവംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലെ ഹ്വാനൻ സീഫൂഡ് മാർക്കറ്റിൽ നിന്നാണ് കോവിഡിനു കാരണമായ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്നു. ഡിസംബർ 31നാണ് പ്രത്യേകതരം ന്യൂമോണിയ ബാധിച്ച് ഒട്ടേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതായി ചൈന റിപ്പോർട്ട് ചെയ്തത്. ഏകദേശം 1.1 കോടി ജനങ്ങളുള്ള നഗരമാണ് വുഹാൻ. അതിനാൽത്തന്നെ വൈറസ് പെട്ടെന്നു പരന്നു. ജനുവരി ആദ്യ ആഴ്ച ആദ്യ കോവിഡ് മരണം, തൊട്ടടുത്ത ആഴ്ച മരണം രണ്ടായി. വൈകാതെതന്നെ ലോകം മുഴുവൻ കോവിഡ് പടർന്നുപിടിക്കുകയും ചെയ്തു

എങ്ങനെയാണു പുതിയ കൊറോണവൈറസ് പടർന്നത്?

സാർസ് കോവ് 1 വൈറസ് വെരുകിൽനിന്നും മെർസ് ഒട്ടകങ്ങളിൽനിന്നുമാണ് പടർന്നതെന്നാണു കരുതുന്നത്. സമാനമായി വവ്വാൽ, പാമ്പ്, ഈനാംപേച്ചി എന്നിവയിൽനിന്നാകാം സാർസ് കോവ് 2 പടർന്നതെന്നു കരുതുന്നു. വംശനാശ ഭീഷണി നേരിടുന്നതുൾപ്പെടെയുള്ള ഒട്ടേറെ കാട്ടുമൃഗങ്ങളെ ഉൾപ്പെടെ വിൽക്കുന്ന സ്ഥലമായിരുന്നു ഹ്വാനൻ സീഫൂഡ് മാർക്കറ്റ്. പുതിയ കൊറോണ വൈറസിന് സമാനമായ വൈറസുകൾ നേരത്തേ വവ്വാലിലും ഈനാംപേച്ചിയിലും പാമ്പിലും കണ്ടെത്തിയിട്ടുണ്ട്. ഈ ജീവികളെയും ഹ്വാനൻ മാർക്കറ്റിൽ വിൽപനയ്ക്കെത്തിച്ചിരുന്നു. അവയിൽനിന്നാകാം പുതിയ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. ചൈനീസ് ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം വവ്വാലിൽനിന്നുള്ള വൈറസുകൾക്കാണ് ഇപ്പോൾ കണ്ടെത്തിയ വൈറസുകളുമായി ഏറെ ജനിതക സാമ്യങ്ങളുള്ളത്. എന്നാൽ യുഎസ് ഗവേഷകർ പറയുന്നത് ഈനാംപേച്ചിയിൽനിന്നുള്ള വൈറസിനാണ് പുതിയ കൊറോണയുമായി ജനിതക ബന്ധം ഏറെയെന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതു സംബന്ധിച്ച ഗവേഷണം തുടരുകയാണ്.

എന്തൊക്കെയാണ് കോവിഡ് രോഗലക്ഷണങ്ങൾ?

പൊതുവെയുള്ള ലക്ഷണങ്ങൾ: പനി, ക്ഷീണം, വരണ്ട ചുമ. ചില രോഗികൾക്ക് ദേഹവേദനയും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയും വയറിളക്കവും വരാറുണ്ട്. പതിയെപ്പതിയെയാണ് ലക്ഷണങ്ങൾ ശക്തി പ്രാപിക്കുക. ചിലർക്ക് വൈറസ് ബാധിച്ചാലും ലക്ഷണങ്ങളൊന്നും കാണിക്കില്ല, ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാറില്ല. ഏകദേശം 80% പേരും പ്രത്യേക ചികിത്സയില്ലാതെ തന്നെ രോഗത്തിൽനിന്നു മുക്തി നേടും. കോവിഡ് 19 ബാധിക്കുന്ന ആറിൽ ഒരാളെന്ന കണക്കിനാണ് രോഗം ഗുരുതരമാവുകയുള്ളൂ. അത്തരക്കാർക്ക് ശ്വസിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകും. വയോജനങ്ങളെയും ആരോഗ്യപരമായി ദുർബലരായവരെയുമാണ് (ഹൃദയസംബന്ധമായ രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുള്ളവർ) രോഗം ഗുരുതരമായി പൊതുവെ ബാധിക്കുന്നത്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുള്ളവർ തീർച്ചയായും വൈദ്യസഹായം തേടണം.

എങ്ങനെയാണ് വൈറസ് മനുഷ്യരിലേക്കു പടരുന്നത്?

വൈറസ് ബാധിച്ച മറ്റുള്ളവരില്‍ നിന്ന് രോഗം പകരാം. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെ കോവിഡ് 19 മറ്റുള്ളവരിലേക്കും പകരാം. ഈ തുള്ളികൾ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും വന്നുവീണേക്കാം. ഇവിടങ്ങളിൽ സ്പർശിക്കുമ്പോഴും മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ആരോഗ്യവാനായ മനുഷ്യന്റെ ശരീരത്തിലെത്തുക. കോവിഡ് 19 രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ മറ്റൊരാൾ നേരിട്ടു ശ്വസിക്കുന്നതുവഴിയും രോഗം പരക്കാം. രോഗബാധിതനായ ഒരാളിൽ നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) ദൂരം കാത്തുസൂക്ഷിക്കണമെന്നു പറയുന്നത് ഇതിനാലാണ്. കോവിഡ് 19 പടരുന്ന മറ്റു വഴികളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗവേഷണം തുടരുകയാണ്.

കോവിഡ് പകരാതിരിക്കാൻ സ്വീകരിക്കാം ഈ മുൻകരുതലുകൾ:

∙ കൈകളിലുള്ള വൈറസിനെ ഇല്ലാതാക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക. ഏതു സോപ്പും ഇതിനായി ഉപയോഗിക്കാം. 20 സെക്കൻഡ് നേരമെങ്കിലും കൈ കഴുകണം.
∙ സോപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ, 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസറുകളും ഉപയോഗിക്കാം.
∙ ആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ അവരിൽ നിന്ന് ഒരു മീറ്ററെങ്കിലും (മൂന്നടി) അകലം പാലിക്കുക.
∙ ഒട്ടേറെ വസ്തുക്കളിലും പ്രതലങ്ങളിലും നാം സ്പർശിക്കാറുണ്ട്. അപ്പോഴെല്ലാം വൈറസ് കയ്യിലെത്താൻ സാധ്യതയുണ്ട്. കൈകളിലൂടെ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം വൈറസെത്തും. അതുവഴി രോഗബാധിതരാവുകയും ചെയ്യും. ഇതൊഴിവാക്കാൻ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക.

∙ ശ്വസനത്തിലും വൃത്തി പാലിക്കണം. അത് നിങ്ങളെയും ചുറ്റിലുമുള്ളവരെയും വൈറസിൽ നിന്നു രക്ഷിക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈവെള്ള ഉപയോഗിക്കാതെ കൈമടക്കി (Bent Elbow) മുഖത്തോടു ചേർത്തുവച്ച് തുമ്മുക. അല്ലെങ്കിൽ ടിഷ്യുവോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിച്ച് തുമ്മുക. ഇവ പിന്നീട് ഉപയോഗിക്കാതെ ഒഴിവാക്കുക. കോവിഡ് 19 മാത്രമല്ല, ജലദോഷം, പനി എന്നിവയിൽ നിന്നെല്ലാം ഇതുവഴി രക്ഷപ്പെടാം.
∙ ശാരീരിക അസ്വസ്ഥതകൾ തോന്നിയാൽ വീട്ടില്‍ തുടരുക. ചുമയോ പനിയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ നേരിട്ടാൽ വൈദ്യസഹായം തേടുക. പ്രാദേശികമായി നൽകിയിട്ടുള്ള ഹെൽപ്നമ്പർ ഉപയോഗിച്ചും സഹായം തേടുക.

∙ കേരളത്തിൽ ആരോഗ്യവകുപ്പിന്റെ ‘ദിശ’ നമ്പറായി 1056 ഉണ്ട്. എവിടെനിന്നു വേണമെങ്കിലും ഈ നമ്പറിലേക്കു വിളിക്കാം. ബന്ധപ്പെട്ട ജില്ലയിലെ ആരോഗ്യപ്രവർത്തകർ സഹായവുമായെത്തും. ആശുപത്രിയിലേക്കു പുറപ്പെടുമ്പോൾ പരമാവധി വ്യക്തിശുചിത്വം പാലിക്കുക. ഒപ്പമുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കോവിഡ് 19 വ്യാപനം സംബന്ധിച്ച് പ്രാദേശിക ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അപ്ഡേറ്റായിരിക്കും. അതിനാൽത്തന്നെ അവരുടെ സഹായവും ഉപദേശവും തേടാൻ മടിക്കരുത്.
∙ കോവിഡ് 19 വൻതോതിൽ പടരുന്ന പ്രദേശങ്ങളെപ്പറ്റി (ഹോട്‌സ്പോട്ടുകൾ) അറിഞ്ഞുവയ്ക്കുക. ഈ പ്രദേശങ്ങളിലേക്കു പരമാവധി യാത്ര കുറയ്ക്കുക, വയോജനങ്ങളും പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ എന്നിവയുള്ളവരും ഇത്തരം പ്രദേശങ്ങളിലെത്തിയാൽ എളുപ്പം അസുഖം പിടിപെടാൻ സാധ്യതയുണ്ട്.

കോവിഡിന് മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടോ?

കോവിഡ് രോഗത്തിന് വാക്സിൻ കണ്ടെത്താൻ ലോകമെമ്പാടും ശ്രമം നടക്കുകയാണ്. ഇതുവരെ ഫലപ്രദമായ മരുന്നോ വാക്സിനോ കണ്ടെത്താനായിട്ടില്ല. വൈറസുകൾക്കെതിരെ ആന്റിബയോട്ടിക്കുകൾ പ്രവർത്തിക്കില്ല. അവ ബാക്ടീരിയ വഴിയുള്ള അണുബാധയ്ക്കാണു ഫലപ്രദം. അതിനാൽത്തന്നെ കോവിഡ് 19 വൈറസ് പ്രതിരോധത്തിൽ ആന്റിബയോട്ടിക് ഉപയോഗിക്കില്ല. ശരീരത്തിൽ ഏതെങ്കിലും വിധത്തിൽ ബാക്ടീരിയ വഴിയുള്ള അണുബാധയുണ്ടായാ‌ൽ അതിന് ഡോക്ടറുടെ നിർദേശത്തോടെ മാത്രം ആന്റിബയോട്ടിക് ഉപയോഗിക്കാമെന്നു മാത്രം. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ഇപ്പോൾ വൈറസ് ബാധിതർക്കു നൽകുന്നത്. രോഗം ഗുരുതരമാകുന്നവരെ ആശുപത്രിയിലേക്കു മാറ്റും. കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും കോവിഡ് 19 ബാധിതർക്കായി പ്രത്യേകം ഐസലേഷൻ വാർഡുകളുണ്ട്. കേരളത്തിൽ ചികിത്സയിൽ ഇരുന്നവരുൾപ്പെടെ ഭൂരിപക്ഷം പേരും രോഗത്തിൽ നിന്നു മുക്തരായിട്ടുണ്ടെന്നത് ആശ്വാസകരമാണ്.

പുതിയ വൈറസായതിനാൽത്തന്നെ ഇവയെ പ്രതിരോധിക്കാനുള്ള ശേഷി ശരീരം ആർജിച്ചെടുക്കേണ്ടതുണ്ട്. അതിനു സഹായിക്കുന്ന വാക്സിനുകളും ചില പ്രത്യേക മരുന്നുകളും പരീക്ഷണഘട്ടത്തിലാണ്. ക്ലിനിക്കൽ ട്രയലുകളിലൂടെ മാത്രമേ അവയെപ്പറ്റിയുള്ള അന്തിമഫലം പുറത്തുവിടാനാകൂ. വാക്സിനുകള്‍ക്കും മരുന്നുകൾക്കുമായുള്ള ഗവേഷണം ഡബ്ല്യുഎച്ച്ഒ തുടരുകയാണ്. മുകളിൽ വിവരിച്ചതു പ്രകാരമുള്ള വ്യക്തിശുചിത്വ മാർഗങ്ങൾ പാലിക്കുക മാത്രമാണ് നിലവിൽ രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഏക വഴി.

English Summary: 38 Patients From Same Place In Third-Biggest COVID-19 Hotspot In Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com