ADVERTISEMENT

ന്യൂഡൽഹി∙ കോവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാവുകയാണ്. ഏഴു ജില്ലകളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ആളുകൾ കൂട്ടമായി പുറത്തിറങ്ങുകയാണ്. തിരുവനന്തപുരം നഗരാതിർത്തികളിൽ നിയന്ത്രണം പാളിയെന്ന് വ്യക്തമാക്കുന്നതാണ് നിരത്തുകളിൽ കാണുന്ന വൻ തിരക്കെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മുരളീധരൻ വ്യക്തമാക്കി.

ലോക്ഡൗൺ പൊതു മാനദണ്ഡങ്ങൾ ലംഘിച്ചതിന് ചീഫ് സെക്രട്ടറിയോട് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. മാർഗരേഖയിൽ വെള്ളം ചേർത്തത് അംഗീകരിക്കാനാവില്ല. സാമൂഹിക അകലം പാലിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ തുരത്താനാകൂ. കേരളം വളരെ മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടത്തിയെന്ന ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്നാണ് എന്റെ അഭ്യർത്ഥന. ബാർബർ ഷോപ്പുകളും ഹോട്ടലുകളുമടക്കം കടകളെല്ലാം തുറന്നിട്ടാൽ പിന്നെ ലോക്ഡൗൺ കൊണ്ടെന്ത് പ്രയോജനം?

കോവിഡ് ലക്ഷണങ്ങളില്ലാതിരുന്ന പ്രവാസിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നു വന്ന് 35 ദിവസമായപ്പോഴാണു രോഗബാധ. കേരളം കരുതലോടെ ഇരിക്കണമെന്ന മുന്നറിയിപ്പാണ് ഇത്തരം കേസുകൾ നൽകുന്നത്. രോഗബാധ സാമൂഹിക വ്യാപനത്തിലേക്ക് എത്താതിരിക്കാൻ ലോക്ഡൗൺ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചേ മതിയാകൂ. ഇളവുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary: V. Muraleedharan slams Kerala government over lockdown relaxations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com