അതിജീവനത്തിന്റെ 100 കോവിഡ് ദിനങ്ങൾ; കരകയറിയോ കേരളം? മറ്റു സംസ്ഥാനങ്ങള്‍?

SHARE

2020 ജനുവരി 30. തൃശൂർ സ്വദേശിയായ ആ പെൺകുട്ടി ഒരിക്കലും മറക്കാനിടയില്ലാത്ത ദിവസം. വുഹാനിൽ എംബിബിഎസ് ഒന്നാം വർഷ വിദ്യാര്‍ഥിനിയായിരുന്നു ആ മിടുക്കി. വെക്കേഷനെത്തുടർന്നു നാട്ടിലേക്കു പോകാൻ തീരുമാനിച്ചപ്പോൾ ചൈനയിൽ കൊറോണ വൈറസ് പിടിമുറുക്കിത്തുടങ്ങിയിട്ടേയുള്ളൂ. ജനുവരി 24ന് യാത്ര തിരിച്ചു. വീട്ടിലെത്തി ജനുവരി 27നു തൊണ്ടവേദനയും ജലദോഷവും തുടങ്ങിയപ്പോൾത്തന്നെ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിച്ചു. ജനറൽ ആശുപത്രിയിൽനിന്ന് ആംബുലൻസെത്തി കൊണ്ടുപോയി, ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സ്രവം പരിശോധനയ്ക്ക് അയച്ചു.

ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നവരുടെ ഫലം വന്നെങ്കിലും എല്ലാം നെഗറ്റീവായിരുന്നു. ഒപ്പമുള്ളവർ ആശുപത്രി വിട്ടപ്പോഴും ആ പെൺകുട്ടിക്കു തുടരേണ്ടിവന്നു. ഒടുവിൽ ജനുവരി 30ന് ആ ഇരുപതുകാരിയുടെയും പരിശോധനാ ഫലമെത്തി. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് അങ്ങനെ കേരളത്തിൽ, തൃശൂരിൽ, റിപ്പോർട്ട് ചെയ്തു. എന്നാൽ ആ പെൺകുട്ടിയുടെ മനോധൈര്യത്തിനും കേരളത്തിലെ മികവുറ്റ ആരോഗ്യസംവിധാനത്തിനും മുന്നിൽ കോവിഡ് മുട്ടുമടക്കി. ഫെബ്രുവരി 20ന് അവൾ ആശുപത്രിവിട്ടു. ജനുവരി 30ലെ ആദ്യ കോവിഡ് കേസ് മുതൽ മാർച്ച് 1 വരെ രോഗം ബാധിച്ചത് 3 പേർക്ക്. ഇവരുടെ രോഗവും അതിനോടകം ഭേദമായി.

മാർച്ച് 2 മുതൽ 13 വരെ 74 പേരെ രോഗം ബാധിച്ചു. മാർച്ച് 15ന് ആകെ കേസ് 104ലെത്തി. 13 പേർക്ക് അതിനോടകം രോഗം ഭേദപ്പെട്ടു. കേരളത്തിലെ ആദ്യ കോവിഡ് മരണം സ്ഥിരീകരിക്കുന്നത് മാർച്ച് 28നാണ്– മട്ടാഞ്ചേരി സ്വദേശി(69)യാണു മരിച്ചത്. അതിനോടകം 24 പേർ ഇന്ത്യയിൽ മരിച്ചിരുന്നു. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഇതുവരെ എത്ര പേർക്കു കോവിഡ് ബാധിച്ചു? എത്ര പേർ മരിച്ചു? എത്ര പേർക്കു ഭേദമായി? ഇന്ത്യയിൽ ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്ത് മേയ് 8ന് 100 ദിവസമാകുമ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ഏപ്രിൽ 15 മുതലുള്ള കണക്കുകളുമായി ഗ്രാഫിക് വിശദീകരണം. ഓരോ സംസ്ഥാനങ്ങളും കോവിഡിന്റെ പിടിയിൽ തുടരുന്നതിന്റെയും കരകയറുന്നതിന്റെയും ചിത്രങ്ങളാണു ഗ്രാഫുകളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഡൽഹി – മാർച്ച് 1
(ദേശീയ തലസ്ഥാന പ്രദേശത്തെ ആകെ ജനസംഖ്യ: 1.87 കോടി

കേരളത്തിനു ശേഷം കോവിഡ് സ്ഥിരീകരിച്ചത് കേന്ദ്ര തലസ്ഥാനമായ ഡൽഹിയിലായിരുന്നു. മയൂർ വിഹാർ സ്വദേശിയായ ബിസിനസുകാരനാണ് (45) ഡൽഹിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 25നാണ് തുകൽ വ്യാപാരത്തിന്റെ ഭാഗമായുള്ള ഇറ്റലി, ഹംഗറി സന്ദർശനത്തിനു ശേഷം ഇദ്ദേഹം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന വഴി ഡൽഹിയിലെത്തിയത്. ആ സമയം ഇറ്റലിയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നില്ല. അവിടെനിന്നു വരുന്നവർക്ക് പ്രത്യേക മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. ചൈനീസ് യാത്രികർക്കായിരുന്നു പ്രശ്നം. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ ഇദ്ദേഹത്തിന് പനിയും തൊണ്ടവേദനയും ആരംഭിച്ചു, ഡോക്ടറെ കണ്ടു മരുന്നും കഴിച്ചു.

രോഗം ഭേദമായതിനു പിന്നാലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഇദ്ദേഹം ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കും മാതാവിനും ഏതാനും സുഹൃത്തുക്കൾക്കുമൊപ്പം മകന്റെ പന്ത്രണ്ടാം പിറന്നാളാഘോഷത്തിന്റെ പാർട്ടി നടത്തി. അന്നു രാത്രി പനി ശക്തമായി. ഫെബ്രുവരി 29ന് ഭാര്യയ്ക്കൊപ്പം റാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തി കോവിഡ് പരിശോധന ആവശ്യപ്പെട്ടു. അതിനോടകം വിദേശത്തുനിന്നെത്തുന്നവർക്കുള്ള നിർദേശപ്പട്ടികയിൽ ഇറ്റലിയും ഉൾപ്പെട്ടിരുന്നു. ഫെബ്രുവരി 29ന് സ്രവം പരിശോധനയ്ക്കെടുത്തു, മാർച്ച് ഒന്നിന് രോഗം സ്ഥിരീകരിച്ചു. മാർച്ച് 14ന് ഭേദമായി. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഓഫിസ് ജീവനക്കാർക്കോ രോഗം ബാധിക്കാതിരുന്നത് വലിയ ആശ്വാസമാണ് ആരോഗ്യവകുപ്പിന് സമ്മാനിച്ചത്. മാർച്ച് 13നായിരുന്നു ഡൽഹിയിലെ ആദ്യ കോവിഡ് മരണം. ഡൽഹി സ്വദേശിനി(68)യായിരുന്നു മരിച്ചത്.

തെലങ്കാന – മാർച്ച് 2
(സംസ്ഥാനത്തെ ആകെ ജനസംഖ്യ: 3.93 കോടി

സെക്കന്ദരാബാദ് സ്വദേശിയായ ഇരുപത്തിനാലുകാരനാണ് തെലങ്കാനയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്– മാർച്ച് 2നായിരുന്നു അത്. ബെംഗളൂരു സ്വദേശിയായ ഈ ഐടി പ്രഫഷനൽ ഫെബ്രുവരി 17ന് കമ്പനി ആവശ്യത്തിനുവേണ്ടി ദുബായിലേക്കു പോയിരുന്നു. അവിടെ ഹോങ്കോങ്ങിൽനിന്നുള്ള ഏതാനും പേർക്കൊപ്പം ജോലി ചെയ്യേണ്ടിവന്നു. അങ്ങനെ പകർന്നതാണെന്നാണു കരുതുന്നത്. ഫെബ്രുവരി 20ന് തിരികെ ബെംഗളൂരുവിലെത്തി, അവിടെ രണ്ടു ദിവസം നിന്നതിനു ശേഷം ബസിൽ സെക്കന്ദരാബാദിലേക്കു പോയി. പനിയും ചുമയും തുടങ്ങിയതിനെത്തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ, സർക്കാരിന്റെ കീഴിലുള്ള ഗാന്ധി ആശുപത്രിയിലേക്കും മാറ്റി. മാർച്ച് 14ന് ഡിസ്ചാർജ് ചെയ്തു. മാർച്ച് 28നായിരുന്നു തെലങ്കാനയിലെ ആദ്യ കോവിഡ് മരണം– ഖൈരത്താബാദ് സ്വദേശിയായ എഴുപത്തിനാലുകാരൻ.

രാജസ്ഥാൻ – മാർച്ച് 2
(ആകെ ജനസംഖ്യ: 8.10 കോടി)

20 അംഗ ടൂറിസ്റ്റ് സംഘത്തിൽപ്പെട്ട ഇറ്റലിക്കാരനായിരുന്നു(69) രാജസ്ഥാനിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത്. ചുമയും പനിയും ബാധിച്ച് ഫെബ്രുവരി 29ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആദ്യഫലം നെഗറ്റിവ് ആയിരുന്നു. രോഗം പിന്നെയും ഗുരുതരമായപ്പോൾ നടത്തിയ രണ്ടാം പരിശോധനയിലാണ് കോവിഡ് പോസിറ്റിവാണെന്നു മാർച്ച് 2ന് കണ്ടെത്തിയത്. മാർച്ച് 4ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു. ജയ്പുരിൽനിന്നുള്ള എൺപത്തിയഞ്ചുകാരനാണ് രാജസ്ഥാനിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച സ്വദേശി. ദുബായിലേക്കു യാത്ര ചെയ്തിരുന്നു ഇദ്ദേഹം. മാർച്ച് 26ന് ഭിൽവാര സ്വദേശി(73)യാണ് കോവിഡ് ബാധിച്ച് ആദ്യമായി സംസ്ഥാനത്തു മരിച്ചത്.

ഉത്തർപ്രദേശ് – മാർച്ച് 5
(ആകെ ജനസംഖ്യ: 23.79 കോടി)

ഗാസിയാബാദ് സ്വദേശിക്കാണ് (57) ഉത്തർപ്രദേശിലെ ആദ്യ കോവിഡ് സ്ഥിരീകരിച്ചത്– മാർച്ച് 5ന്. ബിസിനസ് ആവശ്യത്തിനായി ഇറാനിലേക്കു യാത്ര ചെയ്തിരുന്നു ഇദ്ദേഹം. അവിടെനിന്നാണു രോഗം ബാധിച്ചതെന്നും കരുതുന്നു. സംസ്ഥാനത്തെ ആദ്യ കോവിഡ് മരണങ്ങൾ ഏപ്രിൽ ഒന്നിനായിരുന്നു. ബസ്തി സ്വദേശി(25)യും മീററ്റ് സ്വദേശി(72)യുമാണ് മരിച്ചത്.

തമിഴ്‌നാട് – മാർച്ച് 7
(ആകെ ജനസംഖ്യ: 7.78 കോടി)

മാർച്ച് ഏഴിന് കാഞ്ചീപുരത്തായിരുന്നു തമിഴ്നാട്ടിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഒമാനിൽനിന്നെത്തിയ ഇദ്ദേഹത്തെ (45) ചുമയും പനിയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു രോഗവിവരമറിഞ്ഞത്. ഡൽഹിയിൽനിന്നു ചെന്നൈയിലേക്കു ട്രെയിൻ മാർഗമെത്തിയ യുവാവിന് (20) മാർച്ച് 18ന് രോഗം സ്ഥീകരിച്ചതോടെ തമിഴ്‌നാട് നിവാസിക്കു രോഗം സ്ഥിരീകരിക്കുന്ന ആദ്യ സംഭവവുമായി. മാർച്ച് 25നായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് മരണം– മധുര സ്വദേശിയായിരുന്നു (54) മരിച്ചത്.

ലഡാക്ക് - മാർച്ച് 7
(ആകെ ജനസംഖ്യ: 2.89 ലക്ഷം)

ഇറാൻ സന്ദര്‍ശനം കഴിഞ്ഞ് ഫെബ്രുവരി 28നു മടങ്ങിയെത്തിയ ലേ സ്വദേശിക്കായിരുന്നു (68) മാർച്ച് 7ന് ലഡാക്കിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ഇറാൻ സന്ദർശിച്ച മറ്റൊരു ലേ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. കശ്മീരിൽനിന്ന് ഇറാനിലേക്കു തീർഥാടനത്തിനായി ഒട്ടേറെ പേർ പോയിരുന്ന സമയമായിരുന്നു അത്. കോവിഡ് ബാധിച്ച് ലഡാക്കിൽ ഇതുവരെ ആരും മരിച്ചിട്ടില്ല.

കർണാടക – മാർച്ച് 9
(ആകെ ജനസംഖ്യ: 6.76 കോടി)

യുഎസിൽനിന്നു മടങ്ങിയെത്തിയ ഐടി ജീവനക്കാരനാണ് (50) മാര്‍ച്ച് 9ന് കർണാടകയിലെ ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരു സ്വദേശിയായ ഇദ്ദേഹം ജോലിയുടെ ഭാഗമായി ലൊസാഞ്ചലസ് സന്ദർശിച്ചതിനു ശേഷം മാർച്ച് എട്ടിനാണ് തിരികെയെത്തിയത്. പനിയുണ്ടെന്ന് വിമാനത്താവളത്തിൽ അധികൃതരോട് വ്യക്തമാക്കിയെങ്കിലും ആ സമയം ക്വാറന്റീൻ ആരംഭിച്ചിരുന്നില്ല. തുടർന്ന് ആശുപത്രിയിലെത്തി സ്വയം ഐസലേഷനിൽ പ്രവേശിക്കുകയായിരുന്നു. ഇന്ത്യയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് കർണാടകയിലാണ്– മാർച്ച് 12ന് കലബുറഗി സ്വദേശിയാണു(76) മരിച്ചത്.

മഹാരാഷ്ട്ര - മാർച്ച് 9
(ആകെ ജനസംഖ്യ: 12.31 കോടി)

ദുബായിൽനിന്നു തിരിച്ചെത്തിയ പുണെ സ്വദേശികളായ ദമ്പതികളിലായിരുന്നു മഹാരാഷ്ട്രയിലെ ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. ഭർത്താവും (51) ഭാര്യവും (43) മകളും (23) ഉൾപ്പെടെയുള്ള നാൽപതംഗ സംഘം വിനോദയാത്ര കഴിഞ്ഞ് ദുബായിൽനിന്നു തിരിച്ചെത്തിയത് മാർച്ച് ഒന്നിന്. മുംബൈയിൽനിന്ന് പുണെയിലേക്ക് ടാക്സിയിലായിരുന്നു യാത്ര. മാർച്ച് 9ന് ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് മകൾക്കും ടാക്സി ഡ്രൈവർക്കും മറ്റു ചിലർക്കും രോഗം സ്ഥിരീകരിച്ചു. ദമ്പതികൾക്ക് മാർച്ച് 25ന് രോഗം ഭേദമായി. മാർച്ച് 17നായിരുന്നു സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം– മുംബൈ സ്വദേശിയായ അറുപത്തിനാലുകാരൻ.

പഞ്ചാബ് – മാർച്ച് 9
(ആകെ ജനസംഖ്യ: 3.01 കോടി)

മാർച്ച് നാലിന് ഇറ്റലിയിൽനിന്ന് അമൃത്‌സറിലെത്തിയ വ്യക്തിക്ക്(40) മാർച്ച് 9ന് കോവിഡ് സ്ഥിരീകരിച്ചു. ഹോഷിയാർപുർ സ്വദേശിയായ ഇദ്ദേഹത്തിനാണ് പഞ്ചാബിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 27ന് ഇദ്ദേഹം രോഗമുക്തനായി. മാർച്ച് 18ന് ഷഹീദ് ഭഗത്‌സിങ് നഗറിലായിരുന്നു സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം– 70 വയസ്സുകാരനായിരുന്നു മരിച്ചത്.

ആന്ധ്ര പ്രദേശ് – മാർച്ച് 12
(ആകെ ജനസംഖ്യ: 5.39 കോടി)

നെല്ലൂരിലെ ചിന്ന ബസാറിൽ മാർച്ച് 12നാണ് ആന്ധ്ര പ്രദേശിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽനിന്നു തിരിച്ചെത്തിയ വിദ്യാർഥിക്കാണ് (24) രോഗം സ്ഥിരീകരിച്ചത്. മാർച്ച് 9ന് രോഗലക്ഷണങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാർച്ച് 30നു സംസ്ഥാനത്തെ ആദ്യ കോവിഡ് മരണവും സ്ഥിരീകരിച്ചു. വിജയവാഡ സ്വദേശി(55)യായിരുന്നു മരിച്ചത്.

ഒഡീഷ – മാർച്ച് 12
(ആകെ ജനസംഖ്യ: 5.39 കോടി)

ഇറ്റലിയിൽനിന്നെത്തിയ ഭുവനേശ്വർ സ്വദേശിക്കാണ് (33) മാർച്ച് 12ന് ഒഡീഷയിലെ ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ഏപ്രിൽ 3ന് ആശുപത്രി വിട്ടു. ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നം കാരണം ഏപ്രിൽ 4ന് ഭുവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ച ജാർപഡ സ്വദേശി (72) ഏപ്രിൽ എട്ടിനു മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ടെസ്റ്റ് റിസൽട്ടും പോസിറ്റിവായതോടെ ഒഡീഷയിലെ ആദ്യ കോവിഡ് മരണവും അതായി.

ഉത്തരാഖണ്ഡ് – മാർച്ച് 15
(ആകെ ജനസംഖ്യ: 1.13 കോടി)

ഡെറാഡൂണിലാണ് ഉത്തരാഖണ്ഡിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്– മാർച്ച് 15ന്. സ്പെയിൻ, ഫിൻലൻഡ്, റഷ്യ എന്നിവിടങ്ങളിൽ സ്റ്റഡി ടൂറിന്റെ ഭാഗമായി സഞ്ചരിച്ചു തിരിച്ചെത്തിയ ഇന്ദിര ഗാന്ധി നാഷനൽ ഫോറസ്റ്റ് അക്കാദമിയിലെ ഫോറസ്റ്റ് സർവീസ് ഓഫിസർ ട്രെയിനിക്കായിരുന്നു (26) രോഗം ബാധിച്ചത്. മേയ് ഒന്നിന് ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു ഉത്തരാഖണ്ഡിലെ ആദ്യ കോവിഡ് മരണം. ഏപ്രിൽ 22നാണ്, നൈനിറ്റാൾ സ്വദേശിനിയായ(56) ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് പിന്നീട് ഉത്തർപ്രദേശിലെ ബറേലിയിലേക്കു മാറ്റിയെങ്കിലും ഫലമുണ്ടായില്ല. തിരികെ ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബംഗാള്‍ – മാർച്ച് 17
(ആകെ ജനസംഖ്യ: 9.96 കോടി)

കൊൽക്കത്തയിലാണ് ബംഗാളിലെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്- മാർച്ച് 17ന്. യുകെയിൽനിന്ന് മാർച്ച് 15ന് കൊൽക്കത്തയിലെത്തിയ വിദ്യാർഥിക്കാണ് (18) രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്താനായില്ല. അതിനിടെ ഇംഗ്ലണ്ടിലെ സഹപാഠികളാണ്, യുവാവ് നേരത്തേ പങ്കെടുത്ത പാർട്ടിയിലുണ്ടായിരുന്ന മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്. തുടർന്ന് മാർച്ച് 17ന് ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാർച്ച് 23നായിരുന്നു സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം– കൊൽക്കത്ത സ്വദേശി(57)യാണു മരിച്ചത്.

ഹരിയാന – മാർച്ച് 17
(ആകെ ജനസംഖ്യ: 2.82 കോടി)

ഗുരുഗ്രാമിൽനിന്നുള്ള വനിത(29)യ്ക്കായിരുന്നു ഹരിയാനയിലെ ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. മലേഷ്യ, ഇന്തൊനീഷ്യ സന്ദര്‍ശനം കഴിഞ്ഞ് മാർച്ച് 12ന് തിരിച്ചെത്തിയ ഇവരുടെ സ്രവ സാംപിൾ അധികൃതർ ശേഖരിച്ചിരുന്നു. തുടർപരിശോധനയിലാണ് മാർച്ച് 17ന് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ രണ്ടിന് ഹരിയാനയിലെ ആദ്യ കോവിഡ് മരണവും സ്ഥിരീകരിച്ചു. അംബാല സ്വദേശി(67)യായിരുന്നു മരിച്ചത്.

പുതുച്ചേരി – മാർച്ച് 17
(ആകെ ജനസംഖ്യ: 14.14 ലക്ഷം)

പുതുച്ചേരിക്കു കീഴിലുള്ള മാഹിയിലായിരുന്നു, മാർച്ച് 17ന് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. മാഹി സ്വദേശിനി(68)ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. മാഹിയിൽതന്നെയായിരുന്നു പുതുച്ചേരിയിലെ ആദ്യ കോവിഡ് മരണവും. മാഹി സ്വദേശിയായ എഴുപത്തിയൊന്നുകാരൻ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ ഏപ്രില്‍ 11ന് അന്തരിച്ചു (ഈ മരണം കേരളത്തിൽ സംഭവിച്ചതിനാൽ പുതുച്ചേരിയുടെ കണക്കിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിട്ടില്ല)

ജമ്മു കശ്മീർ – മാർച്ച് 18
(ആകെ ജനസംഖ്യ: 1.36 കോടി)

സൗദി സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീനഗർ സ്വദേശിയിലാണ് (65) ജമ്മു കശ്മീരിലെ ആദ്യ കോവിഡ് സ്ഥിരീകരിക്കുന്നത്. മാർച്ച് 16നാണ് ഇവർ തിരിച്ചെത്തിയത്. മാർച്ച് 18ന് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 2ന് രോഗം ഭേദമായി. മാർച്ച് 26നായിരുന്നു ഈ കേന്ദ്രഭരണ പ്രദേശത്തിൽ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം. ശ്രീനഗർ സ്വദേശിയാണ്(65) മരിച്ചത്.

ചണ്ഡിഗഡ്– മാർച്ച് 19
(ആകെ ജനസംഖ്യ: 11.58 ലക്ഷം)

ലണ്ടനിൽനിന്നെത്തിയ ഇരുപത്തിമൂന്നുകാരിയ്ക്കാണ് മാർച്ച് 19ന് ചണ്ഡിഗഡിലെ ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 15നാണ് ഇവർ ലണ്ടനിൽനിന്ന് സെക്‌ടർ 21ലെ വീട്ടിലെത്തിയത്. രോഗലക്ഷണങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ മാതാവിനും സഹോദരനും വീട്ടിലെ പാചകക്കാരനും സെക്കൻഡറി കോണ്ടാക്ടായ മറ്റൊരു യുവാവിനും പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. മേയ് 3നായിരുന്നു ചണ്ഡിഗഡിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. സെക്ടർ 18 നിവാസിയായ വയോധിക(82)യാണു പഞ്ച്കുളയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഗുജറാത്ത് – മാർച്ച് 19
(ആകെ ജനസംഖ്യ: 6.39 കോടി)

മാർച്ച് 19ന് രണ്ടു കോവിഡ് കേസുകളാണ് ഗുജറാത്തിൽ ആദ്യമായി സ്ഥിരീകരിച്ചത്. ന്യൂയോർക്കിൽനിന്നു സൂറത്തിലെത്തിയ യുവതിക്കും (21) മെക്കയിൽനിന്നു രാജ്ഘോട്ടിലെത്തിയ വ്യക്തിക്കു(32)മായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു ദിവസം കഴിഞ്ഞ് മാർച്ച് 22ന് സംസ്ഥാനത്തെ ആദ്യ കോവിഡ് മരണവും സ്ഥിരീകരിച്ചു. സൂററ്റ് സ്വദേശിയായ അറുപത്തിയൊൻപതുകാരനായിരുന്നു മരിച്ചത്.

ഛത്തിസ്‌ഗഡ് – മാർച്ച് 19
(ആകെ ജനസംഖ്യ: 2.94 കോടി)

ലണ്ടനില്‍നിന്നെത്തിയ റായ്പുർ സ്വദേശി വിദ്യാർഥിനിക്കാണ് (24) ഛത്തിസ്ഗഡിൽ ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 15ന് മുംബൈ വഴി ഛത്തിസ്ഗഡിലെത്തിയ ഇവർ രോഗലക്ഷണങ്ങളെത്തുടർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മാർച്ച് 19ന് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് ആരും മരിച്ചിട്ടില്ല.

മധ്യപ്രദേശ് – മാർച്ച് 20
(ആകെ ജനസംഖ്യ: 8.54 കോടി)

മധ്യപ്രദേശിലെ ജബൽപുർ നഗരത്തിൽ മാർച്ച് 20നാണ് സംസ്ഥാനത്തെ ആദ്യ കോവിഡ് സ്ഥിരീകരിക്കുന്നത്. ദുബായിൽനിന്നു മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേർക്കും ജർമനിയിൽനിന്നു മടങ്ങിയെത്തിയ ആൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 18നാണ് ഇവർ ഇന്ത്യയിലെത്തിയത്. തുടർന്ന് അധികൃതർ സാംപിൾ ശേഖരിക്കുകയായിരുന്നു. മൂന്നു പേർ (ഒരു പുരുഷനും രണ്ടു വനിതകളും) 45 വയസ്സിൽ താഴെയുള്ളവരായിരുന്നു. ജർമനിയിൽനിന്നു വന്നയാൾ അവിടെ വിദ്യാര്‍ഥിയായിരുന്നു. മാർച്ച് 25ന് സംസ്ഥാനത്തെ ആദ്യ കോവിഡ് മരണവും സ്ഥിരീകരിച്ചു. ഉജ്ജയിൻ സ്വദേശിനി(65)യായിരുന്നു മരിച്ചത്.

ഹിമാചൽ പ്രദേശ് – മാർച്ച് 20
(ആകെ ജനസംഖ്യ: 74.52 ലക്ഷം)

മാർച്ച് 20നാണ് ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ സംസ്ഥാനത്തെ ആദ്യത്തെ രണ്ട് കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. ഷാഹ്പുരിൽനിന്നുള്ള പുരുഷനും (32) വനിതയ്ക്കുമാണ് (64) രോഗം ബാധിച്ചത്. പുരുഷൻ ദുബായിലേക്കും വനിത സിംഗപ്പുരിലേക്കും യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഹിമാചലിൽ ആദ്യ കോവിഡ് മരണം മാർച്ച് 23നായിരുന്നു. മരിച്ചത് കംഗ്ര സ്വദേശി, 68 വയസ്സ്.

ബിഹാർ – മാർച്ച് 21
(ആകെ ജനസംഖ്യ: 12.47 കോടി)

ബിഹാറിൽ ആദ്യത്തെ കോവിഡ് രോഗി തന്നെയാണ് സംസ്ഥാനത്ത് ആദ്യമായി രോഗം ബാധിച്ചു മരിച്ച വ്യക്തിയും. മുംഗേറിൽനിന്നുള്ള ഡ്രൈവറാണ് (38) മാർച്ച് 21ന് മരിച്ചത്. ഇദ്ദേഹം ഖത്തർ സന്ദർശിച്ചിരുന്നു. തിരിച്ചെത്തി വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റിവാണെന്നു മാർച്ച് 22നു തെളിഞ്ഞത്.

മണിപ്പുർ – മാർച്ച് 24
(ആകെ ജനസംഖ്യ: 30.92 ലക്ഷം)

ലണ്ടനിൽനിന്നെത്തിയ വിദ്യാർഥിനിക്ക് (23) മാർച്ച് 24ന് കോവിഡ് സ്ഥിരീകരിച്ചതായിരുന്നു സംസ്ഥാനത്തെ ആദ്യ കേസ്. ഏപ്രിൽ 6ന് ഇവർക്കു രോഗം ഭേദപ്പെട്ടു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത അറുപത്തിയഞ്ചുകാരനായിരുന്നു സംസ്ഥാനത്ത് രണ്ടാമത് കോവിഡ് ബാധിച്ചത്. ഏപ്രിൽ 2ന് ഇദ്ദേഹം കോവിഡ് പോസിറ്റിവാണെന്നു തെളിഞ്ഞു, ഏപ്രിൽ 19ന് ഭേദപ്പെട്ടു. മണിപ്പുരിൽ ഇതുവരെ ആരും കോവിഡ് ബാധിച്ചു മരിച്ചിട്ടില്ല.

ഗോവ – മാർച്ച് 25
(ആകെ ജനസംഖ്യ: 15.86 ലക്ഷം)

മാർച്ച് 25ന് ഗോവയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് മൂന്നു കോവിഡ് കേസുകളായിരുന്നു. സ്പെയിൻ, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളിലേക്കു യാത്ര ചെയ്തു തിരിച്ചെത്തിയ, യഥാക്രമം 25, 29, 55 വയസ്സുള്ളവർക്കാണ് രോഗം ബാധിച്ചത്. ഗോവയിൽ ഇതുവരെ കോവിഡ് ബാധിച്ച് ആരും മരിച്ചിട്ടില്ല.

മിസോറം – മാർച്ച് 25
(ആകെ ജനസംഖ്യ: 12.39 ലക്ഷം)

ആംസ്റ്റർഡാമിൽനിന്ന് തിരിച്ചെത്തിയ പാസ്റ്റർക്കാണ് (50) മാർച്ച് 25ന് മിസോറാമിലെ ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ഒരേയൊരു കോവിഡ് കേസും ഇതാണ്. മുംബൈയിലെ മിസോറം ഹൗസിലുണ്ടായിരുന്ന ഏഴ് മിസോറം സ്വദേശികൾക്കും ഹൗസിലെ തൊഴിലാളിക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കാൻസർ ചികിത്സയ്ക്കായി എത്തിയവർക്കും അവരുടെ സഹായികൾക്കുമാണു രോംഗം ബാധിച്ചത്. ഇവരിൽ മൂന്നു പേർക്ക് ഏപ്രിൽ 29നു കോവിഡ് ഭേദമായി. ശേഷിക്കുന്ന അഞ്ചു പേരും മുംബൈയിൽ ചികിത്സയിലാണ്.

ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ – മാർച്ച് 26
(ആകെ ജനസംഖ്യ: 4.17 ലക്ഷം)

കൊല്‍ക്കത്തയില്‍നിന്നു തിരിച്ചെത്തിയ മുപ്പത്തിയഞ്ചുകാരനിലാണ് ആൻഡമാനിലെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്– മാർച്ച് 26ന്. മാർച്ച് 24നാണ് ഇദ്ദേഹം ആൻഡമാനിലെത്തിയത്. വിമാനത്താവളത്തിൽനിന്നു നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ കേന്ദ്രഭരണ പ്രദേശത്തിൽ ഇതുവരെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

അസം – മാർച്ച് 31
(ആകെ ജനസംഖ്യ: 3.56 കോടി)

മാർച്ച് 31നാണ് അസമിലെ ആദ്യ കോവിഡ് കേസ് കരിംഗഞ്ചിലെ ബദർപുറിലുള്ള അൻപത്തിരണ്ടുകാരന് സ്ഥിരീകരിക്കുന്നത്. ഡൽഹി നിസാമുദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു ഇദ്ദേഹം. ഏപ്രിൽ 10നായിരുന്നു അസമിലെ ആദ്യ കോവിഡ് മരണം. സൗദി സന്ദർശിക്കുകയും ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്ത ഹൈലകാന്തി സ്വദേശിയാണ് (65) അന്തരിച്ചത്.

ജാർഖണ്ഡ് – മാർച്ച് 31
(ആകെ ജനസംഖ്യ: 3.86 കോടി)

റാഞ്ചിയിലെ ഒരു മുസ്‌ലിം പള്ളിയിൽ താമസിക്കുകയായിരുന്ന 17 അംഗ വിദേശ സംഘത്തിലെ മലേഷ്യ സ്വദേശിയായ വനിതയ്ക്കായിരുന്നു(22) ജാർഖണ്ഡിലെ ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 31നായിരുന്നു അത്. ഏപ്രിൽ 21ന് ഇവരുടെ രോഗം ഭേദമായി. ഏപ്രിൽ 2നായിരുന്നു ആദ്യമായി ജാർഖണ്ഡ് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഹസാരിബാഗ് ജില്ലയിൽനിന്നുള്ള അൻപത്തിരണ്ടുകാരനായിരുന്നു അത്. ബംഗാളിലെ അസനോളിൽനിന്ന് ലോക്ഡൗണിനു പിന്നാലെ മാർച്ച് 29നാണ് ഇദ്ദേഹം ജാർഖണ്ഡിലെത്തിയത്. ഏപ്രിൽ എട്ടിന് സംസ്ഥാനത്തെ ആദ്യ കോവിഡ് മരണവും സ്ഥിരീകരിച്ചു. ഗോമിയ സ്വദേശിയായ എഴുപത്തിരണ്ടുകാരനാണു മരിച്ചത്.

അരുണാചൽ പ്രദേശ് – ഏപ്രില്‍ 2
(ആകെ ജനസംഖ്യ: 15.70 ലക്ഷം)

ഡൽഹിയിലെ നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മുപ്പത്തിയൊന്നുകാരനിലൂടെയാണ് അരുണാചൽ പ്രദേശിലേക്ക് ആദ്യ കോവിഡ് കേസെത്തിയത്. ലോഹിത് ജില്ലയിലെ മെഡോ സ്വദേശിയായ ഇദ്ദേഹം മാർച്ച് 13നാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഏപ്രില്‍ രണ്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 16ന് രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ത്രിപുര – ഏപ്രിൽ 6
(ആകെ ജനസംഖ്യ: 41.70 ലക്ഷം)

ഏപ്രിൽ ആറിനാണ് ത്രിപുരയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഉദയ്പുർ സ്വദേശിനിയായ(44) ഇവരെ ഏപ്രിൽ 15ന് രോഗം ഭേദമായി ഡിസ്‌ചാർജ് ചെയ്തു. വിദേശയാത്രയിൽനിന്നാണ് ഇവർക്ക് രോഗം ബാധിച്ചത്. ഏപ്രിൽ 10ന് രണ്ടാമത്തെ കോവിഡ് കേസും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ത്രിപുര സ്റ്റേറ്റ് റൈഫിൾസിന്റെ പതിമൂന്നാം ബറ്റാലിയനിൽ ജവാനായ (32) ഇദ്ദേഹം മധ്യപ്രദേശിലെ കുടുംബത്തെ സന്ദർശിച്ച് മാർച്ച് 21ന് തിരിച്ചെത്തിയതാണ്. ട്രെയിനിൽനിന്നാണു രോഗബാധയെന്നാണു കരുതുന്നത്; ഏപ്രിൽ 24ന് ഡിസ്ചാർജ് ചെയ്തു. സംസ്ഥാനത്ത് ആരും ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചിട്ടില്ല.

മേഘാലയ - ഏപ്രിൽ 13
(ആകെ ജനസംഖ്യ: 33.67 ലക്ഷം)

ഏപ്രിൽ 13ന് ഷില്ലോങ്ങിലെ ബെഥനി ഹോസ്പിറ്റലിലെ ഡോക്ടർക്കാണ് (69) മേഘാലയയിലെ ആദ്യ കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാലെ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 15ന് ഇദ്ദേഹം അന്തരിച്ചു. മേഘാലയയിലെ ആദ്യ കോവിഡ് മരണവും ഇതായിരുന്നു.

നാഗാലാൻഡ് – ഏപ്രിൽ 13
(ആകെ ജനസംഖ്യ: 22.50 ലക്ഷം)

ദിമാപുർ സ്വദേശിയായ വ്യാപാരിക്കാണ് (33) ഏപ്രിൽ 13ന് നാഗാലാൻഡിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ചികിത്സാസൗകര്യം അപര്യാപ്തമായതിനാൽ ഇദ്ദേഹത്തെ അന്നുതന്നെ അസമിലെ ഗുവാഹത്തിയിലേക്കു മാറ്റി. നാഗാലാൻഡിൽ മറ്റു കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്ര ആരോഗ്യ വകുപ്പ് കണക്ക് പ്രകാരം നാഗാലാൻഡിലെ കോവിഡ് കേസ് അസമിനൊപ്പമാണു ചേർത്തിരിക്കുന്നത്. എന്നാൽ അസമാകട്ടെ ഈ കണക്ക് ചേർത്തിട്ടുമില്ല.

∙ ഇതു വരെ കോവിഡ് ബാധിക്കാത്ത സംസ്ഥാനം: സിക്കിം

∙ കോവിഡ് ബാധിക്കാത്ത കേന്ദ്രഭരണ പ്രദേശങ്ങൾ: ലക്ഷദ്വീപ്, ദാദ്ര–നഗർഹവേലി & ദാമൻ –ദിയു

∙ കോവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ഇന്ത്യൻ സംസ്ഥാനങ്ങൾ: അരുണാചൽ പ്രദേശ്, ത്രിപുര, നാഗാലാൻഡ്, മണിപ്പുർ, മിസോറം, ഗോവ, ഛത്തീസ്ഗഡ്

∙ കോവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത കേന്ദ്ര ഭരണ പ്രദേശങ്ങൾ: ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ലഡാക്ക്

English Summary: 100 Days of covid in india all States and Union Territories Statistics/Infographics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.