sections
MORE

ക്രൂരമായ തമാശ, തരംതാണ രാഷ്ട്രീയത്തിന്റെ ആവശ്യമെന്ത്?: പ്രിയങ്കയ്‌ക്കെതിരെ അദിതി സിങ്

aditi-sing-priyanka-gandhi-new
അദിതി സിങ്, പ്രിയങ്ക ഗാന്ധി
SHARE

ന്യൂഡൽഹി ∙ അതിഥിത്തൊഴിലാളികളുടെ യാത്രയെച്ചൊല്ലിയുള്ള വിവാദത്തിന് എരിവുപകർന്ന് യുപി റായ്ബറേലിയിലെ വിമത കോൺഗ്രസ് എംഎൽഎ അദിതി സിങ്. 1000 ബസുകൾ വാഗ്ദാനം ചെയ്ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനവും തുടർന്നുള്ള നടപടികളും ‘ക്രൂരമായ തമാശ’ എന്നാണ് ഇവർ വിശേഷിപ്പിച്ചത്. നേരത്തെ ഗാന്ധി കുടുംബവുമായി അടുപ്പമുണ്ടായിരുന്ന നേതാവാണ് അദിതി സിങ്.

‘‘ദുരിത കാലത്ത് ഇത്ര തരംതാണ രാഷ്ട്രീയത്തിന്റെ ആവശ്യമെന്താണ്? 1000 ബസുകളുടെ പട്ടിക അയച്ചതിൽ പകുതിയിലധികവും വ്യാജ റജിസ്ട്രേഷനിലുള്ളതാണ്. 297 എണ്ണം കേടായ ബസുകളാണ്. 98 എണ്ണം ഓട്ടോറിക്ഷകളും ആംബുലൻസുമാണ്. 68 വാഹനങ്ങൾക്കു യാതൊരു കടലാസുകളുമില്ല. എന്തു ക്രൂരമായ തമാശയാണിത്? അങ്ങനെ ബസുകളുണ്ടെങ്കിൽ എന്തുകൊണ്ടാണ് അവ രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് അയക്കാതിരുന്നത്?’’– ട്വീറ്റിൽ അദിതി ചോദിച്ചു.

രാജസ്ഥാനിലെ കോട്ടയിൽ ആയിരക്കണക്കിനു കുട്ടികൾ കുടുങ്ങിക്കിടന്നപ്പോൾ ഈ പറയുന്ന ബസുകൾ എവിടെയായിരുന്നു? അപ്പോൾ കോൺഗ്രസ് സർക്കാർ കുട്ടികളെ വീട്ടിലെത്തിക്കാൻ തയാറായില്ല. അതിർത്തിയിൽ കൊണ്ടുവിടാൻ പോലും ഒരുക്കമല്ലായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് രാത്രിയിൽതന്നെ ബസ് എത്തിച്ച് അവരെ തിരികെ കൊണ്ടുപോകാൻ നേതൃത്വം നൽകിയത്. രാജസ്ഥാൻ മുഖ്യമന്ത്രി പോലും ഇതിനെ പ്രശംസിച്ചു– അദിതി കൂട്ടിച്ചേർത്തു.

അതിഥിത്തൊഴിലാളികളുടെ യാത്രയെച്ചൊല്ലി പ്രിയങ്ക ഗാന്ധിയും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാരും തമ്മിലുള്ള രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെയാണ് അദിതിയുടെ വിമർശനം. തൊഴിലാളികളെ കൊണ്ടുപോകാൻ പ്രിയങ്ക ഏർപ്പാടാക്കിയ 1000 ബസുകൾക്കു യാത്രാനുമതി നൽകിയ യുപി സർക്കാർ റജിസ്ട്രേഷൻ നടപടിക്കായി അവ ലക്നൗവിലെത്തിക്കാൻ ആവശ്യപ്പെട്ടു. ഡൽഹി അതിർത്തിയിലുള്ള ബസുകൾ ലക്നൗവിലേക്കു കാലിയായി എത്തിക്കാൻ ആവശ്യപ്പെടുന്നതു മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്ന് യുപി അഡീഷനൽ ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ പ്രിയങ്ക പറഞ്ഞു.

തൊഴിലാളികളെ ആത്മാർഥമായി സഹായിക്കാൻ യോഗി ആദിത്യനാഥിന് താൽപര്യമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. തുടർന്നു നിലപാടു മാറ്റിയ സർക്കാർ ഡൽഹി – യുപി അതിർത്തിയിലുള്ള നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലേക്ക് 500 ബസുകൾ വീതം എത്തിക്കാൻ ആവശ്യപ്പെട്ടു. ബസുകൾ വൈകിട്ട് അഞ്ചു മണിയോടെ എത്തിക്കാമെന്നു പ്രിയങ്കയുടെ ഓഫിസ് മറുപടി നൽകി. ബസുകളുടേതെന്ന പേരിൽ കൈമാറിയ റജിസ്ട്രേഷൻ നമ്പറുകളിൽ ബൈക്കുകളും ഓട്ടോയും ചരക്കു വാഹനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസിന്റെ തൊഴിലാളി സ്നേഹം തട്ടിപ്പാണെന്നും പിന്നാലെ യുപി മന്ത്രി സിദ്ധാർഥ് നാഥ് സിങ് ആരോപിച്ചു.

അതിർത്തിയിലെത്തിച്ച ബസുകൾ യുപി സർക്കാരിനു നേരിട്ടു പരിശോധിച്ചു ബോധ്യപ്പെടാമെന്നു കോൺഗ്രസ് തിരിച്ചടിച്ചു. വാഹനങ്ങളുടെ നമ്പർ തെറ്റായി രേഖപ്പെടുത്തി യുപി സർക്കാർ ജനങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് അജയ് കുമാർ ലല്ലു പറഞ്ഞു. ഇതിനു പിന്നാലെ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ഒരുപിടി വിഡിയോകൾ കോൺഗ്രസ് പുറത്തുവിട്ടു. ദുരിതങ്ങൾക്കു കാരണം ബിജെപിയാണെന്നും കോൺഗ്രസാണു തങ്ങളെ രക്ഷിച്ചതെന്നും തൊഴിലാളികൾ പറയുന്നതാണു വിഡിയോയിലുള്ളത്.

English Summary: Congress MLA Aditi Singh hits out at Priyanka Gandhi on bus row, praises Yogi Adityanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA