ADVERTISEMENT

കൊല്ലം∙ ബ്യൂട്ടി പാര്‍ലറില്‍ ട്രെയിനറായിരുന്ന സുചിത്ര പിള്ളയെ(42) കൊലപ്പെടുത്തിയത് ക്രൂരമായെന്ന് പൊലീസ്. സൗഹൃദം നടിച്ച്  സുചിത്രയെ കൊല്ലത്തുനിന്നു പാലക്കാടെത്തിച്ച പ്രതി വിഷം കൊടുത്തശേഷം കേബിള്‍ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയായ പ്രശാന്തിനെ(32) എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച പാലക്കാട്ട് തെളിവെടുപ്പിന് എത്തിക്കും. കീ ബോര്‍ഡിസ്റ്റാണ് പ്രശാന്ത്. 

സിനിമകളിലെ ക്രൈം ത്രില്ലറുകളെ മാതൃകയാക്കിയാണ് പ്രതി കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതെന്നു പൊലീസ് പറയുന്നു. സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ച പ്രധാന കാരണം. ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്. സുചിത്ര രണ്ടുതവണ വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്.

ബന്ധം ശക്തമായപ്പോള്‍ പ്രശാന്തുമായി സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി. ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയപ്പോള്‍ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി തര്‍ക്കം പതിവായി. വിവാഹം കഴിക്കണമെന്ന സുചിത്രയുടെ ആവശ്യവും ബന്ധം വഷളാക്കി. ഇതോടെ സുചിത്രയെ ഒഴിവാക്കാന്‍ പ്രശാന്ത് തീരുമാനിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പിഴവുകള്‍ പ്രതിയെ കുടുക്കി.

മാര്‍ച്ചില്‍ പ്രശാന്ത് പാലക്കാട്ടെ വാടക വീട്ടില്‍ നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. പാലക്കാട്ടെ വീട്ടില്‍ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞു വിട്ടു. ഇതിനു ശേഷമാണ് സുചിത്രയെ പാലക്കാട്ടെ വീട്ടിലേക്കു കൊണ്ടുവന്നത്. ആദ്യ ദിവസം സുചിത്രയോട് സ്‌നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് പറയാന്‍ ആവശ്യപ്പെട്ടു.

സുചിത്ര മഹാരാഷ്ട്രയിലേക്ക് ഫോണ്‍ ചെയ്തശേഷമാണ് വിഷം നല്‍കി കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ഫോണ്‍ രേഖകളില്‍ മഹാരാഷ്ട്ര നമ്പര്‍ വന്നാല്‍ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ സുചിത്രയുടെ ഫോണ്‍ ഏതോ വണ്ടിയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഫോണിനായുള്ള അന്വേഷണം തുടരുന്നു. ഫോണ്‍ ലഭിച്ചാല്‍ മാത്രമേ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ശേഖരിക്കാന്‍ കഴിയൂ. രണ്ടേ മുക്കാല്‍ ലക്ഷംരൂപ സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

കൊലപാതകത്തിനു ശേഷം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്ന് വീടിനടുത്തുള്ള പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങി കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കാലുകള്‍ അറുത്ത് മാറ്റി സമീപത്തെ ചതുപ്പു നിലത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. വീട്ടിനുള്ളില്‍ ചുവരുകള്‍ ഉണ്ടായിരുന്ന രക്തക്കറ മായ്ക്കാന്‍ പെയിന്റ് അടിച്ചു. സുചിത്ര മാര്‍ച്ച് 17നു നാട്ടില്‍ നിന്നു പോയതാണെന്നും 20നു ശേഷം വിവരങ്ങളൊന്നുമില്ലെന്നും അമ്മ നല്‍കിയ പരാതിയില്‍ കൊട്ടിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതു കള്ളമാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാളുടെ മൊഴിയില്‍ വൈരുധ്യം കണ്ടു തുടങ്ങിയതോടെയാണു പ്രതിയുടെ വാടക വീടു കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.

English Summary : Beautician Trainer Suchitra's death updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com