ADVERTISEMENT

ന്യൂഡൽഹി∙ ‘ബോയ്സ് ലോക്കർ റൂം ചാറ്റ്’ വിവാദത്തിൽ നിർണായക വഴിത്തിരിവ്. ഇങ്ങനെയൊരു ചാറ്റ് ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നടന്നിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തന്റെ സുഹൃത്തായ ആണ്‍കുട്ടിയുടെ പ്രതികരണം അറിയാനായി ഒരു പെൺകുട്ടി സ്നാപ് ചാറ്റിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നടത്തിയ സംഭാഷണമാണിതെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഈ രണ്ടു പേർക്കും ‘ബോയ്സ് ലോക്കർ റൂം’ ഗ്രൂപ്പുമായി ബന്ധമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇരുവരും നടത്തിയ സ്നാപ് ചാറ്റ് സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടാണു സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്. സിദ്ധാർഥ് എന്ന വ്യാജ പേരിൽ പെൺകുട്ടി ഒരു സ്നാപ് ചാറ്റ് അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. ഇതുപയോഗിച്ചാണ് പെൺകുട്ടി  സുഹൃത്തുമായി ചാറ്റ് ചെയ്തത്. രണ്ടു പേർക്കുമെതിരെ കേസൊന്നും എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ‘വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്നതു തെറ്റാണ്. എന്നാൽ പെൺകുട്ടിയുടെ ഉദ്ദേശ്യത്തിൽ‌ വിദ്വേഷപരമായ ഒന്നുമില്ലാത്തതിനാൽ കേസ് ഫയൽ ചെയ്യുന്നില്ല– പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനുള്ള പദ്ധതികളാണ് വ്യാജഅക്കൗണ്ട് ഉപയോഗിച്ചുള്ള ചാറ്റിൽ പെണ്‍കുട്ടി തന്നെ അവതരിപ്പിച്ചത്. സന്ദേശം കിട്ടിയ ആൺകുട്ടിയുടെ സ്വഭാവം അറിയാനായിരുന്നു ഇത്. പെൺകുട്ടിയെക്കുറിച്ചു മോശം കാര്യം പറഞ്ഞാൽ ആൺകുട്ടി എങ്ങനെ പ്രതികരിക്കുമെന്ന കാര്യം അറിയുകയും സന്ദേശത്തിലൂടെ ലക്ഷ്യമിട്ടിരുന്നു. എന്നാൽ‌ പെൺകുട്ടിയോട് സഹകരിക്കാൻ ആൺകുട്ടി തയാറായില്ല. മാത്രമല്ല സ്നാപ് ചാറ്റ് വഴിയുള്ള ചാറ്റിങ് നിർത്തുകയും ചെയ്തു.

സംഭവം ആൺകുട്ടി സുഹൃത്തുക്കളുമായി ചർച്ച ചെയ്യുകയും സ്ക്രീൻ ഷോട്ട് കൈമാറുകയും ചെയ്തു. ഈ സുഹൃത്തുക്കളിൽ ഒരാൾ വ്യാജ അക്കൗണ്ടിൽ‌ സന്ദേശം അയച്ച പെൺകുട്ടി തന്നെയായിരുന്നു എന്നതാണു മറ്റൊരു വസ്തുത!. സ്ക്രീൻ ഷോട്ട് ലഭിച്ച സുഹൃത്തുക്കളിൽ ഒരാളാണ് ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ബോയ്സ് ലോക്കർ റൂം ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ ‘വൈറലായതോടെ’ സംഭവം വൻ വിവാദമായി. 

പിന്നാലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും ഗ്രൂപ്പിൽ പങ്കുവച്ചതിനായിരുന്നു അറസ്റ്റ്. നോയ്ഡയിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. ഡൽഹിയിലെ വിവിധ സ്കൂളുകളിൽ വിദ്യാർഥികളായ പതിനേഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ സമൂഹ മാധ്യമ ഗ്രൂപ്പിൽ നടന്ന ഞെട്ടിക്കുന്ന ചർച്ചകളാണ് വിവാദമായ ‘ബോയ്സ് ലോക്കർ റൂം ചാറ്റ്’.

സ്ത്രീകളെ ബലാ‍ത്സംഗം ചെയ്യുന്നതിനെക്കുറിച്ചും കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുമെല്ലാം ഇവർ ചർച്ച ചെയ്തിരുന്നതായാണു സ്ക്രീൻ ഷോട്ടുകൾ വ്യക്തമാക്കുന്നത്. സംഭവം ചർച്ചയായതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി വരെയെത്തിയിരുന്നു.

English Summary: On "Gang-Rape" Comment Linked To #BoisLockerRoom, Police Reveal Twist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com