ADVERTISEMENT

ന്യൂഡൽഹി ∙ അതിഥി തൊഴിലാളികൾക്കായുള്ള ബസുകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിക്കും യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനുമെതിരെ ഉത്തർപ്രദേശ് സർക്കാർ എഫ്‌ഐആർ ഫയൽ ചെയ്തു. ഓട്ടോകൾ, ഇരുചക്രവാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയുടെ റജിസ്‌ട്രേഷന്‍ നമ്പരുകള്‍ ഉള്‍പ്പെടുത്തി ബസുകളുടെ പട്ടിക അയച്ചുകൊണ്ട് കോൺഗ്രസ് തട്ടിപ്പ് നടത്തിയെന്ന് യുപി സർക്കാർ ആരോപിച്ചു.

യോഗി സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. അതിഥി തൊഴിലാളികളെ സഹായിക്കാന്‍ രാഷ്ട്രീയഭിന്നത മറന്നു പ്രവര്‍ത്തിക്കേണ്ട സമയത്ത് സാധ്യമായ എല്ലാ തടസങ്ങളും സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. നിങ്ങള്‍ വേണമെങ്കില്‍ ബിജെപിയുടെ ബാനര്‍ ബസുകളില്‍ വച്ചുകൊള്ളൂ എങ്കിലും ബസുകള്‍ വേണ്ടെന്നു വയ്ക്കരുത്. രാഷ്ട്രീയത്തിന്റെ പേരില്‍ മൂന്നു ദിവസമാണു പാഴാക്കിയിരിക്കുന്നത്. നിരവധി തൊഴിലാളികള്‍ക്കു ജീവന്‍ നഷ്ടപ്പെടുകയാണെന്നും പ്രിയങ്ക പറഞ്ഞു.

ഔറൈയിലുണ്ടായ അപകടത്തില്‍ 24 തൊഴിലാളികള്‍ മരിക്കുകയും 36 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന്, അതിഥി തൊഴിലാളികള്‍ക്കായി 1,000 ബസുകൾ സർവീസ് നടത്താമെന്ന് പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. രണ്ടു ദിവസം മുന്‍പ് പ്രിയങ്കയുടെ അഭ്യർഥനയ്ക്ക് യുപി സർക്കാർ അനുവാദം നൽകി. ബസുകളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കയ്ക്കു കത്തും നൽകി. ലക്നൗവിൽ ബസുകൾ കൈമാറണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച് മറുപടി കത്തു നൽകി.

പിന്നാലെ 500 ബസുകള്‍ വീതം നോയിഡ, ഗാസിയാബാദ് അതിര്‍ത്തികളിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടു സർക്കാർ മറ്റൊരു കത്തു നല്‍കി. രേഖകള്‍ പരിശോധിച്ച് എത്രയും പെട്ടെന്ന് ബസുകള്‍ ഉപയോഗിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പെര്‍മിറ്റ് എടുക്കാന്‍ സമയം വേണമെന്നും വൈകിട്ട് 5 മണിയോടെ മാത്രമേ ബസുകള്‍ എത്തിക്കാന്‍ കഴിയുകയുള്ളുവെന്നും പ്രിയങ്കയുടെ ഓഫിസ് മറുപടി നല്‍കി.

കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ പറയുന്ന റജിസ്‌ട്രേഷന്‍ നമ്പരുകള്‍ ബസുകളുടേതല്ല, ഓട്ടോയുടെയും ഇരുചക്രവാഹനങ്ങളുടെയും മറ്റുമാണെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാർ ലല്ലു പറഞ്ഞിരുന്നു.

ചിത്രം കുംഭമേളയുടേത്!

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ദീപക് ഭതി ചോട്ടിവാല, പ്രിയങ്ക ഗാന്ധി കുടിയേറ്റക്കാർക്കായി വാഗ്ദാനം ചെയ്ത ബസുകൾക്ക് യോഗി ആദിത്യനാഥ് അനുമതി നൽകുന്നില്ലെന്ന് കാണിച്ച് ട്വിറ്ററിൽ പങ്കുവച്ചത് കുംഭമേളയുടെ ചിത്രം. 2019 ഫെബ്രുവരിയിൽ യുപിയിലെ പ്രയാഗ്‌രാജിൽ നടന്ന കുംഭമേളയിൽ 503 ബസുകൾ നിർത്തിയിട്ടിരിക്കുന്ന ചിത്രമായിരുന്നു അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവച്ചത്. ‘ലജ്ജാകരമാണ്. പ്രിയങ്ക ഗാന്ധി അനുവദിച്ച 1,000 ബസുകൾ ഉത്തർപ്രദേശിൽ നിർത്തിയിട്ടിരിക്കുന്നു. അതിൽ കുടിയേറ്റക്കാർക്ക് വീട്ടിലെത്താം. പക്ഷേ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നൽകുന്നില്ല’– അദ്ദേഹം ട്വീറ്റിനൊപ്പം കുറിച്ചു. എന്നാൽ ചിത്രം കുംഭമേളയുടെതാണ് കാണിച്ച് ട്വിറ്റർ, ഫെയ്സ്ബുക് ഉപയോക്താക്കളും രംഗത്തെത്തിയിരുന്നു.

English Summary: Case Against Priyanka Gandhi Vadra Aide, UP Congress Chief In Bus Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com