ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഇന്നു വൈകിട്ട് ആറിന് പുറപ്പെടുന്ന പ്രത്യേക ട്രെയിനിൽ വിദ്യാർഥികൾക്കു ടിക്കറ്റ് എടുത്തു നൽകാൻ കോൺഗ്രസ്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ആഹ്വാന പ്രകാരമാണു തീരുമാനമെന്നു ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) പ്രസിഡന്റ് ചൗധരി അനിൽകുമാർ പറഞ്ഞു. രാജ്യ തലസ്ഥാനത്തു നിന്ന് കേരളത്തിലേക്കു യാത്ര തിരിക്കുന്ന മുന്നൂറിലേറെ വിദ്യാർഥികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ടിക്കറ്റിനുള്ള പണത്തിനു പുറമെ വിദ്യാർഥികൾക്കുള്ള ഭക്ഷണവും വെള്ളവും ഡിപിസിസി നൽകും. ഡൽഹിയിൽ ഒറ്റപ്പെട്ട വിദ്യാർഥികളെ സഹായിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നിർദേശപ്രകാരം കഴിഞ്ഞയാഴ്ച കെ.എൻ.ജയരാജ്, കെ.പി.വിനോദ്കുമാർ എന്നിവരെ കോഓർഡിനേറ്റർമാരാക്കി ഹെൽപ് ഡെസ്ക് രൂപീകരിച്ചിരുന്നു. എൻഎസ്‍യു ഭാരവാഹികളും വിദ്യാർഥികളുടെ കേരള യാത്രയ്ക്കു സഹായമൊരുക്കി.

ഡൽഹിയിലെ വിവിധ കോളജുകളിലും സർവകലാശാലകളിലും പഠിക്കുന്നവരാണ് ഇവിടെ കുടുങ്ങിയത്. കോവിഡ് ലോക്ഡൗൺ കാരണം പലർക്കും ഹോസ്റ്റൽ മുറികൾ ഒഴിയേണ്ടതായി വന്നു. താമസിക്കാനുള്ള സ്ഥലം നഷ്ടപ്പെടുകയും ഭക്ഷണത്തിനും മറ്റും കയ്യിൽ പണമില്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചത്. കേന്ദ്രത്തിലെ മോദി സർക്കാരും ഡൽഹിയിലെ കേജ്‍രിവാൾ സർക്കാരും കയ്യൊഴിഞ്ഞ അതിഥി തൊഴിലാളികൾക്കു നാട്ടിലെത്താനുള്ള സഹായവും കോൺഗ്രസ് ചെയ്തിരുന്നതായി അനിൽകുമാർ വ്യക്തമാക്കി.

കേരളത്തിലേക്കുള്ള പ്രത്യേക നോൺ എസി ട്രെയിനിൽ 1304 പേരുടെ പട്ടികയാണ് തയാറാക്കിയത്. 971 പേർ ഡൽഹിയിൽ നിന്നും 333 പേർ യുപി, ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമാണ്. 12 സ്ക്രീനിങ് സെന്ററുകളാണ് ജില്ലാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഇവരെ ഡൽഹി സർക്കാർ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അതത് സർക്കാരുകളുടെ നിർദേശം പാലിച്ച് എക്സിറ്റ് പാസുമായി കാനിങ് റോഡിലുള്ള കേരള സ്കൂളിൽ സ്ക്രീനിങ്ങിന് എത്തണം.

ശേഷം ഇവർ വന്ന വാഹനത്തിൽ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തണം. ഏതെങ്കിലും സാഹചര്യത്താൽ ഓൺലൈനായി പണം അടയ്ക്കാൻ കഴിയാത്തവർക്ക് സ്ക്രീനിങ്ങിന് ഹാജരാകുന്ന സെന്ററിൽ നേരിട്ടും പണം അടയ്ക്കാം. 975 രൂപയാണ് അടയ്ക്കേണ്ടത്. കേരള സ്കൂളിൽ എത്തുന്നവർക്ക് അന്നേ ദിവസത്തെ ഭക്ഷണം ഡൽഹിയിലെ മലയാളി സംഘടനകളും അതതു ജില്ലകളിലെ സ്ക്രീനിങ് സെന്ററുകളിൽ എത്തുന്നവർക്ക് ഡൽഹി സർക്കാരും ക്രമീകരിക്കും. രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും സാനിറ്റൈസർ, മാസ്ക് തുടങ്ങിയവയും യാത്രക്കാർ കരുതണം. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണമെന്നും റെയിൽവേ അറിയിച്ചു.

English Summary: Delhi Congress sponsors the tickets of 300 stranded Kerala students to travel from Delhi to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com