ADVERTISEMENT

മധുര ∙ നാലു ദിവസം മാത്രമായിരുന്നു അവളുടെ പ്രായം. ഉറക്കത്തിനിടെ മരിക്കുകയായിരുന്നെന്നാണ് അച്ഛൻ തവമണി പൊലീസുകാരോടു പറഞ്ഞത്. ആശുപത്രിയിലേക്കു പോകാൻ ആംബുലൻസ് വിളിച്ചതിന്റെ തെളിവും നിരത്തി. അയാളുടെ അമ്മ പാണ്ടിയമ്മാളും അതു ശരിവച്ചു. സംഭവം നടക്കുമ്പോൾ കുഞ്ഞിന്റെ അമ്മ ചിത്ര സ്ഥലത്തില്ലായിരുന്നു. പോസ്റ്റുമോർട്ടത്തിലെ സൂചനകൾ കൊണ്ട് മരണം അസ്വാഭാവികമാണെന്ന് ഉറപ്പിച്ച പൊലീസ് നടത്തിയ അന്വേഷണമാണ് െകാലപാതകത്തിന്റെ ചുരുളഴിച്ചത്.

തമിഴ്നാട്ടിലെ മധുര ജില്ലയിൽ ഷോളവന്ദന്‍ പഞ്ചായത്തിൽനിന്നാണ് ക്രൂരമായ ശിശുഹത്യയുടെ വാർത്ത പുറത്തുവന്നത്. നാലാമത്തെ കുഞ്ഞും പെൺകുട്ടിയായതോടെ കഴിഞ്ഞ വ്യാഴാഴ്ച അച്ഛനും മുത്തശ്ശിയും ചേർന്ന് എരുക്കിൻപാൽ നാവിലിറ്റിച്ചാണു കുഞ്ഞിന്റെ ജീവനെടുത്തത്. മധുരയിൽ രണ്ടു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ പെൺശിശുഹത്യ. അച്ഛൻ തവമണി (33), തവമണിയുടെ അമ്മ പാണ്ടിയമ്മാൾ (57) എന്നിവരെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം വൈഗ നദീതീരത്തിനു സമീപം കണ്ടെടുത്തു.

മുലയൂട്ടി, കുഞ്ഞ് മരിച്ചു !

തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശിയായ സുരേഷിനും കവിതയ്ക്കും 2 പെൺകുഞ്ഞുങ്ങളായിരുന്നു. കോഴിക്കോട് മേസ്തിരിപ്പണി ചെയ്താണ് സുരേഷ് കുടുംബം പോറ്റിയിരുന്നത്. 2020 ഫെബ്രുവരി 26ന് മൂന്നാമതും കവിത ഓമനത്തമുള്ള ഒരു പെൺകുഞ്ഞിനു ജൻമം നൽകി. 28ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയ കവിത അമ്മയുടെ അടുത്തേക്കാണ് പോയത്. മാർച്ച് രണ്ടിന് കുഞ്ഞ് മരിച്ചു. കവിത കോഴിയിറച്ചിയും നിലക്കടലയും തിന്നതിനു ശേഷം മുലപ്പാൽ നൽകിയതാണ് കുഞ്ഞിന്റെ മരണ കാരണം എന്നാണ് ഇവർ പ്രചരിപ്പിച്ചത്.

pandiammal-thavamani
ഷോളവന്ദനിൽ നാലു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പാണ്ടിയമ്മാൾ, തവമണി

എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന രഹസ്യവിവരം റവന്യു അധികൃതർക്കു ലഭിച്ചു. പരാതി ലഭിച്ച തഹസിൽദാർ അന്വേഷണത്തിന് വിഇഒ ദേവിയെ ചുമതലപ്പെടുത്തി. ഇവർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. കുഞ്ഞിന്റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാൾ എന്നിവരെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ വ്യാപകമായി കാണപ്പെടുന്ന എരുക്ക് ചെടിയുടെ കറ നൽകിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവർ വെളിപ്പെടുത്തി.

വഴിത്തിരിവായ ഫോൺ കോൾ

പെണ്ണായതിന്റെ പേരിൽ, 30 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മാതാപിതാക്കളും മുത്തച്ഛനും ചേർന്നു കൊലപ്പെടുത്തിയതും ഈ വർഷം മാർച്ചിൽ. മധുരയ്ക്കു സമീപം ഉസലംപെട്ടിയിൽ തൊഴിലാളിയായ എസ്.വൈരമുരുകനും ഭാര്യ സൗമ്യയ്ക്കും 3 വയസ്സുള്ള പെൺകുട്ടിയുണ്ട്. ഒരു മാസം മുൻപു ജനിച്ച കുട്ടിയും പെണ്ണായതിന്റെ പേരിൽ വൈരമുരുകനും മാതാപിതാക്കളും സൗമ്യയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു.

ഒരു മാസം പ്രായമായപ്പോൾ കുഞ്ഞിനെ കാണാതായി. കുട്ടി എവിടെയെന്ന ചോദ്യത്തിനു പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണു കുടുംബം അയൽവാസികൾക്കു നൽകിയിരുന്നത്. ദുരൂഹത ആരോപിച്ച് പൊലീസിനു ലഭിച്ച ഫോൺ കോളാണു സംഭവം പുറത്തുകൊണ്ടുവന്നത്. ഒളിവിലായിരുന്ന പ്രതികളെ പിടികൂടി ചോദ്യം ചെയതപ്പോൾ കുറ്റം സമ്മതിച്ചു. വിഷച്ചെടിയുടെ പാൽ നൽകിയാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. മൃതദേഹം വീട്ടുവളപ്പിൽ തന്നെയാണ് കുഴിച്ചിട്ടിരുന്നത്.

പെൺഭ്രൂണഹത്യകളുടെ പേരിൽ കുപ്രസിദ്ധി നേടിയവയാണ് തമിഴ്നാടിന്റെ തെക്കൻ ജില്ലകൾ. മധുര ഉൾപ്പെടെയുള്ള ജില്ലകളിൽ നേരത്തെ പെൺ ശിശുഹത്യ സ്ഥിരം വാർത്തയായിരുന്നു. ഇതിൽ തന്നെ ഉസലംപെട്ടി ഗ്രാമം പലപ്പോഴായി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. 1990 കളിൽ തമിഴ്നാട്ടിൽ പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഒട്ടേറെ സംഭവങ്ങളുണ്ടായി. തുടർന്ന് വ്യാപകമായ ബോധവൽക്കരണവും ‘തൊട്ടിൽ കുളന്തൈ’ പദ്ധതിയും സർക്കാർ നടപ്പാക്കി. ദരിദ്ര കുടുംബങ്ങളിൽ പെൺകുഞ്ഞ് പിറക്കുന്നത് വലിയ ഭാരമായി കാണുന്നതാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന നിഗമനത്തിലായിരുന്നു ഈ പദ്ധതി.

കേരളത്തിലെ ‘അമ്മത്തൊട്ടിൽ’ മാതൃകയിലുള്ള പദ്ധതിയാണിത്. പെൺകുഞ്ഞുങ്ങൾക്കായി വിവിധ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും സർക്കാർ ഏർപ്പെടുത്തി. ഇതിനുശേഷം ഇത്തരം സംഭവങ്ങൾ വിരളമായിരുന്നു. ശിശുഹത്യയ്‌ക്കെതിരെ അധികൃതർ നിയമ നടപടികൾ കർക്കശമാക്കിയപ്പോൾ കുട്ടികളെ ഉപേക്ഷിച്ചാണ് പലരും ‘ശല്യം’ ഒഴിവാക്കിയത്. മാതാപിതാക്കൾക്കു വേണ്ടാത്ത നൂറുകണക്കിനു പെൺകുഞ്ഞുങ്ങളെയാണ് സർക്കാർ ഇങ്ങനെ ഏറ്റെടുത്തത്. എന്നാൽ, പെൺശിശുഹത്യയെന്നു സംശയിക്കുന്ന ദുരൂഹ മരണങ്ങൾ പലപ്പോഴും സംഭവിക്കാറുണ്ട്. പൊലീസ് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെടുന്ന പെൺ ശിശുഹത്യ റിപ്പോർട്ട് ചെയ്യുന്നതു പലപ്പോഴും വർഷങ്ങൾക്കു ശേഷമാണ്.

ഉത്തരമില്ലാത്ത ദുരൂഹ മരണങ്ങൾ

പൂർണ ആരോഗ്യമുള്ള പെൺകുഞ്ഞുങ്ങളുടെ അകാല മരണം എന്നും ആരോഗ്യ വിദഗ്ധരുടെ ഉറക്കം കെടുത്തിയിരുന്നു. വെല്ലൂരിൽ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് മാസംതോറും റിപ്പോർട്ട് ചെയ്തിരുന്നത്. ഈ മരണങ്ങൾക്കെല്ലാം പൊതുസ്വഭാവവും ഉണ്ടായിരുന്നു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയായിരുന്നു പല മരണങ്ങളും. രാത്രി അമ്മയ്ക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. തിരുവണ്ണാമല ജില്ലയിൽ പെൺശിശുഹത്യയെന്നു സംശയിക്കുന്ന മരണങ്ങൾ മൂന്നുമാസത്തിലൊരിക്കൽ റിപ്പോർട്ട് ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

1980 കളിൽ മധുര കേന്ദ്രീകരിച്ചായിരുന്നു ഇത്തരം കുറ്റകൃത്യങ്ങൾ കൂടുതലായി കണ്ടിരുന്നത്. സാമൂഹ‌ിക പ്രവർത്തകർ വർഷങ്ങളോളം ഉസലംപെട്ടി പോലുള്ള പ്രദേശങ്ങളിൽ തമ്പടിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് പെൺശിശുഹത്യാ നിരക്ക് കുറയ്ക്കാൻ കാരണമായത്. സമീപവർഷങ്ങളിൽ പെൺശിശുഹത്യ ക്രമാതീതമായി വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് തമിഴ്നാട് ചൈൽഡ് റൈറ്റ്സ് വാച്ച് കൺവീനർ ആൻഡ്രു സെസുരാജ് പറയുന്നു. പെൺകുട്ടികൾ അനുഗ്രഹമാണെന്ന ചിന്ത സമൂഹത്തിൽ ഇനിയും വേരോടിയിട്ടില്ലെന്നും സർക്കാർതല പ്രവർത്തനങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നില്ല എന്നതിനു തെളിവാണ് പെൺശിശുഹത്യകളെന്നും മുതിർന്ന അഭിഭാഷക സുധ രാമലിംഗം പ്രതികരിച്ചു.

English Summary: Female foeticide and infanticide make a comeback in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com