ADVERTISEMENT

ട്രെയിൻ സർവീസുകൾ ഉൾപ്പെടെ പുനഃരാരംഭിച്ച് ഇന്ത്യ ലോക്‌ഡൗൺ ഇളവുകളിലേക്കു കടക്കുമ്പോൾ ലോകത്തിന്റെ പല ഭാഗത്തുനിന്നും കോവിഡിന്റെ രണ്ടാം വരവിന്റെ സൂചനകൾ. ഇന്ത്യയിലെ കോവിഡ് കേസുകളുടെ ആകെ എണ്ണം കുറയ്ക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് 67,152 പേർ‌ക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം പുതിയ കേസുകൾ 4,213. 20,916 പേർക്ക് ഭേദപ്പെട്ടു, 2206 പേർ‌ മരിച്ചു. 44,029 പേർ ഇപ്പോഴും രോഗബാധിതരാണ്. 

ലോകത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത വുഹാനിലെ ഒരു റെസിഡൻഷ്യൽ മേഖല, ചൈന–ഉത്തര കൊറിയ അതിർത്തി നഗരത്തിലെ ഒരു കുടുംബം, ദക്ഷിണ കൊറിയയിലെ നിശാ ക്ലബുകളും ബാറുകളും, ജർമനിയിലെ അറവുശാലകൾ... കൊറോണവൈറസിനെ തുരത്തിയെന്ന് ആശ്വാസംകൊണ്ടിരുന്ന രാജ്യങ്ങളിലാണ് ഇത്തരം ക്ലസ്റ്ററുകളിലൂടെ കോവിഡ് രണ്ടാം വരവ് അറിയിച്ചിരിക്കുന്നത്.

ഒരു പ്രത്യേക മേഖലയിൽ താമസിക്കുന്നവർ, അല്ലെങ്കിൽ പ്രത്യേക തൊഴിലിടത്തിലുള്ളവർ എന്നിവർക്ക് കൂട്ടത്തോടെ രോഗം ബാധിക്കുമ്പോഴാണ് അതിനെ ഒരു ക്ലസ്റ്ററായി കണക്കാക്കുന്നത്. ചൈനയും ദക്ഷിണ കൊറിയയും ജർമനിയുമെല്ലാം ലോക്ഡൗൺ ഇളവുകൾ വൻതോതിൽ നടപ്പാക്കിക്കൊണ്ടിരിക്കെയാണ് വൈറസ് ഭീതി വീണ്ടുമുണ്ടായിരിക്കുന്നത്. 

ജർമനിയിലാകട്ടെ ശേഷിക്കുന്ന ലോക്ഡൗൺ ഇളവുകൾക്കായി ആയിരക്കണക്കിനു പേർ പ്രതിഷേധത്തിലാണ്. നിലവിൽ കോവിഡ് ബാധിച്ചിട്ടുള്ള രോഗികളിൽനിന്ന് ഒന്നിൽ കൂടുതൽ പേരിലേക്കു രോഗം പടരാനുള്ള സാഹചര്യമാണു നിലവിലുള്ളതെന്നു രാജ്യത്തെ ആരോഗ്യവിദഗ്ധരും വ്യക്തമാക്കുന്നു.

CHINA-HEALTH-VIRUS
വുഹാനിൽ ബസ് സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്ന വൊളന്റിയർ.

ലോക്ഡൗൺ ഇളവു നൽകുന്ന രാജ്യങ്ങളിലേക്കു കണ്ണുനട്ടിരിക്കുകയാണ് ലോകാരോഗ്യ സംഘനയും മറ്റ് ആരോഗ്യ ഏജൻസികളും. അവരുടെയും ലക്ഷ്യം, വൈറസിന്റെ രണ്ടാംവരവ് എത്തരത്തിലാണെന്നു കണ്ടെത്തുകയാണ്. പല യൂറോപ്യൻ രാജ്യങ്ങളും പുതിയ കോവിഡ് കേസുകൾ കുറയുന്നതിനു മുൻപുതന്നെ ലോക്ഡൗൺ ഇളവ് പ്രഖ്യാപിക്കുന്നതും ഡബ്ല്യുഎച്ച്ഒ ആശങ്കയോടെയാണു കാണുന്നത്. 

ചൈനയുടെ ‘രണ്ടാം ഭീതി’

സാർസ് കോവ് 2 വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിലും വീണ്ടും കോവിഡ് ഭീഷണി ഉയർന്നിട്ടുണ്ട്. ഏപ്രിൽ 8ന് ലോക്ഡൗൺ പിൻവലിച്ച് ഒരു മാസത്തിനു ശേഷം ഇന്ന് വുഹാനില്‍ വീണ്ടും പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. എല്ലാ സ്ഥാപനങ്ങളും ഫാക്ടറികളും പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ കോവിഡിന്റെ രണ്ടാം വരവ് ചെറുതല്ലാത്ത ഭീതിയാണു നഗരത്തിലുണ്ടാക്കിയിരിക്കുന്നത്. ഒരു റെസിഡൻഷ്യൽ മേഖലയിൽ താമസിക്കുന്ന അഞ്ചു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 89 വയസ്സുള്ള ഒരാളും അദ്ദേഹത്തിന്റെ ഭാര്യയും ഉൾപ്പെടും. ഒരുതരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാത്തവരാണ് ഇപ്പോൾ രോഗം ബാധിച്ച അഞ്ചു പേരും.  

നിലവിലെ സാഹചര്യത്തിലും രോഗം പടരുന്നത് തടയാൻ ഏറെ ബുദ്ധിമുട്ടാണെന്ന് വുഹാൻ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കുന്നു. ലക്ഷണങ്ങളില്ലാതെ രോഗവുമായി നടക്കുന്നവർ എത്രയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇവരെ കോണ്ടാക്ട് ട്രേസിങ്ങിനും പതിവ് പരിശോധനകൾക്കുമിടയിൽ കണ്ടെത്തുകയെന്ന സാധ്യതയേ നിലവിലുള്ളൂ. വുഹാനിൽ ഇത്തരത്തിലുള്ള ഒട്ടേറെ പേരുണ്ടെന്നും ചൈന സമ്മതിക്കുന്നു. റിസർവേഷൻ സൗകര്യവും സാമൂഹിക അകലവും പ്രയോജനപ്പെടുത്തി മ്യൂസിയവും സിനിമാ തിയറ്ററുകളും ഉൾപ്പെടെ തുറക്കാനിരിക്കെയാണ് ചൈനയിൽ കോവിഡിന്റെ രണ്ടാം ഭീതി. ഇതുവരെ 82,918 പേർക്കാണ് ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചത്. 4633 പേർ മരിച്ചു. 

ചൈനയിൽ മേയ് 10ന് 14 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് പുതിയ കേസുകളിൽ 12ൽ 11ഉം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷുലാൻ നഗരത്തിൽനിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്നു വ്യക്തമായതോടെ ഇവിടെ വീണ്ടും ‘ഹൈറിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഏതാനും ദിവസം മുൻപാണ് ഷുലാനെ ഉൾപ്പെടെ എല്ലാ പ്രദേശങ്ങളെയും ചൈന ‘ലോ റിസ്ക്’ വിഭാഗത്തിലേക്കു താഴ്ത്തിയത്. നിലവിൽ ഷുലാൻ മാത്രമാണ് ചൈനയിൽ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ. ഇവിടെ പട്ടാളനിയമവും നടപ്പാക്കിയിരിക്കുകയാണ്.  

പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിൽ ജോലി ചെയ്യുന്ന 45കാരിയിലാണ് മേഖലയിലെ ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരിൽനിന്നു ഭര്‍ത്താവിനും മൂന്നു സഹോദരിമാര്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും രോഗം പകർന്നുകിട്ടി. എന്നാൽ 45കാരിക്ക് എവടെനിന്നാണു രോഗം പകർന്നതെന്നു വ്യക്തമായിട്ടില്ല. ഇവർ ഷുലാൻ വിട്ടു പുറത്തുപോയിട്ടില്ല, രോഗബാധയുള്ള മറ്റുള്ളവരുമായി ഇടപഴകിയിട്ടുമില്ല. 70 ദിവസത്തിനിടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന നഗരമായിരുന്നു ഷുലാൻ. അജ്ഞാതമായ മറ്റൊരു കാരണവും രോഗപ്പകർച്ചയ്ക്കുണ്ടോയെന്ന പരിഭ്രാന്തിയിലാണു പ്രദേശവാസികൾ. യുദ്ധസമാനമായ സാഹചര്യം നേരിടുന്നതിനു തുല്യമാണ് ഇപ്പോഴെന്ന് ഷുലാൻ മേയർ ജിൻ ഹ്വാ പറയുന്നു. 

CHINA-HEALTH-VIRUS
വുഹാനിൽനിന്നുള്ള കാഴ്ച.

മേഖലയിൽ കനത്ത ലോക്ഡൗൺ ഏർപ്പെടുത്തി. ഓരോ ഗ്രാമത്തിലേക്കും പ്രവേശിക്കാനും തിരികെപ്പോകാനും ഒരൊറ്റ വഴി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അവിടെ കനത്ത കാവലും. അവശ്യ വസ്തുക്കൾ വാങ്ങാൻ കുടുംബത്തിലെ ഒരാൾക്കു മാത്രമേ പുറത്തു പോകാൻ അനുവാദമുള്ളൂ. ബസ് സർവീസും ഞായറാഴ്ച മുതൽ നിർത്തിവച്ചു. 6.3 ലക്ഷമാണ് നഗരത്തിലെ ജനസംഖ്യ. ഇവിടംവിട്ടു പോകാൻ ടാക്സികൾക്കും അനുമതിയില്ല.

വലിയ ഇടവേളയ്ക്കു ശേഷം തുറന്ന നഗരത്തിലെ എല്ലാ റസ്റ്ററന്റുകളും ജിമ്മുകളും തിയറ്ററുകളുമെല്ലാം അനിശ്ചിതകാലത്തേക്കു പൂട്ടി. സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. മേയ് 31 വരെ ഷുലാനിലേക്കുള്ള ട്രെയിൻ സർവീസുകളും നിർത്തിവച്ചു. ‘പകർച്ചവ്യാധി തടയൽ ഏറെ സങ്കീർണമായ പ്രക്രിയയാണ്. ഒരിക്കലും അമിത ആത്മവിശ്വാസത്തോടെ അതിനെ സമീപിക്കരുത്...’ ജിലിൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ബയിൻ ചൗലു പറയുന്നു. ഉത്തര കൊറിയയുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യകൂടിയാണ് ജിലിൻ. 

ചൈനയ്ക്കു ശേഷം കൊറോണ വൈറസ് ഏറെ വലച്ച രാജ്യമായിരുന്നു ദക്ഷിണ കൊറിയ. മാസ് ടെസ്റ്റിങ് ഉൾപ്പെടെ നടത്തി ഒരുവിധത്തിൽ രോഗം നിയന്ത്രിച്ചുവന്നപ്പോഴാണ് പുതിയ ഭീഷണി. ഒരു മാസത്തിനിടെ ഇതാദ്യമായാണ് ദക്ഷിണ കൊറിയയിലെ പുതിയ കോവിഡ് കേസുകൾ ഇന്നലെ 35 കടന്നത്. തലസ്ഥാനമായ സോളിൽ, കോവിഡ് ബാധിതനായ യുവാവ് നടത്തിയ നൈറ്റ് ക്ലബ് സന്ദർശനത്തിലൂടെ രോഗം പകർന്നുകിട്ടിയത് 29 പേർക്കാണ്.

നൈറ്റ് ക്ലബുകളിലെത്തിയ രണ്ടായിരത്തിലേറെ പേർ നിലവിൽ ദക്ഷിണ കൊറിയയിൽ നിരീക്ഷണത്തിലാണ്. സാമൂഹിക അകലത്തിനുൾപ്പെടെ ഇളവ് നൽകി ദക്ഷിണ കൊറിയയിൽ തുറന്ന ബാറുകളും നൈറ്റ് ക്ലബുകളുമാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 69 പേർക്കാണ് രാജ്യത്ത് കോവിഡ് ഭേദമായത്. കഴിഞ്ഞ 48 മണിക്കൂറിനിടെ രോഗം ബാധിച്ചതും 69 പേർക്ക്! സ്കൂളുകളും തുറക്കാനിരിക്കെയാണ് കോവിഡിന്റെ രണ്ടാം വരവ്. 

കൈവിട്ട പ്രതിഷേധം

ഓരോ ദിവസവും പുതുതായുണ്ടാകുന്ന കേസുകൾ ആയിരത്തിൽ താഴെയായപ്പോഴാണ് ജർമനി ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്. എന്നാൽ പല മേഖലകളും കേന്ദ്രീകരിച്ച് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണിവിടെ– അറവുശാലകളും നഴ്സിങ് ഹോമുകളും കേന്ദ്രീകരിച്ചാണ് ഏറെ കോവിഡ് കേസുകളും. രാജ്യത്തു പലയിടത്തും വമ്പൻ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നതും അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. തെക്കുപടിഞ്ഞാറൻ നഗരമായ സ്റ്റുട്ട്ഗാർട്ടിൽ നടന്ന പ്രകടനത്തിൽ പതിനായിരങ്ങളാണു പങ്കെടുത്തത്. ബെർലിനിൽ ലോക്ഡൗണിനെതിരെ ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. നിഷ്കർഷിച്ചിരുന്ന സാമൂഹിക അകലം പാലിക്കാതിരുന്നതിനെതുടർന്ന് ഇവിടെ പൊലീസിന് ഇടപെടേണ്ടി വന്നു. 

ജർമനിയിലെ 16 സ്റ്റേറ്റുകളിൽ ഉൾപ്പെടെ റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മറ്റു സ്റ്റോറുകൾ തുടങ്ങിയവ പ്രവർത്തിക്കാൻ ചാൻസലർ അംഗല മെർക്കൽ കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു. പലയിടത്തും സ്കൂളുകളും മേയ് 11 മുതൽ‌ തുറക്കുകയാണ്. പല താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടും രാജ്യത്തു ഫുട്ബോൾ ലീഗിനും ഈയാഴ്ച തുടക്കമാവുകയാണ്. ജർമനിയുടെയത്ര തന്നെയായിരുന്നു ഫ്രാൻസിലും കോവിഡ് ബാധിതർ. എന്നാൽ മരണ സംഖ്യ കൂടുതലായിരുന്നു–ഏകദേശം 26,300നും അപ്പുറം. ഫ്രാൻസിലും 11 മുതൽ ചില സ്കൂളുകൾ തുറക്കുകയാണ്, അതും 2 മാസത്തെ അവധിക്കു ശേഷം! വിദ്യാർഥികൾക്ക് അറ്റൻഡൻസ് നിർബന്ധമാക്കിയിട്ടില്ലാത്തിനാൽ മാതാപിതാക്കൾക്ക് കുട്ടികളെ വീട്ടിൽനിർത്താനും അനുമതിയുണ്ട്. 

അസ്വസ്ഥം ഇറ്റലിയും യുകെയും

ടൂറിസം പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായ ഇറ്റലിയിൽ ഹോട്ടൽ–റിസോർട്ട് ഉടമകളും ടൂർ ഗൈഡുകളും ലോക്ഡൗൺ ഇളവുകൾക്കായി സമ്മർദം ചെലുത്തുന്നുണ്ട്. സമ്മർ ഹോളിഡേ സീസണ്‍ പ്രവർത്തനങ്ങൾ എന്നാരംഭിക്കാനാകുമെന്നാണ് അവരുടെ ചോദ്യം. വൈറസിനെ പ്രതിരോധിക്കുന്നതിൽ എത്രമാത്രം വിജയം കണ്ടു എന്നു വിലയിരുത്തിയായിരിക്കും രാജ്യത്തിനകത്തു സമ്പൂർണ യാത്രയ്ക്കുള്ള അനുമതി നൽകുകയുള്ളൂവെന്ന് പ്രധാനമന്ത്രി ജൂസപ്പെ കോണ്ടി വ്യക്തമാക്കിയിട്ടുണ്ട്.

സ്പെയിനിലെ ചില മേഖലയിൽ ബാറുകളിലും റസ്റ്ററന്റുകളിലും മറ്റ് പൊതു ഇടങ്ങളിലും ഒരുസമയം നിശ്ചിത ആളുകൾക്കു മാത്രമായി പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പക്ഷേ രാജ്യത്തെ വമ്പൻ നഗരങ്ങളായ മാഡ്രിഡും ബാർസിലോനയും അടഞ്ഞുകിടക്കുകയാണ്. മാർച്ച് 19നു ശേഷം ഏറ്റവും കുറവ് പുതിയ കോവിഡ് കേസുകളുണ്ടായ ദിവസമാണ് സ്പെയിനെ സംബന്ധിച്ച് മേയ് 10– ആകെ 143 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. 

കോവിഡിനെ പ്രതിരോധിക്കാൻ കാര്യമായൊന്നും ചെയ്യുന്നില്ലെന്നായിരുന്നു യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെയുള്ള ആദ്യ ആരോപണങ്ങളിലൊന്ന്. എന്നാൽ അദ്ദേഹത്തിനുതന്നെ രോഗം പിടിപെടുകയും ഭേദമായി തിരികെയെത്തുകയും ചെയ്തതോടെ രാജ്യമെമ്പാടും കനത്ത നിയന്ത്രണങ്ങൾക്കാണ് ഒരുങ്ങുന്നത്. യുകെയിലേക്കു വരുന്ന എല്ലാവര്‍ക്കും (അയർലൻഡിൽനിന്നൊഴികെ) 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കാനാണു നീക്കം. വ്യോമയാന–ടൂറിസം മേഖലയിൽ പലരും ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിക്കും വിധമാണ് ബോറിസിന്റെ പ്രവർത്തനമെന്നു വിമർശിക്കുന്നുണ്ട്. 

യൂറോപ്പിൽ കോവിഡ് ബാധിച്ചു മരണസംഖ്യ 31,600 കടന്നതോടെ നിയന്ത്രണങ്ങൾ തുടരാൻതന്നെയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ തീരുമാനം.  ഏഴാഴ്ചയിലേറെ നീണ്ട ലോക്ഡൗണിന് പതിയെ ഇളവുകൾ പ്രഖ്യാപിക്കുകയാണെന്നും, പക്ഷേ ജനം കോവിഡിനെതിരെ ജാഗ്രതയോടെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം കൃത്യമായി പാലിച്ചു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. വൈറസ് പടരുന്നതിന്റെ നിരക്ക് ശാസ്ത്രീയ സംവിധാനങ്ങളാൽ ഡേറ്റ വിശകലനം ചെയ്ത് അതിനനുസരിച്ച് അഞ്ചു തലങ്ങളിലായുള്ള മുന്നറിയിപ്പ് സംവിധാനമായിരിക്കും യുകെയിൽ നടപ്പാക്കുക. ഈയാഴ്ച ലോക്ഡൗൺ പിൻവലിക്കാനുള്ള സാധ്യതയല്ല നിലവിലുള്ളത്. ഘട്ടംഘട്ടമായി ഇളവുകൾ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

ഏഴാഴ്ചയ്ക്കിടെ ഇതാദ്യമായി വയോജനങ്ങൾക്കു പുറത്തിറങ്ങാൻ തുർക്കി അനുമതി നൽകിയും മേയ് 10നാണ്. ദിവസവും 4 മണിക്കൂർ മാത്രമേ അനുവാദമുള്ളൂ. 20 വയസ്സിനു താഴെയുള്ളവർക്കും ഈ അനുമതി ലഭിച്ചിട്ടുണ്ട്. തുർക്കിയിൽ ഇതുവരെ 1.37 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. 3739 പേർ മരിച്ചു. മാർച്ച് 21ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ് സര്‍ക്കാർ ഇളവുകൾ പ്രഖ്യാപിച്ചത്. കേസുകൾ കൂടിയാൽ പഴയ രീതിയിലേക്കു മടങ്ങുമെന്ന മുന്നറിയിപ്പോടെയായിരുന്നു ഇളവ്.

ഈസ്തംബുളിലും അങ്കാറയിലും ഉൾപ്പെടെ 24 പ്രവിശ്യകളിൽ ലോക്ഡൗൺ തുടരുകയാണ്, ശേഷിച്ച എഴിടത്താണ് ഇളവുകൾ. അതിനിടെ റഷ്യയിൽനിന്നുള്ള കോവിഡ് കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ഞായറാഴ്ച മാത്രം 11,012 പുതിയ കേസുകൾ. ഇതുവരെയുള്ളതിൽ ഒരു ദിവസമുണ്ടായ ഏറ്റവും ഉയർന്നത്. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്തത് 2.1 ലക്ഷം കേസുകൾ. 1915 പേർ മരിക്കുകയും ചെയ്തു.

English Summary: New coronavirus clusters show risks of 2nd wave in countries like China, South Korea, Germany, UK etc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com