ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിൽ കുടുംബശ്രീ അംഗങ്ങൾ മികച്ച പ്രവർത്തനമാണു കാഴ്ച വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹായ ഹസ്ത പദ്ധതി പ്രകാരം 2000 കോടി രൂപ പലിശ രഹിത വായ്പയായി കുടുംബശ്രീയിലൂടെ നടപ്പിലാക്കുകയാണ്. രണ്ടര ലക്ഷത്തോളം അയൽക്കൂട്ടങ്ങളിലൂടെ 32 ലക്ഷം കുടുംബങ്ങളിലേക്കാണ് ഈ വായ്പ എത്തുക. കമ്യൂണിറ്റി കിച്ചനുകളിൽ 75 ശതമാനവും കുടുംബശ്രീയാണ് നടത്തുന്നത്. ഇതു ജനകീയ ഹോട്ടലുകളായി മാറിക്കൊണ്ടിരിക്കുന്നു. ജനകീയ ഹോട്ടലുകൾ 350 എണ്ണം തുടങ്ങി.

സന്നദ്ധസേനയിൽ അരലക്ഷം കുടുംബശ്രീ അംഗങ്ങളാണ് ചേർന്നത്. മാസ്ക് നിർമാണത്തിലും സാനിറ്റൈസർ ഉൽപാദനത്തിലും കുടുംബശ്രീ പ്രവർത്തിക്കുന്നു. പ്രായമായവർ പ്രത്യേക കരുതലോടെ ഇരിക്കണമെന്ന സന്ദേശം വീടുകളിലെത്തിക്കാൻ കുടുംബശ്രീക്കു സാധിച്ചു. അഗതികൾക്കും ക്വാറന്റീനിലുള്ളവർക്കും കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവിധ സഹായങ്ങൾ നൽകിവരുന്നു. 14 ജില്ലകളിലുമുള്ള സ്നേഹിതയിലൂടെയും 360 കമ്യൂണിറ്റി കൗൺസിലർമാരിലൂടെയും കൗൺസിലിങ് നൽകും.

എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയിൽ കാർഷിക സംസ്കാരം വീണ്ടെടുക്കുകയെന്ന ലക്ഷ്യം നേടുവാൻ കുടുംബശ്രീയുടെ വനിതാ സംഘ കൃഷിക്കു സാധിക്കണം. കൂടാതെ മികച്ച ഉപജീവന പദ്ധതികൾ ആവിഷ്കരിച്ചു സമൂഹത്തിനു താങ്ങാകാന്‍ അവർക്കു കഴിയണം. ലോക്ഡൗണിൽ സഞ്ചരിക്കുന്ന തപാൽ ഓഫിസ് സജ്ജമാക്കിയും ജീവന്‍രക്ഷാ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണം നടത്തിയും തപാൽ വകുപ്പ് മികച്ച പ്രവർത്തനം കാഴ്ചവച്ചു.

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 307 ഏക്കർ ഭൂമിയിൽ പച്ചക്കറി, കിഴങ്ങ്, വാഴ എന്നിവ കൃഷി ചെയ്യും. കോഴിക്കോട് ‍ഡിസ്ട്രിക്ട് റോട്ടറി ക്ലബ് കോഴിക്കോട് മെഡിക്കൽ കോളജിന് 1 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പയ്യന്നൂര്‍ റോട്ടറി ക്ലബ് മഞ്ചേശ്വരത്ത് ഡിസ്ഇൻഫക്ഷൻ കേന്ദ്രവും ആരംഭിച്ചു. ബിഎസ്എൻഎൽ ഓഫിസർമാരുടെ സംഘടന സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലേക്ക് പിപിഇ കിറ്റുകൾ എത്തിക്കാൻ 8,28,000 രൂപ സംഭാവന ചെയ്തു. തമിഴ്നടൻ വിജയ് 10 ലക്ഷം രൂപ സംഭാവന നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan Press Meet on Coronavirus Outbreak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com