sections
MORE

നഗരരാവുകൾ ഏകാന്തത പുണരുമ്പോൾ; ലോക്‌ഡൗണിൽ കോഴിക്കോട്ടെ ഒരു രാത്രി...

kozhikode-beach-road
ലോക്‌ഡൗണിനെത്തുടർന്ന് വിജനമായ കോഴിക്കോട് കടപ്പുറം റോഡ്. ചിത്രം: എം.ടി. വിധുരാജ്∙മനോരമ
SHARE

ദുരിതകാലത്തും പ്രകൃതിക്ഷോഭങ്ങൾക്കിടയിലുമെല്ലാം പൊലീസടക്കമുള്ളവർക്കൊപ്പം നാടിന്റെ കണ്ണായും കാതായും എത്തുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. കോവി‍ഡ് ഭീതി പരന്ന ഇക്കാലത്തും ഈ സ്ഥിതിക്കു മാറ്റമില്ല. കേരളത്തിലെ നഗരരാവുകൾ ഇത്രത്തോളം ഇരുട്ടാണ്ടുപോയതും ശൂന്യമായതും പേടിപ്പെടുത്തുന്ന നിശബ്ദതയുടെ താവളങ്ങളായതും ഒരുപക്ഷേ ഇതാദ്യമാകാം. കൊറോണക്കാലത്തു കണ്ട രാത്രികാഴ്ചകളിൽ നിരത്തുകളുടെ ശൂന്യത എത്ര ഏകാന്തമാണെന്നതു വരച്ചിടുകയാണ്  കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ലേഖകന്‍. കോഴിക്കോടിനപ്പുറം കേരളത്തിൽ നമ്മുടെ മറ്റു നഗരങ്ങളും പങ്കുവെയ്ക്കുന്നത് പ്രാദേശികമായ വേര്‍തിരിവുകളോടെ ഇത്തരം കാഴ്ചകള്‍ തന്നെയാണ്.

രാത്രിയും പകലുമെന്നില്ലാതെ സാമൂഹികതലങ്ങളിൽ എപ്പോഴും ജാഗ്രതയോടെ നിലകൊള്ളുന്നതാണ് ശരാശരി റിപ്പോർട്ടറുടെ ജീവിതം. വാർത്തകൾ തേടുന്ന ഈ യാത്രകൾക്കിടെ ത്രസിപ്പിക്കുന്ന സ്വയാനുഭവങ്ങളിലൂടെ സഞ്ചരിക്കാനാകുന്നതു തന്നെയാണ് മാധ്യമപ്രവർത്തനത്തിന്റെ ആവേശവും. രണ്ടു പതിറ്റാണ്ടിലേക്ക് മാത്രം ഓടിയെത്തുന്ന പത്രപ്രവര്‍ത്തന ജീവിതത്തിനിടെ ബേപ്പൂരിൽ കലാപമുണ്ടായപ്പോള്‍, മാറാട് കൂട്ടക്കൊല, നിപ്പ വൈറസ് രോഗകാലം എന്നീ സമയങ്ങളിലെല്ലാം ഒരു ജേണലിസ്റ്റ് എന്ന രീതിയില്‍ കോഴിക്കോടിന്റെ ചരിത്രനിമിഷങ്ങളോടു ഒരൽപമെങ്കിലും ചേർന്നുനിൽക്കാനായി. കോവിഡ് ഭീതിയുടെ ഇക്കാലത്ത് കോഴിക്കോട് നഗരത്തിന്റെ ഏകാന്തതയുടെ രാത്രിമുഖം അടുത്തറിഞ്ഞതാണ് ഇതിൽ പുതുതായി ചേർത്തുവയ്ക്കാനുളളതും.

kozhikode-SM-Street-2
കോഴിക്കോട് മിഠായിത്തെരുവിന് മുന്നിൽ എസ്.കെ.പൊറ്റേക്കാടിന്റെ പ്രതിമയുടെ രാത്രികാഴ്ച. ചിത്രം: എം.ടി. വിധുരാജ്∙മനോരമ

നഗരരാത്രികളുടെ വലിയ പ്രത്യേകത അവ ഉണ്ടാക്കുന്ന വര്‍ണപ്പൊലിമയാണ്. പലവിധ സാഹചര്യങ്ങളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയുമെല്ലാം മാധ്യമപ്രവര്‍ത്തകന്റെ കുപ്പായമിട്ട് സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ചെറുപ്പം മുതല്‍ കണ്ട്, മനസ്സില്‍ കുടിയേറിയ വര്‍ണാഭമായ സ്വന്തം നഗരത്തിന്റെ നിശബ്ദമായ രാത്രിമുഖം കാണുന്നത് ഇതാദ്യമായാണ്.

വൈകിട്ടോടെ ഇരുട്ടിലാകുകയും ജനനിബിഡമായ നഗരവീഥികള്‍ ശ്മശാന മൂകതയിലേക്കു വഴിമാറുകയുമെന്നത് ഒരു ശരാശരി കോഴിക്കോട് നിവാസിക്ക് അത്ര പെട്ടെന്നു ദഹിക്കാത്ത അനുഭവങ്ങളിലൊന്നാണ്. ലോക്‌ഡൗണ്‍ കാലത്തും കോഴിക്കോടിന്റെ തെരുവുകളിലൂടെ രാത്രി സഞ്ചരിക്കേണ്ടി വന്നപ്പോള്‍ കണ്ട നിശബ്ദതയും ഇരുട്ടും ശൂന്യതയുമെല്ലാം ഉണ്ടാക്കുന്നത് വല്ലാത്തൊരു പേടിയാണ്‌.

ഇല്യുമിനേറ്റഡും നിയോണ്‍ സൈനുമടക്കം വിവിധ വര്‍ണങ്ങൾ വാരി വിതറുന്ന നഗരത്തിന്റെ വര്‍ണപ്പൊലിമ ഇല്ലാതായി ഇരുട്ടാണ്ട നഗരം. വർണങ്ങളുടെ ദീപപ്പൊലിമകളില്ലാതെ, മണിക്കൂറുകൾ ഇരുട്ടിലായ നഗരകാഴ്ച എങ്ങനെയെന്നത് അനുഭവിച്ചറിയേണ്ടതു തന്നെയാണ്. ആഗോളതലത്തിൽ ഭീതിപരത്തിയ ഒരു രോഗത്തിനെതിരെ ജാഗ്രത്തോടെ നിലകൊള്ളുന്ന നഗരത്തിലെ ജനമനസ്സുകളും അവ കർശനമായി നടപ്പാക്കുന്ന ഭരണകൂടത്തിന്റെ നിലപാടുമാണ് ഈ നിശബ്ദതയ്ക്കു പിന്നിലെന്നതുമാണ് ഇതിനിടെ ആശ്വാസം പകരുന്നത്.

kozhikode-SM-Street-1
വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്ന കോഴിക്കോട് മിഠായിത്തെരുവ്. ചിത്രം: എം.ടി. വിധുരാജ്∙മനോരമ

പൂച്ച പോലും അലയാത്ത രാവുകൾ

സമയം ഏഴു മണി ആകുന്നേയുള്ളു. അസ്തമയത്തിന്റെ ഇളംചുകപ്പൊന്നാകെ ഇരുട്ടിന് വഴിമാറി കഴിഞ്ഞു. വാർത്തകളായി കോവിഡ് മാത്രമേയുള്ളൂവെന്നതിനാൽ അവ നേരത്തെ റെഡിയാക്കി അയയ്ക്കാനായതിനാലാണ് ബ്യൂറോയിൽ നിന്ന് വേഗം ഇറങ്ങാനായത്. കട്ട് റോഡ് പിന്നിട്ട് എൻഎച്ചിലേക്ക്, കടകളൊന്നുമില്ലാത്തതിനാല്‍ ബാങ്ക് റോഡിലെ ആകെയുളള വെളിച്ചം തെരുവുവിളക്കിന്റേതു മാത്രം. ഇടയ്ക്കിടെ മാത്രം കത്തുന്ന അവയുടെ വെളിച്ചം, റോഡൊന്നാകെ പരന്ന ഇരുട്ടിനോടേറ്റു മുട്ടാന്‍ പ്രാപ്തിയില്ലാതെ തളർന്നിരിക്കുന്നു.

വ്യാപാര ഭവന് അടുത്തുളള പെട്രോള്‍ പമ്പ് കഴിഞ്ഞതോടെ റോഡിലെ ഇരുട്ടിന് കൂടുതൽ ടാർ നിറമായി. ആ ഇരുട്ടത്തും അധികം വ്യക്തമല്ലെങ്കിലും ഇടതുഭാഗത്തെ കെഎഫ്‌സി ബോര്‍ഡ് വായിച്ചെടുക്കാം. ഇരുട്ടാണ്ടു കിടക്കുന്ന ഇവിടത്തെ ആഴ്ചകൾക്കു മുന്‍പത്തെ സ്ഥിതിയോർത്തു. വയനാട്ടില്‍ നിന്നും മലപ്പുറത്തു നിന്നുമെല്ലാം കാറിലും മറ്റുമായി വൈകീട്ടോടെ ഒന്നിനു പിറകെ ഒന്നായി ആളുകള്‍ വന്ന് പാര്‍ക്കിങ്ങിനു ബുദ്ധിമുട്ടിയ സ്ഥാനത്ത്, ഇപ്പോള്‍ കൂട്ടായി ഇരുട്ടു മാത്രം.

യുവാക്കളുടെയും യുവതികളുടെയും ബഹളം കൊണ്ട് സജീവമാകാറുള്ള, അവരുടെ പ്രയർ ഹാൾ എന്ന പേരുള്ള, പൂട്ടിക്കിടക്കുന്ന കുരിശുപള്ളിയുടെ കാഴ്ച ഇതിനേക്കാൾ ഇരുട്ടാണ്ടിരിക്കുന്നു. അവിടങ്ങളിൽ സ്ഥിരമായി അലഞ്ഞു തിരിയാറുള്ള പൂച്ചക്കുട്ടികൾപോലും ലോക്‌ഡൗണ്‍ തിരിച്ചറിഞ്ഞുവോ? പരിസരത്തെവിടെയും അവയെ കാണാനില്ല.

kozhikode-kurisu-palli-1
ലോക്‌ഡൗണിനെത്തുടർന്ന് പൂട്ടിക്കിടക്കുന്ന കോഴിക്കോട് കുരിശുപള്ളി. ചിത്രം: എം.ടി. വിധുരാജ്∙മനോരമ

സഞ്ചാരികളടക്കമുള്ളവരെ സ്വീകരിക്കാൻ എന്നും പ്രകാശത്തില്‍ കുളിച്ചു കിടക്കുന്ന ഹൈസണ്‍ ഹെറിറ്റേജ് ഇന്ന് ഇരുട്ടിന്റെ കരിമ്പടം പുതച്ച് ഒറ്റയ്ക്കിരിക്കുകയാണ്. ഈ ജംക്‌ഷനില്‍ നിന്ന് നോക്കുമ്പോൾ മാവൂര്‍ റോഡിലെ ഫ്‌ളൈഓവര്‍ ബ്രിജ് വരെയുള്ള കാഴ്ച കോഴിക്കോടിന്റെ വർണപ്പൊലിമയാർന്ന രാത്രി ദൃശ്യങ്ങളിലൊന്നാണ്. എന്നാൽ ഇപ്പോൾ തൊട്ടടുത്തുള്ള കെഎസ്ആര്‍ടിസി സ്റ്റാൻഡിനു മുന്നിലെ ദൃശ്യങ്ങള്‍ പോലും വ്യക്തമല്ല. അത്രയിരുട്ടാണു മാവൂർ റോഡിൽ. ഇവിടെ നിന്ന് കുറച്ചു കൂടി മുന്നോട്ട് പോയാല്‍ ഓവര്‍ ബ്രിജ് ആയി.

kozhikode-hyson-hotel
കോഴിക്കോട്ടെ ഹൈസൺ ഹെറിറ്റേജ്.‌‌ ചിത്രം: എം.ടി. വിധുരാജ്∙മനോരമ

സിഎച്ച് ഓവര്‍ ബ്രിജിനെ പ്രശസ്തമാക്കുന്നതും സുപരിചിതമാക്കുന്നതും അതിന്റെ പേര് മാത്രമല്ല. പാലത്തിനു താഴെ, ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് രുചികൊണ്ട് സുപരിചിതമായ പാരഗണ്‍ ഹോട്ടലിൽ നിന്നുയരുന്ന മസാലയുടെയും രുചിക്കൂട്ടുകളുടെയും മണം കൂടിയാണ്. ബ്രിജിന് ഒത്തനടുക്കെത്തുമ്പോള്‍ കാറ്റിനു പോലും വേറൊരു സുഗന്ധമായിരുന്നു, ദിവസങ്ങള്‍ക്ക് മുന്‍പു വരെ. എന്നെങ്കിലുമൊരിക്കല്‍ ഇതിലൂടെ സഞ്ചരിച്ച ഒരാൾക്കുമത് ജീവിതത്തില്‍ മറക്കാന്‍ സാധിക്കുമായിരുന്നില്ലെന്നു പല ജില്ലക്കാരും പറയുന്നതു കേട്ടിട്ടുണ്ട്. ആ ഗന്ധമെല്ലാം ഇപ്പോൾ എങ്ങോ ഓടിമറഞ്ഞിരിക്കുന്നു. ഓവര്‍ ബ്രിജ് കയറിയിറങ്ങുമ്പോള്‍ പാരഗണ്‍ തല്ക്കാലത്തേക്ക് അടച്ചു പൂട്ടുന്നുവെന്നെഴുതിയ ബാനറാണ് നമ്മെ വരവേല്ക്കുക.

kozhikode-paragon-hotel
കോഴിക്കോട് പാരഗൺ ഹോട്ടൽ, ലോക്‌ഡൗണിനെത്തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തിയെന്ന ബാനറും കാണാം. ചിത്രം: എം.ടി. വിധുരാജ്∙മനോരമ

പേടിപ്പിക്കുന്ന കടപ്പുറം, ഒറ്റപ്പെട്ട് മാനാഞ്ചിറ

വര്‍ഷത്തിൽ 365 ദിവസവും ഒരുപോലെ പാതിരാത്രി വരെ സൊറ പറഞ്ഞിരിക്കുന്നവരുടെ സ്വന്തം ബീച്ചില്‍ ഇപ്പോൾ ഒരു മനുഷ്യജീവിയുമില്ല. ഇനി അല്പനേരം അവിടെ നില്ക്കാന്‍ പൊലീസ് സമ്മതം നൽകിയാൽ പോലും, സെക്കന്‍ഡുകള്‍ മാത്രമേ നിങ്ങള്‍ക്കവിടെ നില്‍ക്കാനാകു. ആ ശൂന്യത നിങ്ങളെ അത്ര ഒറ്റപ്പെടുത്തും. ഇടയ്ക്കിടെ നിരത്തിൽ പായുന്ന പൊലീസ് പട്രോളിങ് വാഹനങ്ങള്‍ മാത്രമാകും നിങ്ങൾക്ക് ആ പേടി അകറ്റാനുള്ള ഏക ആശ്രയം.

kozhikode-manachira-2
വിജനമായ കോഴിക്കോട് മാനാഞ്ചിറ റോഡ്. ചിത്രം: എം.ടി. വിധുരാജ്∙മനോരമ

കേരളത്തിലെ നഗരങ്ങളില്‍ തന്നെ സമാനതകളില്ലാത്തതെന്ന് വിശേഷിപ്പിക്കാവുന്ന കോഴിക്കോട് നഗരമധ്യത്തിലെ മാനാഞ്ചിറ സ്‌ക്വയറിന്റെ ഒറ്റപ്പെട്ട ഇപ്പോഴത്തെ രാത്രികാഴ്ച ഏറെനോക്കിയാൽ നാം ബേജാറാകുമെന്നതുകൊണ്ടായിരിക്കാം, ചുറ്റുവട്ടത്തെ കാല്‍വിളക്കുകളെല്ലാം കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രഭാപൂരിതമാക്കിയിട്ടുണ്ട്. ഒരു കണക്കിന് ഈ വെളിച്ചം നല്ലതാണ്. നഗരമധ്യത്തിലെ മാനാഞ്ചിറ സ്‌ക്വയര്‍ കൂടി ഇരുട്ട് മൂടിയാൽ ഇപ്പോൾ കോഴിക്കോടിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രേതനഗരമെന്നു വിശേഷിപ്പിക്കുന്നിടത്തു കൊണ്ടുചെന്നെത്തിക്കും. അത്രത്തോളം പേടിപ്പിക്കുന്നതാണ് നഗരത്തിലെ ഒറ്റപെടലിന്റെ രാത്രികാഴ്ച.

kozhikode-manachira-1
വിജനമായ കോഴിക്കോട് മാനാഞ്ചിറ റോഡ്. ചിത്രം: എം.ടി. വിധുരാജ്∙മനോരമ

വീട്ടില്‍ നിന്ന് ബ്യൂറോയിലേക്ക് ആറേഴു കിലോമീറ്ററിലധികമില്ലെങ്കിലും തിക്കുംതിരക്കുള്ള നഗര റോഡിനെക്കാള്‍ കൂടിയ ദൈര്‍ഘ്യമാണ് ശൂന്യമായ ഈ രാത്രി യാത്രകൾ അനുഭവിപ്പിക്കുന്നതും. സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഇരുഭാഗത്തുനിന്ന് വരുന്ന കാറ്റിന്റെ സീല്‍ക്കാരത്തിലും ഒളിഞ്ഞിരിക്കുന്നത് ഭയപ്പാടിന്റെ ചിന്തകൾ. വിജനമായ റോഡിന്റെ നിശ്ശബ്ദത കൂടിയാകുമ്പോള്‍, അത് ശരിക്കും ഭീകരമായൊരനുഭവം.

ലോ‌ക്‌ഡൗൺ നിബന്ധനകള്‍ ആദ്യ ദിനങ്ങളില്‍ ഒരു കാര്യവുമില്ലാതെ ലംഘിക്കുക ഹോബിയായി കണ്ടവര്‍ ഏറെയായിരുന്നെങ്കിലും പൊലീസ് നടപടികള്‍ കർശനമാക്കിയതോടെയാണ് ഇത്തരക്കാര്‍ നഗരനിരത്തുകളിൽ നിന്നു മറഞ്ഞത്. ഇപ്പോൾ ഉള്ളവര്‍ തന്നെ സൂര്യനസ്തമിക്കുന്നതോടെ ആരും നിര്‍ബന്ധിക്കാതെ വീടണയുന്ന ശീലത്തിലായി. നഗരം ഏകാന്തതയുടെ വലിയവലയത്തിലും.

ആളനക്കത്തിന്റെ ഏക പാളയം

kozhikode-palayam-mm-ali-road-and-chintha-valapu-road
ആളൊഴിഞ്ഞ പാളയം എംഎം അലി റോഡും ചിന്താവളപ്പ് റോഡും. ചിത്രം: എം.ടി. വിധുരാജ്∙മനോരമ

ബെംഗളൂരു അടക്കമുള്ള അയൽ സംസ്ഥാനനഗരങ്ങളിലേക്ക് സന്ധ്യ മയങ്ങുന്നതോടെ തുടങ്ങുന്ന ബസ് സര്‍വീസുകളാണ് പാളയമെന്ന ഇന്നത്തെ എം.എം.അലി റോഡിന്റെ സജീവതയുടെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നത്. പുലര്‍ച്ചെ വരെ നിലനിന്ന ഈ സജീവത, പുലര്‍ച്ചെയാകുമ്പോൾ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കറിവേപ്പില മുതലുള്ള ചരക്കുകളുമായി നിരയായി എത്തുന്ന ലോറികള്‍ക്ക് കൈമാറുകയായിരുന്നു പതിവ്. എന്നാല്‍ കൊറോണക്കാലം പാളയത്തിന്റെ ഈ താളവും തെറ്റിച്ചു.

ടൂറിസ്റ്റ് ബസുകളുടെ സ്റ്റാര്‍ട്ടിങ്ങിനു മുന്‍പുള്ള മുരള്‍ച്ചകളില്ലെങ്കിലും നഗരത്തില്‍ പുലര്‍ച്ചെ ഏറ്റവും ആദ്യം ഒരുപക്ഷേ ഈ കൊറോണക്കാലത്തും അൽപമെങ്കിലും സജീവമാകുന്നത് പാളയം മാര്‍ക്കറ്റ് നിൽക്കുന്ന ഇവിടമാകും. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു വരുന്ന പച്ചക്കറി, പഴ ലോറികളാണ് ഇവിടം സജീവമാക്കുന്നത്. എന്നാൽ മണിക്കൂറുകള്‍ക്കകം ഈ ആളനക്കവും ഇല്ലാതാകും. രാത്രിയാകുന്നതോടെ, മറ്റു ഭാഗങ്ങളെപ്പോലെ ഇടവിട്ട് കത്തുന്ന സ്ട്രീറ്റ് ലൈറ്റ് വെളിച്ചം മാത്രമുള്ളിടമായി മാറും ഇവിടവും.

താഴിട്ട മൊഹ്‌യുദ്ദീൻ പള്ളി

‘മൊയ്തീൻ പള്ളി പൂട്ട്യോ?’, ജനതാ കർഫ്യൂവിന്റെ തലേദിവസമുള്ള നഗരവാസികളുടെ ആശ്ചര്യം നിറഞ്ഞ ചോദ്യങ്ങളിലൊന്നിതായിരുന്നു. ഒരു പള്ളി! അതും കോഴിക്കോടിന്റെ സ്പന്ദനങ്ങളോടൊട്ടി നില്ക്കുന്ന മൊയ്തീൻ പള്ളി!!. അധികൃതർ ലോ‌ക്‌ഡൗൺ നിബന്ധനകൾ, പുറപ്പെടുവിക്കുന്നതിന് മുൻപ് സ്വയമേവെയാണ് പട്ടാള പള്ളിയും മൊയ്തീൻ പള്ളിയുമെല്ലാം പള്ളി കമ്മിറ്റിക്കാർ പൂട്ടാൻ തീരുമാനിച്ചത്. വരാനിരിക്കുന്നത് എന്തോ ഭീകരമായ കാര്യമാണെന്ന തോന്നൽ നാട്ടുകാർക്കിടയിൽ ഉണ്ടാക്കുവാൻ ഇത് കാരണമായിരുന്നു. ഗേറ്റിനു മുകളിൽ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മസ്ജിദ് പൂട്ടിയെന്ന ചുവപ്പു ബാനറും തൊട്ടടുത്തെ വലിയ താഴിന്റെയും പൂട്ടിന്റെയും കാഴ്ചയാണ് പാളയത്തെ പള്ളിക്ക് മുൻപിലൂടെ കടന്നു പോകുമ്പോൾ പെട്ടെന്ന് ഇതെല്ലാം മനസ്സിലേക്കോടിയെത്തിച്ചത്.

kozhikode-moideen-palli
ലോക്‌ഡൗണിനെത്തുടർന്ന് പൂട്ടിക്കിടക്കുന്ന കോഴിക്കോട് മൊയ്തീൻ പള്ളി. ചിത്രം: എം.ടി. വിധുരാജ്∙മനോരമ

ഒഴിഞ്ഞുകിടക്കുന്ന റോഡുകള്‍

ചീറിപാഞ്ഞെത്തുന്ന വാഹനങ്ങളില്ല. തൊട്ടുരുമ്മി മറികടക്കാന്‍ ബസ്സും കാറും ഓട്ടോയും ബൈക്കുമൊന്നുമില്ലാതെ യാത്ര ചെയ്യുകയെന്നത് ഒരു ആവേശമായി രാത്രിയില്‍ ഒറ്റയ്ക്ക് പോകുന്നവര്‍ക്കു തോന്നിപ്പിച്ചേക്കാം. ഇത്തരമൊരു തോന്നലില്‍ സ്‌കൂട്ടറിന്റെ സ്പീഡ് ഒരൽപം കൂട്ടുന്നതിനിടെയാണ്, എംസിസി ബാങ്ക് ജംക്‌ഷനടുത്ത് വെച്ച് പൊലീസിന്റെ കൈ ഉയര്‍ന്നത്. എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തൊട്ടു മുന്നിൽ ഒരു സ്‌കൂട്ടറുകാരനെ ചോദ്യം ചെയ്യുകയാണ് . അനാവശ്യമായി കറങ്ങുകയാണെന്ന തോന്നലുണ്ടായതുകൊണ്ടാകാം പൊലീസുകാരന്‍ ചോദ്യങ്ങളിൽ അയാളെ ശരിക്കും കശക്കുന്നു. രാത്രികാലങ്ങളിൽ പെട്ടെന്നു വഴിതടയുന്ന പൊലീസിന്റെ ഇത്തരം ചില നടപടികള്‍ക്കെതിരെ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നെങ്കിലും ഉറ്റവർ വീടുകളിൽ ഉറങ്ങുമ്പോഴും ജാഗ്രതയോടെ സമൂഹത്തിനായി നിലകൊള്ളുന്ന ഇവരെപ്പറ്റി പിന്നീട് അത് അഭിമാനത്തിലേക്കു വഴിമാറി. രോഗവ്യാപനത്തിന്റെ കൊറോണക്കാലമകലാൻ ആരോഗ്യപ്രവർത്തകർ ഉള്‍പ്പെടെ നടത്തുന്ന സജീവപ്രവർത്തനങ്ങൾക്കൊപ്പം പൊലീസിന്റെ ജാഗ്രതയുമാണ് നാടിനെ ഏറെ സഹായിക്കുന്നതെന്നോർത്തുപോയി.

പൊലീസിന്റെ ഈ വിരട്ടല്‍ കൂടി ഇല്ലായിരുന്നില്ലെങ്കില്‍ സ്ഥിതിയെന്താകുമായിരുന്നു?. കൊറോണ വൈറസ് മൂക്കിനടുത്ത് വരെ മരണം എത്തിച്ചിട്ടും ന്യൂയോർക്കിലും മറ്റുമുള്ള യുവതയെപ്പോലെ പാര്‍ട്ടിയും ആഘോഷവുമൊക്കെയായി അടിച്ചുപൊളിച്ച് അറിയാതെ മരണ'വീസ'യെടുക്കുന്ന ആയിരങ്ങളെക്കൊണ്ട് നമ്മുടെയും കൊച്ചു പട്ടണങ്ങൾ നിറയുമായിരുന്നില്ലേ?. മുന്നിലെ ആള്‍ പോയതോടെ ഞാന്‍ കീശയില്‍ ഒതുക്കിവെച്ച സര്‍ക്കാരിന്റെ പ്രസ്സ് അക്രഡിറ്റേഷന്‍ കാര്‍ഡ് ഉയർത്തിക്കാട്ടി. പൊലീസുകാരന്‍ പോയ്‌ക്കൊള്ളാന്‍ ആംഗ്യം കാണിച്ചു.

kozhikode-mavoor-road
ലോക്‌ഡൗണിനെത്തുടർന്ന് ആളൊഴിഞ്ഞ കോഴിക്കോട് മാവൂർ റോഡ്. ചിത്രം: എം.ടി. വിധുരാജ്∙മനോരമ

വട്ടാംപൊയിലിലെത്തുമ്പോഴേക്ക്, റോഡില്‍ എന്തോ ഒരു തടസ്സം പോലെ ദൂരെ നിന്ന് കണ്ടിരുന്നു. രാത്രിയിൽ എന്താണ് ഈ റോഡ് ബ്ലോക്കെന്ന ആശങ്ക കൂടിയിരുന്നെങ്കിലും അടുത്തെത്തിയപ്പോഴാണ് നാലഞ്ചു പശുക്കള്‍ ഇരുന്നും നിന്നുമെല്ലാം റോഡില്‍ കിടക്കുകയാണെന്ന് മനസ്സിലായത്.
ഒന്ന് രണ്ട് പ്രാവശ്യം ഹോണടിച്ചിട്ടും റോഡ് കീഴടക്കിയവര്‍ ഒരു കണക്കിനും മാറാന്‍ തയ്യാറായില്ല. ലോ‌ക്‌ഡൗണ്‍ കാലമായിരുന്നില്ലെങ്കില്‍ ആർക്കെങ്കിലുമൊക്കെ ഒപ്പം ഇറങ്ങി എന്തെങ്കിലും കാട്ടി ഓടിക്കാമായിരുന്നു. ഇതിപ്പോ പേരിന് പോലും ആരെയും കാണാത്ത സമയത്ത് അവയെല്ലാം കൂടി ഓടി വന്നാല്‍? പെട്ടതു തന്നെ. ഉള്ളിലുയര്‍ന്ന പേടിയിൽ സ്‌കൂട്ടറില്‍ തന്നെ ഇരുന്നു.

ഈ സമയത്താണ് ഇറ്റലിയിലെ കനാലുകളിൽ മലിനജലം മാറി തെളിജലം ഒഴുകാന്‍ തുടങ്ങിയതും വായുമലിനീകരണം കുറഞ്ഞതോടെ ജലന്ധറിലും മറ്റും നഗരവാസികൾക്കു മുന്നിൽ അങ്ങകലെ മലനിരകൾ തെളിഞ്ഞതുമെല്ലാം ഓർമയിൽ നിറഞ്ഞത്. ഈ മിണ്ടാപ്രാണികള്‍ക്ക് കൂടി അവകാശപ്പെട്ട പലതും നമ്മള്‍ കൈയൂക്ക് കൊണ്ട് കയ്യടക്കുകയായിരുന്നില്ലേ? നിസാരനായ ഒരു മനുഷ്യൻ സ്കൂട്ടറിൽ നിലകൊള്ളുന്നതു കണ്ട് റോഡിലെ പശുക്കൾക്കും കഷ്ടം തോന്നിക്കാണണം. കുറച്ചു കഴിഞ്ഞപ്പോള്‍ ഒന്നുരണ്ടെണ്ണം അല്പം വഴി മാറി. സ്‌കൂട്ടര്‍ പിന്നോട്ടെടുത്ത് ഈ ഗ്യാപ്പിലൂടെ അവിടെ നിന്നു രക്ഷപ്പെട്ടു.

kozhikode-beach-1
ലോക്‌ഡൗണിനെത്തുടർന്ന് വിജനമായ കോഴിക്കോട് കടപ്പുറം. ചിത്രം: എം.ടി. വിധുരാജ്∙മനോരമ

പതിനാലാം രാവുദിച്ച കല്ലായി

എന്തുകൊണ്ടോ, നഗരത്തിൽ പരന്ന ഇരുട്ട് കല്ലായി പാലത്തെ ബാധിച്ചിരുന്നില്ല. പാലത്തിന്റെ മുകളില്‍ കത്തിക്കൊണ്ടിരുന്ന പരസ്യബോർഡിന് മുകളിലെ എല്‍ഇഡി ലൈറ്റുകളുടെ തൂവെളിച്ചം, ഇരുട്ടിലായ ലോ‌ക്‌ഡൗണ്‍ കാലത്തെ വേറിട്ടൊരു അനുഭവമായി. പ്രവര്‍ത്തിക്കാതെ ഇരുട്ടിലാണ്ടു കിടക്കുകയായിരുന്ന, സോ മില്ലിന്റെ ഈര്‍ച്ചസ്വരങ്ങളില്ലാത്ത കല്ലായിയുടെ കരയിലേക്ക് നോക്കി നില്ക്കുമ്പോള്‍ പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ... എന്ന വരികള്‍ മനസ്സിൽ കയറിവന്നു.

സ്‌കൂട്ടര്‍ വീണ്ടും മുന്നോട്ടു നീങ്ങി. പന്നിയങ്കരയിലെത്തുമ്പോൾ, നേരത്തെ കണ്ട കന്നുകാലിക്കൂട്ടത്തെപോലെ നായ്ക്കളുടെ ഒരു സംഘം റോഡിന്റെ പകുതിയോളം കയ്യടക്കി നിൽക്കുന്നു. ഒന്ന് രണ്ട് പ്രാവശ്യം ഹോണടിച്ചെങ്കിലും ഒരു കുട്ടി ടിവി ചാനൽ പരസ്യത്തിലേതുപോലെ ‘ഇത് ഞങ്ങളുടെ ഏരിയ’ എന്ന ഭാവത്തിൽ അവര്‍ കൂട്ടം വിടാനൊരുങ്ങുന്നില്ല.

പശുക്കളുടെ റോഡ് ബ്ലോക്ക് അനുഭവം കഴിഞ്ഞ് മിനിറ്റുകള്‍ മാത്രമേ ആയിട്ടുള്ളൂവെന്നതിനാല്‍, റോഡിന്റെ മറുഭാഗത്ത് കൂടെ സ്‌കൂട്ടര്‍ വെട്ടിച്ച് ഞാന്‍ മുന്നോട്ടെടുത്തു. വീണ്ടുമിങ്ങനെ മുന്നോട്ട് വീട്ടിലേക്കു പോകുമ്പോൾ ആ ഇരുട്ടിനപ്പുറം നാല് പതിറ്റാണ്ടിലേറെയായി ഞാന്‍ രാവിലെയും രാത്രിയുമെല്ലാം കണ്ടു പരിചയിച്ച നഗരത്തിന്റെ കാണാത്ത, അനുഭവിക്കാത്ത ദൃശ്യങ്ങളാണ് മുന്നിൽ നിറഞ്ഞത്. ഒരു ടെക്സ്റ്റ് ബുക്കും നല്കാത്ത അനുഭവപാഠങ്ങൾ.

kozhikode-ksrtc
സർവീസുകൾ നിർത്തിയ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ കാഴ്ച. ചിത്രം: എം.ടി. വിധുരാജ്∙മനോരമ

കേരളത്തിലെ ലോക്‌ഡൗണ്‍ കാലത്ത് മിഠായിതെരുവടക്കമുള്ള വീഥികള്‍ക്ക് മാത്രമല്ല എറണാകുളത്തെ എംജി റോഡിനും തൃശൂരിലെ സ്വരാജ് റൗണ്ടിനും തിരുവനന്തപുരത്തെ സ്റ്റ്യാച്ചുവിനുമെല്ലാം ഇത്തരത്തിൽ, ഒറ്റപ്പെടലിന്റെ കാണാക്കഥകളുണ്ടാകാം. എന്നാൽ ഒരു ജനതയുടെ വേറിട്ട പോരാട്ടത്തിന്റെ നേർസാക്ഷ്യങ്ങൾ കൂടിയാണവ. നമ്മളൊരിക്കലും നേരിട്ടു കാണാത്ത, കൊറോണയെന്ന ഒരു ആര്‍എന്‍എ വൈറസിനെ ചെറുക്കാൻ നാടൊന്നു ചേരുന്നതിന്റെ നേർക്കാഴ്ച. ഒന്നു മാത്രം ഉറപ്പ്, ഈ സമയവും കടന്നുപോകും.

English Summary: Night life at Kozhikode during lockdown - special photo feature

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA