ADVERTISEMENT

തിരുവനന്തപുരം ∙ ന്യൂ‍ഡൽഹിയിൽ നിന്നു തിരിച്ച കോവിഡ് കാലത്തെ ആദ്യ രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ (02432) തിരുവനന്തപുരത്തെത്തി. പുലർച്ചെ അഞ്ചേകാലോടെയാണ് ട്രെയിൻ തലസ്ഥാനത്ത് എത്തിയത്. 348 യാത്രക്കാരാണ് ഇവിടെ ഇറങ്ങി.ത്. തിരുവനന്തപുരം - 131,കൊല്ലം- 74, ആലപ്പുഴ, കോട്ടയം - 21,പത്തനംതിട്ട - 64, തമിഴ്നാട് - 58 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള യാത്രക്കാരുടെ എണ്ണം. തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തിരുന്ന കുറേപ്പേർ എറണാകുളത്ത് ഇറങ്ങി. ജില്ല തിരിച്ചുള്ള വിവരം

രോഗലക്ഷണം കണ്ട ഒരാളെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ  വ്യാഴാഴ്ച രാത്രി 10 മണിക്കാണ് ട്രെയിൻ എത്തിയത്.

ernakulam-railway-station-delhi-train
ഡൽഹിയിൽ നിന്നെത്തിയ ട്രെയിനിൽ നിന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാർ

198 യാത്രക്കാർ കോഴിക്കോടും രണ്ടാമത്തെ സ്റ്റോപ്പായ എറണാകുളത്ത് 269 പേരും ഇറങ്ങി. പുലർച്ചെ 1.40നാണ് എറണാകുളം സൗത്ത് ജംങ്ഷനിൽ എത്തിയത്. കോഴിക്കോടേക്ക് 216 പേർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 18 പേർ പിന്നീട് റദ്ദാക്കി. കോഴിക്കോട് ഇറങ്ങിയ ആറു പേർക്ക് കോവിഡ് രോഗലക്ഷണം കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കൻഡ് എസി, 11 തേർഡ് എസി കോച്ചുകളിലായി ആയിരത്തിലധികം യാത്രക്കാരായിരുന്നു ട്രെയിനിൽ. കോഴിക്കോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ യാത്രക്കാരുടെ വിശദാംശങ്ങൾ പരിശോധിക്കാൻ സൗകര്യമൊരുക്കിയിരുന്നു.

ജില്ലാ അടിസ്ഥാനത്തിൽ ഹെൽപ് ഡെസ്കുകളിൽ ആരോഗ്യ, പൊലീസ് വകുപ്പുകളിലെ ജീവനക്കാർ രേഖകൾ പരിശോധിച്ചു. വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവർക്ക് 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീന് അനുവദിച്ചു. ഹോം ക്വാറന്റീൻ പാലിക്കാനാകാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ സൗകര്യമാണ് ഒരുക്കിയത്. രോഗലക്ഷണമുള്ളവരെ തുടർപരിശോധനകൾക്കു വിധേയരാക്കി ആവശ്യമെങ്കിൽ ചികിത്സകേന്ദ്രത്തിലേക്കു കൊണ്ടുപോകാനും ആരോഗ്യവകുപ്പ് ജീവനക്കാർ സ്റ്റേഷനുകളിൽ സൗകര്യമൊരുക്കി. എല്ലാ യാത്രക്കാരുടെയും ലഗേജ് അണുമുക്തമാക്കാനും സൗകര്യമൊരുക്കി.

tvm-delhi-train-passengers
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിശോധിക്കുന്നു

സ്റ്റേഷനിൽ നിന്നു വീടുകളിലേക്കു കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിച്ചു. ഡ്രൈവർ ഹോം ക്വാറന്റീൻ സ്വീകരിക്കണം. റെയിൽവേ സ്റ്റേഷനിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്കു കെഎസ്ആർടിസി സർവീസ് ഏർപ്പെടുത്തി. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യാനുസരണം കെഎസ്ആർടിസി സർവീസ് ഉറപ്പാക്കി.

കോവിഡ്-19 ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ പോകേണ്ടിവരുമെന്നു സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്റ്റേഷനുകളിൽ അകത്തേക്കു പ്രവേശിക്കാനും പുറത്തേക്കു പോകാനും വെവ്വേറെ വഴികളാണ് ഒരുക്കിയത്. തിരുവനന്തപുരത്തു പ്ലാറ്റ്ഫോം നമ്പർ 2, 3 എന്നിവയാണ് സ്പെഷൽ ട്രെയിനുകൾക്കായി മാറ്റി വച്ചത്. ഒന്നാം പ്ലാറ്റ്ഫോമുകളിൽ യാത്രക്കാരുടെ പരിശോധനയ്ക്കും മറ്റുമായി 5 താൽക്കാലിക കൗണ്ടറുകൾ ക്രമീകരിച്ചു.

English Summary: First Special Train from New Delhi reaches Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com