കഴിഞ്ഞ 20 വർഷമായി മുടങ്ങാതെ എല്ലാ മാതൃദിനത്തിലും റോസ മരിയ അമ്മയുടെ കല്ലറയിലേക്ക് ഒരുപിടി പൂക്കളുമായെത്തി പ്രാർഥിക്കും. എന്നാൽ ഇക്കഴിഞ്ഞ മേയ് 10നു മാത്രം അതു സാധിച്ചില്ല. ചിലെയിലെ ഒരു സെമിത്തേരിയിലേക്കും മാതൃദിനത്തിനു പ്രവേശനമുണ്ടായിരുന്നില്ല. പക്ഷേ റോസ താമസിക്കുന്ന കുരിക്കോ നഗരത്തിൽ മാത്രം ചെറിയൊരു ഇളവ് ലഭിച്ചു– ഓരോ വീട്ടിൽനിന്നുമുള്ള പൂക്കൾ ഒരാൾ ശേഖരിച്ച് സെമിത്തേരിയുടെ കവാടത്തിലെത്തിക്കാം. അതുപിന്നീട് ഓരോ കല്ലറയിലും സമർപ്പിക്കും. റോസ നൽകിയ പൂക്കൾ ഇത്തവണ അമ്മയ്ക്കരികിൽ എത്തിച്ചത് ഒരു അപരിചിതനായിരുന്നു. ആ യുവതിയെപ്പോലെ ലക്ഷക്കണക്കിനു പേരാണിപ്പോൾ ലോകത്തിനിന്നേ വരെ പരിചയമില്ലാതിരുന്ന ഒരു വൈറസ് പടര്‍ത്തിയ ഭീതിയിൽ വീടുകളിൽ അടച്ചുപൂട്ടി കഴിയുന്നത്.
മാതൃദിനത്തിനു തൊട്ടുപിറ്റേന്ന്, മേയ് 11ന്, ചിലെയിലെ കോവിഡ് ബാധിതരുടെ എണ്ണം 30,000 കടന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പൊതുവെ സമ്പന്നമായ ചിലെയുടെ ആരോഗ്യ സംവിധാനങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു അടുത്തിടെയുണ്ടായ കോവിഡിന്റെ കുതിച്ചുകയറ്റം. ഇതോടൊപ്പം മഞ്ഞുകാലം കൂടി എത്തുന്നതോടെ ആശുപത്രികളിലെ സ്ഥിതി ഇനിയും ആശങ്കാജനകമാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് ചിലെയിൽ കോവിഡ് ബാധിതരുടെ എണ്ണം 37,040 കടന്നു, 15,655 പേർക്ക് രോഗം ഭേദപ്പെട്ടു. ഇതുവരെ 368 പേര് മരിച്ചു.
ലാറ്റിനമേരിക്കയിൽ ബ്രസീൽ, പെറു, മെക്സിക്കോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർക്കു കോവിഡ് ബാധിച്ച രാജ്യമാണ് ചിലെ. തൊട്ടുപിറകിൽ ഇക്വഡോറുമുണ്ട്. കഴിഞ്ഞ ദിവസമാണ് ഇക്വഡോറിനെയും മറികടന്ന് ചിലെയിലെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നത്. ചിലെയ്ക്കൊപ്പം ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച അർജന്റീനയിൽ 7134 പേർക്കാണ് മേയ് 14 കോവിഡ് സ്ഥിരീകരിച്ചത്, പക്ഷേ അവിടെ മരണം ചിലെയുടേതിന് തുല്യമാകാറായി–353 പേരാണു മരിച്ചത്. ഇത്തരത്തിൽ താരതമ്യം ചെയ്യുമ്പോള്‍ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ, ചിലെയിൽ പൊതുവെ മരണനിരക്ക് കുറവാണ്. പക്ഷേ മേയ് 14നു മാത്രം 22 പേർ മരിച്ചത് രാജ്യത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകളിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പേർ മരിച്ചതും ഇന്നലെയായിരുന്നു.
മഞ്ഞുകാലത്തെ നേരിടാൻ വിറക് മാത്രം!
ലോകത്തിൽ ഏറ്റവും കൂടുതൽ ചെമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ചിലെ. മഞ്ഞുകാലംകൂടി വരുന്നതോടെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുമെന്നാണു മുന്നറിയിപ്പ്. ലാറ്റിനമേരിക്കയിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തിങ്ങിനിറഞ്ഞു ജീവിക്കുന്ന ഒട്ടേറെ നഗര പ്രദേശങ്ങളുണ്ട് ചിലെയിൽ. മഞ്ഞുകാലത്തു തണുപ്പകറ്റാൻ ഇവർ ഉപയോഗിക്കുന്നത് കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വിറകാണ്. ഇത് അന്തരീക്ഷ മലിനീകരണം കൂട്ടാനും ഇടയാക്കും, അതോടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കൂടും. ഈ സാഹചര്യത്തിലാണ് കോവിഡ് ഭീതിയും ശക്തമാകുന്നത്.
ചിലെയുടെ സാമ്പത്തിക തലസ്ഥാനമെന്നുകൂടി വിശേഷിപ്പിക്കാവുന്ന സാന്റിയാഗോയിൽ 65 ലക്ഷമാണ് ജനസംഖ്യ. ഇവിടെയും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് ഒരേസമയം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും ആരോഗ്യമേഖലയെയും ആശങ്കയിലാഴ്ത്തുന്നു. സാന്റിയാഗോയിലെ ആരോഗ്യ സംവിധാനങ്ങളെല്ലാം കോവിഡിനു വേണ്ടി ഉപയോഗപ്പെടുത്തേണ്ട സാഹചര്യമാണെന്ന് ആരോഗ്യമന്ത്രി ഹൈമെ മനാലിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. ആശുപത്രികൾ തിങ്ങിനിറയുകയാണ്, സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്– കഴിഞ്ഞ ദിവസം മനാലിച്ച് പറഞ്ഞു. രാജ്യത്തെ 70% കോവിഡ് ബാധിതരും സാന്റിയാഗോയിലാണ്.
ചിലെയിലെ മെട്രോപൊളിറ്റൻ മേഖലയിലെ 122 ആശുപത്രികളിൽ നടത്തിയ സർവേയിൽ ഐസിയുവിലെ 89% കിടക്കകളും 78% വെന്റിലേറ്ററുകളും കോവിഡ് ബാധിതർക്കായി ഉപയോഗിച്ചുകഴിഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ചിലെ വൻതോതിൽ കോവിഡ് ടെസ്റ്റ് ആരംഭിച്ചത്, അതോടെ പുതിയ കേസുകളുടെ എണ്ണവും കൂടി. കോവിഡ് ആരംഭിച്ച സമയത്ത് ചിലെയുടെ മാസ് ടെസ്റ്റുകളും മേഖല കേന്ദ്രീകരിച്ചുള്ള ക്വാറന്റീനും കൂടുതൽ വെന്റിലേറ്റർ ഒരുക്കാനുള്ള നടപടിയുമെല്ലാം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏപ്രിൽ അവസാനത്തോടെ സർക്കാർ ഓഫിസുകൾ പുനഃരാരംഭിക്കാനും സ്കൂളുകളും മാളുകളും തുറക്കാനുമെല്ലാമുള്ള പദ്ധതി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറ ആരംഭിക്കുകയും ചെയ്തു. എന്നാൽ മേയ് ആദ്യവാരം കോവിഡ് ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിക്കുകയായിരുന്നു. അതോടെ വീണ്ടും പലയിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നു.
അസാധാരണ നടപടികളിലേക്ക് ചിലെ
രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ ആശുപത്രികളിലുണ്ടാകുന്ന സമ്മര്‍ദം താങ്ങാനാകില്ലെന്നു വിദഗ്ധരുടെ മുന്നറിയിപ്പ് കഴിഞ്ഞ ദിവസമാണു പുറത്തുവിട്ടത്. അതോടെയാണ് സാന്റിയാഗോയ്ക്കു പ്രത്യേകമായുള്ള ലോക്ക്ഡൗൺ ഉൾപ്പെടെ പ്രതിരോധ നടപടികൾ മേയ് 13ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്. ‘മേയ് മാസം രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ കാഠിന്യമേറിയതായിരിക്കും. മേയ് 13നു മാത്രം രാജ്യത്ത് 2660 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻദിവസത്തേക്കാൾ 60 ശതമാനത്തിന്റെ വർധന’– ആരോഗ്യമന്ത്രി പറഞ്ഞു. മേയ് 14ന് കോവിഡ് റിപ്പോർട്ട് ചെയ്തത് 2659 പേർക്കാണ്. ഇന്നേവരെ പ്രയോഗിക്കാത്തത്ര അസാധാരണ നടപടികളിലേക്ക് മേയ് 15 മുതൽ ചിലെ പ്രവേശിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
75 വയസ്സിനു മുകളിലുള്ള എല്ലാവരും വീട്ടിൽ നിർബന്ധിത ക്വാറന്റീനിൽ തുടരണം. മാസ്ക് ധരിക്കാതെ നടക്കുന്നവരെ കണ്ടാൽ അധികൃതരെ അറിയിക്കണം, സാമൂഹിക അകലം പാലിക്കാതിരുന്നാലും കർശന നടപടിയുണ്ടാകും. സാന്റിയാഗോയിലും ചുറ്റിലുമുള്ള നഗരങ്ങളിലും ക്വാറന്റീൻ നടപടി കർശനമാണ്. സാന്റിയാഗോയിൽ ധനികർ ഏറെ താമസിക്കുന്ന കിഴക്കൻ മേഖലയിലാണ് ഇപ്പോഴും കോവിഡ് ഭീതി തുടരുന്നത്. ചിലെയിലേക്ക് ആദ്യമായി കോവിഡ് കൊണ്ടുവന്നതും ഇവരാണ്. ഏഷ്യൻ രാജ്യങ്ങളും ഇറ്റലിയും സന്ദർശിച്ചു മടങ്ങിയെത്തിയവരിലാണ് ആദ്യമായി മാർച്ചിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്.
സിംഗപ്പുർ, മലേഷ്യ, ഇന്തൊനീഷ്യ, മാലദ്വീപ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിച്ചു തിരിച്ചെത്തിയ ഡോക്ടർക്കായിരുന്നു (33) ചിലെയിലെ ആദ്യ കോവിഡ് ബാധ–മാർച്ച് മൂന്നിനായിരുന്നു അത്. രാജ്യത്തെ 1.8 കോടി ജനങ്ങളിൽ ഇതുവരെ 3,13,750 പേരെ പിസിആർ ടെസ്റ്റിനു വിധേയമാക്കിക്കഴിഞ്ഞു. അതിനിടെ ചില സര്‍ക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണം നിയന്ത്രണാതീതമായെന്നും റിപ്പോർട്ടുകളുണ്ടായി. ഇവിടുത്തെ രോഗികളെ പിന്നീട് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റി. നിലവിൽ ആരോഗ്യ സംവിധാനങ്ങൾ തകർച്ചയുടെ വക്കിലെത്തിയിട്ടില്ലെന്നും എന്നാൽ പ്രതിരോധ നടപടികളെ ജനം അലംഭാവത്തോടെ സമീപിച്ചാൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്ന് പ്രശ്നം കൈവിട്ടുപോകുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നു.
English Summary: Chile surpasses 30,000 cases of coronavirus, braces for winter